കുട്ടനാട്ടിലും അവധി
കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നത്തേക്ക് അവധി പ്രഖ്യാപിച്ച് നേരത്തെ തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിലും കുട്ടനാട് താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
ഇന്ന് (11/07/2023, ചൊവ്വാഴ്ച) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ടൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചാണ് ഉത്തരവ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത നാല് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം 14 ാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.