ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ചത്.കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസഫാക്ക് രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുതെന്ന് മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. ആലുവയിൽ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ സാധിക്കാത്തത്. കേരളം കരയുന്നു. ഭാവിയിൽ ഇനി ഇത് മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കർശന നിലപാടിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാർ ലേബർ ഓഫിസിൽ നിന്ന് ലൈസൻസ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പിൽ അതിഥി തൊഴിലാളിയുടെ മുഴുവൻ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ക്യാമ്പുകളിൽ ലേബർ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും ഐഡി കാർഡുകൾ പരിശോധിക്കും. പൊലീസിൻ്റെ കൂടി സഹായം തേടും. നിയമനിർമാണം കൊണ്ടു വരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിൽ എത്തുന്നത് തടയുന്ന തരത്തിൽ നിയമനിർമാണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.