നികുതി കൃത്യമായി അടച്ചു’; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം

ന‌ടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നി‍ർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസർക്കാർ അം​ഗീകാരം നൽകിയത്.സർട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിലായത്ത് ബുദ്ധ’, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്ന പൃഥ്വിരാജ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തു‌ടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സിന്റേതാണ് സർട്ടിഫിക്കറ്റ്. 2019 മുതലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്റെ നിർമ്മാണ സംരംഭത്തിന് തു‌ടക്കം കുറിച്ചത്. ‘9’ ആയിരുന്നു ആദ്യ ചിത്രം. തുട‍ർന്ന് ‘ഡ്രൈവിങ് ലൈസൻസ്’, ‘കടുവ’, ‘കുരുതി’, ‘ജനഗണമന’, ‘ഗോൾഡ്’ എന്നിങ്ങനെ ആറ് സിനിമകൾ ഒരുക്കി.

വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സജീവമാണ്. ‘പേട്ട’, ‘ബിഗിൽ’, ‘മാസ്റ്റർ’, ‘ഡോക്ടർ’, ’83’, ‘കെ ജി എഫ്: ചാപ്റ്റർ 2’, ‘777 ചാർളി’, ‘കന്താര’ തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ചതും ഇതേ നിർമ്മാണ കമ്പനിയാണ്.