മീററ്റ്: മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാനും മകനും കാറപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മീററ്റില്‍ രാത്രി പത്ത് മണിക്കാണ് സംഭവം. മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2007ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയതിന് പിന്നാലെ നാട്ടിലേക്ക് വന്ന പ്രവീണ്‍ കുമാറിന് നാട്ടുകാര്‍ നല്‍കിയ ഗംഭീര സ്വീകരണത്തിനിടെ, തുറന്ന ജീപ്പില്‍ നിന്ന് ക്രിക്കറ്റ് താരം താഴെ വീഴുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത്. നിലവില്‍ വിശ്രമത്തിലാണ് പന്ത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിഷഭിന്റെ ചികില്‍സ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് പുരോഗമിക്കുന്നത്.എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ 2024ല്‍ അടക്കം റിഷഭിന് വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടില്‍ റിഷഭ് ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭിന് കളിക്കാനാകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. വരുന്ന ഐപിഎല്‍ സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു വിക്കറ്റ് കീപ്പറെ തേടേണ്ടിവരുമോ എന്ന ആശങ്കയുണ്ട്. റിഷഭിന് പകരം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനാക്കി എങ്കിലും വിക്കറ്റ് കീപ്പറായി അവസാന നിമിഷം അഭിഷേക് പോരെലിനെ കഴിഞ്ഞ സീസണില്‍ എത്തിക്കുകയാണ് ഫ്രാഞ്ചൈസി ചെയ്തത്. സര്‍ഫറാസ് ഖാനെ പരീക്ഷിച്ചെങ്കിലും പരാജയമായി. അവസാനം ഫില്‍ സാള്‍ട്ടിനെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏല്‍പിച്ചെങ്കിലും അത് ടീമിലെ വിദേശ താരങ്ങളുടെ കോംപിനേഷനെ ബാധിച്ചു. 2024 സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ റിഷഭ് പന്തിന് പകരമൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കാനിടയുണ്ട്. ഇതിനൊപ്പം ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാറ്റമുണ്ടാകും.