കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. വാമദേവന്റെ ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലാക്കുന്നത്. ഉടൻ ആശുപത്രിയിൽ തിരിച്ചെത്തിച്ച് ശരിക്കുള്ള മൃതദേഹവുമായി മടങ്ങി. ആശുപത്രി ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടു നൽകിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാൽ വെന്റിലേറ്ററിൽ ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന വാമദേവന്റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് സൂചന. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് സ്റ്റാഫ് നഴ്സുമാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. രഞ്ജിനി, ഉമ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.