രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങി ബന്ധു വീട്ടിലെത്തി ;
ഉച്ചയൂണിന് ശേഷം സെൽഫിയെടുക്കാൻ പുഴയിലേക്ക് ;
അപകടമേഖലയിൽ പതിയിരുന്നത് കാലവർഷത്തെ
തുടർന്നുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ മരണക്കയം;
നവദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അൻസിലും വീണു;
ഫോട്ടോയെടുക്കുന്നതിനിടെ കല്ലമ്പലം പള്ളിക്കൽ പുഴയിൽവീണ്
കടയ്ക്കൽ കുമ്മിൾ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ് പുഴയിൽവീണ് അപകടത്തിൽപെട്ടത്.
കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു അൻസിൽ ഖാനും (19) ഒഴുക്കിൽപെട്ട്
മരിച്ചിരുന്നു. അൻസിലിന്റെ മൃതദേഹം രാത്രിയിൽ തന്നെ കണ്ടെത്തിയിരുന്നു.
ശനി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കല്യാണം കഴിഞ്ഞ് അൻസിലിന്റെ
വീട്ടിൽ വിരുന്നെത്തിയതായിരുന്നു സിദ്ദീഖും നൗഫിയയും. അൻസിലിനെയുംകൂട്ടി
പുഴ കാണാൻ പോയതായിരുന്നു ഇരുവരും. പാറപ്പുറത്തുകയറി ഫോട്ടോ
എടുക്കുന്നതിനിടയിൽ സിദ്ദിഖും നൗഫിയയും വെള്ളത്തിൽ വീഴുകയായിരുന്നു. അൻസിൽ
ഇവരെ രക്ഷിക്കാൻ വെള്ളത്തിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. 5.30 ഓടെ ഈ
ഭാഗത്ത് മീൻപിടിക്കാനെത്തിയ പ്രദേശവാസി ചെരുപ്പുകളും രണ്ട് ബൈക്കും കണ്ടു.
സംശയം തോന്നിയ ഇയാൾ നാട്ടുകാരേയും പൊലീസിനെയും വിവരമറിയിച്ച് തെരച്ചിൽ
നടത്തുകയായിരുന്നു.
പള്ളിക്കൽ പൊലീസും അഗ്‌നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് രാത്രി
വൈകിയും തെരച്ചിൽ തുടർന്നെങ്കിലും വെളിച്ചക്കുറവ് പ്രതികൂലമായി. കാലവർഷം
കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാൽ രാത്രിയിലെ
തിരച്ചിൽ ദുഷ്‌കരമായിരുന്നു. അതീവ അപകട മേഖലയാണ് ഇത്. സാഹസിക സെൽഫിക്ക്
ശ്രമിച്ചതാകാം ദമ്പതികൾ അപകടത്തിൽ പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
അപകടമുണ്ടായ താഴെ ഭാഗം കടവ് പതിവ് അപകട മേഖലയാണ്. ഇവിടത്തെ കയത്തിൽ നിരവധി
ജീവൻ പൊലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിനുലാബുദ്ദീൻ ഹസീന
ദമ്പതികളുടെ മകനാണ് അൻസിൽ. ജൂലൈ 16 ന് ആയിരുന്നു സിദിഖിന്റെയും
നൗഫിയയുടെയും വിവാഹം. കുമ്മിൾ ചേനാമുകളിൽ പുത്തൻവീട്ടിൽ ഹയറുന്നീസയുടേയും
മർഹൂം ഇസഹാഖിന്റെ മകനാണ് സിദ്ദിഖ്. കാരാളിക്കോണം അർക്കന്നൂർ കാവതിയോട്
പച്ചയിൽ നൗഷാദിന്റെയും നസീമയുടേയും മകളാണ് നൗഫിയ.
ഇരുവരും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ
വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തിൽ നിന്നു വിവാഹം
രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികൾ ഇന്നലെ
ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്. ഉച്ചയൂണിനു ശേഷം ഇവർ രണ്ട് ബൈക്കുകളിലായി
പള്ളിക്കൽ പുഴയോരത്ത് എത്തി.
തുടർന്ന് അവിടെ സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും
ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ വല വീശാനെത്തിയ
പള്ളിക്കൽ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടൻ നാട്ടുകാരെയും പൊലീസിനെയും
വിവരമറിയിച്ചു. ഇതിനിടെ മകനെയും വിരുന്നിനുവന്ന നവദമ്പതികളെയും
കാണാതായതോടെ അൻസൽഖാന്റെ മാതാപിതാക്കളും സ്ഥലത്തെത്തി.
തുടർന്ന് പൊലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ദ്ധരും നടത്തിയ പരിശോധനയിലാണ്
അൻസൽഖാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നുരാവിലെ തിരച്ചിൽ
പുനഃരാരംഭിച്ചപ്പോഴാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും മൃതദേഹങ്ങൾ
കണ്ടെത്തിയത്.