സിനിമാ–സീരിയല്‍ നടനും വെഞ്ഞാറമൂട്ടിൽ സ്ഥിരം താമസിക്കാരനുമായ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം കൊടുത്ത് സഹായിച്ചിരുന്നു എന്ന് മനോജ് പറയുന്നു. മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടർന്ന് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു. മമ്മൂട്ടി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങുകയായിരുന്നുവെന്ന് മനോജ് പറയുന്നു. മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ ഭാഗ്യമാണെന്നും മനോജ് പറയുന്നു.