വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന ബിനു. വിജയകുമാര്‍ മതില്‍ ചാടി കടന്ന് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിജയകുമാര്‍ മതില്‍ ചാടിയെത്തി ജനലിലൂടെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും അര്‍ത്തന വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.തന്റെ പിതാവായ വിജയകുമാറും അമ്മയും പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയും 85 വയസുള്ള അമ്മൂമ്മയും സഹോദരിയും താനുമാണ് വീട്ടിലുള്ളത്. വിജയകുമാര്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ നല്‍കിയ പരാതികളില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്നും അര്‍ത്തന കുറിച്ചു.

;ഇന്ന് രാവിലെയോടെ അയാള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. വാതില്‍ അടഞ്ഞിരുന്നതിനാല്‍ ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും അമ്മൂമ്മയെയും ഭീഷണിപ്പെടുത്തിയതോടെ അയാളോട് സംസാരിക്കാന്‍ തീരുമാനിച്ചു. പക്ഷേ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ എന്നെ നശിപ്പിച്ചുകളയുമെന്നാണ് അയാളുടെ ഭീഷണി. ജനലില്‍ പിടിച്ച് തൂങ്ങിക്കൊണ്ടാണ് അയാള്‍ ആക്രോശിച്ചത്. ജീവിക്കാന്‍ വേണ്ടി എന്നെ അമ്മൂമ്മ വില്‍ക്കുകയാണെന്നാണ് അയാള്‍ ആരോപിക്കുന്നത്’. അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുന്‍പ്, താന്‍ വിജയകുമാറിന്റെ മകളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാട്ടി മാധ്യമവാര്‍ത്തകള്‍ക്കെതിരെ അര്‍ത്തന രംഗത്തുവന്നിരുന്നു.