മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്; നേരിയ ഭൂചലനത്തിൽ ആശങ്കവേണ്ടെന്ന് കളക്ടർ വി ആർ കൃഷ്ണതേജ

തൃശ്ശൂരിൽ നേരിയ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സീസ്മോളജി സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതിപരത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.ജില്ലയില്‍ മ‍ഴ കനത്ത സാഹചാര്യത്തില്‍ ബുധനാ‍ഴ്ച അവധി പ്രഖ്യാപിക്കുമ്പോ‍ഴാണ് തൃശൂര്‍ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ കുട്ടികളെ ഉപദേശിച്ച് രംഗത്തെത്തിയത്. അവധിയാണെന്ന് കരുതി കുട്ടികളാരും തന്നെ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുതെന്നും പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു.അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കൃഷ്ണതേജ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തൃശൂരിന് പുറമെ എറണാകുളം, കോട്ടയം, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയില്‍ പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.