തിരുവനന്തപുരം: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കൽ സെന്‍റ് തോമസ് സ്‌കൂളിൽ ലോകകപ്പിന് ആവേശ സ്വീകരണം നൽകി. സെന്‍റ് തോമസ് സ്‌കൂളിൽ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകകപ്പ് ട്രോഫി നേരില്‍ക്കണ്ടു. വലിയ ആഘോഷ പരിപാടികളോടെയാണ് തിരുവനന്തപുരം ട്രോഫി ടൂറിനെ വലവേറ്റത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.