കാലുകൾ നിലത്ത്; ചെരുപ്പ് ബിജുവിൻ്റേതല്ലെന്ന് ബന്ധുക്കൾ

കൊല്ലം∙ കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ചെക്കിങ് ഇന്‍സ്പെക്ടര്‍ കൊട്ടാരക്കര വിലങ്ങറ ഉഷാമന്ദിരത്തില്‍ ബിജുകുമാർ ഒരാഴ്ച മുന്‍പാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബവീടിന് സമീപം ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നാണ് പരാതി.

കഴിഞ്ഞ 25ന് രാവിലെയാണ് ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാലുകള്‍ തറയില്‍ തൊട്ടുനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിനു സമീപത്തു നിന്നു ലഭിച്ച പാദരക്ഷകള്‍ ബിജുവിന്റേത് അല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ബാങ്ക് വായ്പയായി ബിജുവിന് 11 ലക്ഷം രൂപ ലഭിച്ചിരുന്നു. പണം തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണോയെന്നാണ് സംശയമെന്ന് ബിജുവിന്റെ ഭാര്യ സുമാദേവിയും മറ്റു ബന്ധുക്കളും പറയുന്നു.

സംഭവത്തിൽ കൊല്ലം റൂറല്‍ എസ്പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് ആക്ഷേപം. കോട്ടയം ഡിപ്പോയിലെ ജീവനക്കാരനായിരുന്നു ബിജുകുമാർ