അത്തരമൊരു സംഭവമാണിപ്പോള്‍ ഫേസ്ബുക്കില്‍ വലിയ ശ്രദ്ധ നേടുന്നത്. കോഴിക്കോട് സ്വദേശിയായ അരുണ്‍ലാല്‍ വിബി എന്ന അധ്യാപകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച, തനിക്കുണ്ടായ അസാധാരണമായൊരു അനുഭവമാണ് സംഭവം. പാര്‍ക്ക് ചെയ്തുവച്ച, ഇദ്ദേഹത്തിന്‍റെ ബുള്ളറ്റില്‍ നിന്ന് ആരോ പെട്രോള്‍ ഊറ്റിക്കൊണ്ടുപോയി. ശേഷം ഒരു കുറിപ്പും രണ്ട് നാണയത്തുട്ടും ബൈക്കില്‍ വച്ചിട്ടുപോയി. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് അരുണ്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
'കുറച്ച് എണ്ണ എടുത്തിട്ടുണ്ട്. പൊരുത്തപ്പെട്ട് തരിക. ഗതികേട് കൊണ്ടാണ് പ്ലീസ്... എന്ന് ഞങ്ങള്‍. പത്ത് രൂപ ഇതില്‍ വച്ചിട്ടുണ്ട്. പമ്പില്‍ എത്താൻ വേണ്ടിയാണ്, പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരികയില്ല. അത് കൊണ്ടാണ്...'- ഇതാണ് കുറിപ്പ്. കൂട്ടത്തില്‍ അഞ്ച് രൂപയുടെ രണ്ട് നാണയത്തുട്ടും. കൈ നിറയെ ധനം ഉള്ളവനല്ല, മനസ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ലാല്‍ ഫോട്ടോകളും അനുഭവവും പങ്കുവച്ചിരിക്കുന്നത്. വണ്ടിയില്‍ നിന്ന് ഉടമയറിയാതെ എണ്ണ ഊറ്റിയെടുക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അത് ഗതികേട് കൊണ്ടാണെന്ന് എഴുതിവച്ച്, കയ്യിലുള്ള പണവും കൂട്ടത്തില്‍ വയ്ക്കണമെങ്കില്‍ ശരിക്കും ഗതികേട് തന്നെയാകാം ഇതിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് അരുണ്‍ലാലിന്‍റെ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളില്‍ വരുന്ന അഭിപ്രായം.
അരുണ്‍ലാലും വളരെ പോസിറ്റീവായാണ് അസാധാരണമായ അനുഭവത്തെ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ തനിക്ക് ആ അജ്ഞാതരെ കാണണമെന്ന് ആഗ്രഹമുണ്ടെന്നാണ് അരുണ്‍ലാല്‍ പറയുന്നത്.