വർക്കല: നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളി പിടിയിൽ. ഫാൻ്റം പൈലി എന്ന ഷാജിയാണ് പിടിയിലായത്. കഴിഞ്ഞയാഴ്‌ചയാണ് ഇയാൾ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കാപ്പ കേസടക്കം നിരവധി കേസുകളിൽ ഷാജി ജയിലിലായിരുന്നു. വർക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വർക്കലയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ തൗഫീഖ് എന്ന യുവാവിനെയാണ് ഇയാൾ വെട്ടിയത്. തൗഫീഖിന് വലതുകൈയിൽ വെട്ടേൽക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വർക്കല പൊലീസാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19നാണ് ജയിലിൽ നിന്നുമിറങ്ങിയത്. ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് പറഞ്ഞു.