അനന്തപുരി എഫ്.എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം സ്റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ എഫ്.എം സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.