ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം പ്രസിഡന്‍റുമായ ശ്രീമത് സദ്രൂപാനന്ദ സ്വാമികള്‍ ജൂലൈ12 ന് പുലര്‍ച്ചെ 1.50 ന് സമാധി പ്രാപിച്ചു. സമാധിയിരുത്തല്‍ ചടങ്ങുകള്‍ ജൂലൈ 13 ന് രാവിലെ പത്തിന് കാഞ്ചീപുരം സേവാശ്രമത്തില്‍ നടക്കും. സേവാശ്രമം മഠാധിപധിമാരായിരുന്ന ഗോവിന്ദാനന്ദ സ്വാമികള്‍, ആത്മാനന്ദ സ്വാമികള്‍, ചിദ്രൂപാനന്ദ സ്വാമികള്‍ എന്നിവരുടെ സമാധിസ്ഥാനങ്ങള്‍ക്ക് സമീപമാണ് സമാധിയിരുത്തല്‍.
1962 ല്‍ ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല ചാരമംഗലത്ത് കരുണാകരന്‍ - ചെല്ലമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു സ്വാമിയുടെ ജനനം. പൂര്‍വ്വാശ്രമത്തില്‍ ചന്ദ്രന്‍ എന്നായിരുന്നു പേര്. 1977 ല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ശിവഗിരിയിലെത്തി. ബ്രഹ്മാനന്ദ സ്വാമികള്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരിക്കുമ്പോള്‍ ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ബ്രഹ്മവിദ്യാപഠന ത്തിനുശേഷം 1985 ല്‍ അന്ന് പ്രസിഡന്‍റായിരുന്ന ശാശ്വതീകാനന്ദ സ്വാമിയില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യപരമ്പരയിലെ കണ്ണിയായി. അതോടെ ചന്ദ്രന്‍ പുതിയ ദീക്ഷാനാമം സ്വീകരിച്ച് സ്വാമി സദ്രൂപാനന്ദയായി മാറി. നാലു പതിറ്റാണ്ടിലേറെക്കാലമായി ഗുരുസേവ തുടരുന്ന സ്വാമി ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ സംരക്ഷണാചാര്യനായി കുറേക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ചീപുരം ശ്രീനാരായണസേവാശ്രമത്തില്‍ മൂന്നര ദശാബ്ദങ്ങളായി നിസ്തുല സേവനമനുഷ്ഠിച്ചു വരുന്ന സ്വാമി ഗുരുദേവദര്‍ശന പ്രചരണരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. കാഞ്ചീപുരം സേവാശ്രമത്തിന്‍റെ സര്‍വ്വതോന്‍മുഖമായ വികസന കാര്യങ്ങളില്‍ വിശ്രമരഹിതമായി സേവനം സമര്‍പ്പിച്ചു വരവേയാണ് ആകസ്മികമായി സമാധി പ്രാപിച്ചത്. കാഞ്ചീപുരം ആശ്രമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദാശുപത്രിയുടേയും ഫാര്‍മസിയുടേയും മരുന്നുല്‍പ്പാദന കേന്ദ്രത്തിന്‍റേയും ഔഷധത്തോട്ടത്തിന്‍റേയും നൂറ്ശതമാനം വിജയം തുടര്‍ച്ചയായി നേടുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഉള്ള ശ്രീനാരായണഗുരു മെട്രിക്കുലേഷന്‍ സ്കൂളിന്‍റേയും ഇപ്പോള്‍ കാണുന്ന സമഗ്രവികസനം സ്വാമിയുടെ ശ്രമഫലമാണ്. സൗമ്യതയായിരുന്നു സ്വാമിയുടെ പ്രധാനലക്ഷണം.
ചെന്നൈ എസ്.ആര്‍.എം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സ്വാമിജിയെ പ്രവേശിപ്പിച്ചിരുന്നത്. അടുത്തയാഴ്ച ബൈപ്പാസ് സര്‍ജറി നടത്താനിരിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ബോര്‍ഡംഗമായി തുടരുന്ന സ്വാമിയുടെ സമാധി വാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ ശിവഗിരി മഠത്തില്‍ നിന്നും ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ബോര്‍ഡ് അംഗം സ്വാമി ഗുരുപ്രസാദ്, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റിന്‍റെ ഓഫീസ് ചുമതലയുള്ള സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി മഹാദേവാനന്ദ, സ്വാമി പത്മാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ എന്നിവര്‍ കാഞ്ചീപുരം ആശ്രമത്തിലേക്ക് പുറപ്പെട്ടു.
ജൂലൈ 13 ന് നടക്കുന്ന സമാധിയിരുത്തല്‍ ചടങ്ങുകള്‍ക്ക് ശിവഗിരിയില്‍ നിന്നെത്തിയ സംന്യാസി ശ്രേഷ്ഠരും കാഞ്ചീപരം ആശ്രമത്തിലെ സുഗുണാനന്ദ സ്വാമിയും യോഗാനന്ദ സ്വാമിയും കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടക്കും.
സ്വാമിയുടെ സമാധിയെത്തുടര്‍ന്ന് ശിവഗിരി മഠത്തില്‍ നടന്നുവരുന്ന ഹ്രസ്വകാല ഗുരുദേവ പഠനകോഴ്സിന് ഇന്ന് അവധി നല്‍കി.
സദ്രൂപാനന്ദ സ്വാമിയുടെ സമാധിയെത്തുടര്‍ന്ന് ശിവഗിരി ശാരദാമഠത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.