ഡല‍്ഹി സ്വദേശിയായ ഷറാഫത് ഹുസൈന്‍ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്. ബാഗ് മോട്ടോര്‍ സൈക്കിളില്‍ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങന്‍ ബാഗ് അടിച്ച് മാറ്റിയത്. പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ബാഗുകളില്‍ കുരങ്ങന്‍ തപ്പി നടക്കുന്നതും ഷറാഫതിന്‍റെ ബാഗ് എടുത്തുകൊണ്ട് പോവുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാഗ് കാണാതായെന്ന് ഉടമ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കുരങ്ങനെ കാണാതായിരുന്നു. പിന്നാലെ വിവരമറിഞ്ഞ് ആളുകള്‍ തിരച്ചില്‍ തുടങ്ങിയപ്പോള്‍ ലക്ഷാധിപതിയായ വിവരം അറിയാതെ മരത്തില്‍ വിശ്രമിക്കുകയായിരുന്നു കുരങ്ങന്‍.
ആളുകള്‍ കുരങ്ങനില്‍ നിന്ന് ബാഗ് തിരികെ എടുക്കാന്‍ പല ഐഡിയകള്‍ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈന്‍ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു. ഷഹാബാദിലും പരിസരത്തും കുരങ്ങ് ശല്യം രൂക്ഷമാവുന്നതിനക്കുറിച്ച് പരാതി വ്യാപകമാവുന്നതിനിടെയാണ് ഈ സംഭവം. കുരങ്ങ് ശല്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഹബാദ് ഡെപ്യൂട്ടി കളക്ടര്‍ അനില്‍ കുമാര്‍ പ്രതികരിച്ചു.