ലീനയുടെ ഭർത്താവിന്റെ പേരിലുള്ള ആഡംബര വസതി അടക്കമുള്ള സ്വത്തുക്കൾ
കയ്യടക്കാനുള്ള സഹോദരങ്ങളുടെ ആർത്തി കലാശിച്ചത് കൊലപാതകത്തിൽ ;
ലീനയെ തറയിലിട്ട് ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതച്ചു ;
എല്ലാത്തിനും സാക്ഷിയായി ജോലിക്കാരി.
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന്
കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നാലാം പ്രതിയും മുഖ്യപ്രതിയുടെ
ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി,
മുഹ്സിൻ എന്നിവർ ഒളിവിലാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്.
അയിരൂർ സ്വദേശി ലീനാമണിയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ച്
കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി
പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോൾ രഹീനയും അവിടെയുണ്ടായിരുന്നു.
മറ്റ് മൂന്നു പേർക്കുള്ള തിരച്ചിൽ പൊലീസ് ഊർജിമാക്കിയിരിക്കുകയാണ്.
ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.
ഒന്നര വർഷം മുൻപാണ് ലീനയുടെ ഭർത്താവ് എം.എസ്. ഷാൻ എന്ന സിയാദ് മരിച്ചത്.
ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാൻ സഹോദരങ്ങൾ
ശ്രമിച്ചിരുന്നു. ആഡംബര വസതി അടക്കമുള്ള സ്വത്തുക്കൾ ലീനയുടെ ഭർത്താവിന്
ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ
ഒരു മാസം മുൻപ് പ്രതികളിലൊരാളായ അഹദും കുടുംബവും ലീനയുടെ വീട്ടിൽക്കയറി
താമസമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ലീനയ്ക്ക് സംരക്ഷണം നൽകാൻ കോടതി
ഉത്തരവിട്ടു. ഇതേതുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ലീനാമണിയെ കൊലപ്പെടുത്തിയതിന് സാക്ഷിയുമുണ്ട്. ലീനാമണിയെ തറയിലിട്ട്
ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് സാക്ഷിയായ സരസമ്മ
ഓർത്തെടുക്കുന്നത്. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. തടയാൻ ശ്രമിച്ച
എന്നെയും അടിച്ചിട്ടു. ലീനാമണിക്കു ബോധം നഷ്ടമായശേഷമാണ് മർദനം
അവസാനിപ്പിച്ചതെന്നും സരമ്മ െപറഞ്ഞു. എം.എസ്.വില്ലയിൽ ലീനാമണി(53)യുടെ
സഹായിയായി 20 വർഷത്തോളമായി സരസമ്മ ഒപ്പമുണ്ട്. ഭർത്താവിന്റെ
ബന്ധുക്കളിൽനിന്ന് ലീനാമണിക്ക് ഏറെ നാളുകളായി മാനസികവും ശാരീരികവുമായ
പീഡനമാണ് ഏറ്റിരുന്നതെന്ന് ഇവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു.
ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച
ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്.
ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകം നടന്ന
സംഭവസ്ഥലം റൂറൽ എസ്‌പി. ഡി.ശില്പ സന്ദർശിച്ചു. സംരക്ഷണ ഉത്തരവിന്റെ
കാര്യത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. പൊലീസ്
കഴിഞ്ഞദിവസം വീട്ടിലെത്തി വീട്ടുകാരെ കാര്യങ്ങൾ
ബോധ്യപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.
ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ
വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഭർത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുൻപ് ബലമായി ഇവരുടെ
വീട്ടിൽ താമസമാക്കി. ഇതേക്കുറിച്ച് അയിരൂർ പൊലീസ് സ്റ്റേഷനിലും കോടതിയിലും
പരാതി നൽകിയിരുന്നു. ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ
ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ
ഉത്തരവുമായി പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ
പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും
ഷാജിയും മുഹ്സിനും വീട്ടിലെത്തി ഇവരുമായി വാക്തർക്കത്തിലേർപ്പെട്ടു.
തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന
ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിക്കുകയായിുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ഇരുവരെയും
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ പ്രതികൾ ഓടി
രക്ഷപ്പെട്ടു. ഉച്ചയോടെ ലീനാമണിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം
പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹപരിശോധന
തിങ്കളാഴ്ച നടക്കും.