കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം.

കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം.

ബാധിച്ചാൽ ചികിത്സയില്ല.

മരണനിരക്ക് 
90 % ന് മേൽ.

വവ്വാൽ കടിച്ച പഴങ്ങൾ തിന്നാതിരിക്കുക.

വവ്വാലുകളുടെ ആവാസ മേഖലകൾ പോകാതിരിക്കുക. 

 

കേരളം ഉൾപ്പടെ രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേരളം തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്.

തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലും സർവ്വേ നടത്തിയിരുന്നു. നേരത്തേ അസമിലെ ധുബ്രി ജില്ലയിലുടനീളമുള്ള പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഐ സി എം ആർ കണ്ടെത്തിയിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും നിപ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

2001 ലായിരുന്നു ആദ്യമായി രാജ്യത്ത് നിപ വൈറസ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു കേസുകൾ റിപ്പോർട്ട് ചെയ്തത്. 66 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതിൽ 45 പേരും മരണപ്പെട്ടിരുന്നു.

രണ്ടാമത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത് കേരളത്തിലായിരുന്നു. 2018 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ ഭാഗത്തായിരുന്നു രോഗം സ്ഥിരീകരിച്ചത്. 18 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതിൽ 16 പേർ മരണപ്പെട്ടിരുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍.

ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.

സാമൂഹിക അകലം പാലിക്കുക.

ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത്നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.