*ലോറികളില്‍ ഇനി എസി നിര്‍ബന്ധം, കേന്ദ്ര വിജ്ഞാപനം റെഡി*

ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗഡ്‍കരി ട്വീറ്റിൽ പറഞ്ഞു. 

ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. നിലവിൽ വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് പുറത്തിറങ്ങുന്നത്. കണക്കുകൾ പ്രകാരം, ട്രക്കുകളിൽ എസി ക്യാബിനുകൾ സ്ഥാപിക്കുന്നതിന് ഒരു ട്രക്കിന് 10,000 രൂപ മുതൽ 20,000 രൂപ വരെ അധികച്ചെലവ് വരും.