കടയ്ക്കലില്‍ പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം.

കടയ്ക്കലില്‍ പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാരുടെ തലയ്ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കടക്കയ്ല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവര്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജ്യോതിഷ്, സീനിയര്‍ സിപിഒ അഭിലാഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ എത്തിയപ്പോഴാണ് സജുകുമാര്‍, നിഫാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരെ ആക്രമിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഒന്നര കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ പൊലീസിനെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ലഹരി വില്‍പ്പനക്കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സജുകുമാറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം, കുളത്തൂപ്പുഴ ഭാഗങ്ങളിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘമാണ് ഇവരെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഇന്നു രാവിലെ സംഘത്തെ പിടികൂടിയത്.