രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ തിരുവനന്തപുരം എയർപോർട്ടിൽ വെച്ച്പിടികൂടി

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് കേരള പൊലീസിന്റെ പിടിയില്‍. പിടിയിലായത് തെലങ്കാന സ്വദേശി സംപതി ഉമാ പ്രസാദ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാഡോ പൊലീസ് ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തെ മൂന്ന് മോഷണ കേസുകളില്‍ ഉമാ പ്രസാദ് പ്രതിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നായിരുന്നു മോഷണം. തെലുങ്കാനയിലെ പൊലീസ് സ്റ്റേഷനിലെ പാർട്ട്ടൈം ജീവനക്കാരനായ ഉമാ പ്രസാദിനെ ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. മോഷം നടത്തിയ ശേഷം തെളിവുകള്‍ ബാക്കിവയ്ക്കാതെ വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് പ്രതിയുടെ രീതിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

തലസ്ഥാനത്ത് പേട്ടയിലെ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആന്ധ്രയിലടക്കം പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉമാപ്രസാദ് പിടിയിലായത്. പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ഓട്ടോ തൊഴിലാളികള്‍ പാരിതോഷികം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.