സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നു എന്നാണ് പ്രസിഡൻ്റ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കടയുടെ പരാതി. വ്യാപകമായി ഇലക്ഷൻ തിരിച്ചറിയൽ കാർഡുകൾ ശേഖരിക്കുകയാണ്. അതിനുശേഷം ഇതുപയോഗിച്ച് കർണാടകയിലെയും തമിഴ്നാട്ടിലെയും കോളേജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നു എന്നാണ് ദേശീയ നേതൃത്വത്തിന് നൽകിയ പരാതി. സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇതിന് നേതൃത്വം നൽകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരുമാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ചേർക്കലും സംഘടനാ തെരഞ്ഞെടുപ്പുമാണ് യൂത്ത് കോൺഗ്രസിൽ പുരോഗമിക്കുന്നത്. വോട്ട് ചെയ്യുന്നതിനോടൊപ്പം താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോയും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമാണ്. ഇത്തരം വീഡിയോകൾ വ്യാജമായി നിർമ്മിക്കുന്നു എന്നാണ് പ്രധാന പരാതി. യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലാവുരു , യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസ് എന്നിവർക്കാണ് അനീഷ് കാട്ടാക്കട പരാതി നൽകിയത്. എന്നാൽ സംബന്ധിച്ച പ്രധാന ഗ്രൂപ്പുകൾ പ്രതികരിച്ചിട്ടില്ല. ഈ മാസം 28 വരെയാണ് യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ്.