*രാജ്യത്തെ കോടീശ്വരൻമാരായ എംഎൽഎമാരുടെ പട്ടിക പുറത്തുവന്നു*

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ധനികരായ എംഎൽഎമാരുടെ കണക്കുകളടങ്ങുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെയും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചിന്റെയും റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്ത് ഏറ്റവും ധനികനായ എംഎൽഎ ആയി റിപ്പോർട്ട് പറയുന്നത് കർണാടക ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിനെയാണ്. ശിവകുമാറിന് 1413 കോടി രൂപയുടെ ആസ്തിയുണ്ട്. 1267 കോടി രൂപയുടെ ആസ്തിയുള്ള കെ.എച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിൽ.

കേരളത്തിൽ ഏറ്റവും കൂടുതൽ ധനികനായ എംഎഎൽമാരിൽ ഒന്നാം സ്ഥാനം നിലമ്പൂർ എംഎൽഎ പി.വി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും. 149-ാം സ്ഥാനത്തുള്ള പി.വി അൻവറിന് റിപ്പോർട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്. 295-ാം സ്ഥാനത്തുള്ള മാത്യു കുഴൽനാടന് 34.77 കോടിയുടെ സ്വത്തും. പാലാ എംഎൽഎ മാണി സി കാപ്പൻ, പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ, പിറവം എംഎൽഎ അനൂപ് ജേക്കബ്, താനൂർ എംഎൽഎ വി അബ്ദുറഹിമാൻ, മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിൻ, കൊല്ലം എംഎൽഎ മുകേഷ് എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യമുള്ള കേരളത്തിലെ എംഎഎമാർ.

അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.