ഉമ്മന്‍ചാണ്ടിക്ക് വിടനല്‍കാന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തി; സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തും

രാഷ്ട്രീയ കേരളത്തിലെ അതികായന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി പതിനൊന്ന് മണിയോടെ കോട്ടയത്തെത്തും.ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ. വൈകിട്ട് മൂന്നരയോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കും