ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ മന്ദിരം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ മന്ദിരം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളിലും പഠനനിലവാരത്തിലും വലിയമാറ്റമാണുണ്ടായതെന്ന് എം.എൽ.എ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷകളിലടക്കം പൊതുവിദ്യാലയങ്ങൾ മികവ് പുലർത്തുന്ന കാഴ്ചയാണുള്ളതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രണ്ട് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 4,500 സ്‌ക്വയർഫീറ്റാണ് പുതിയ മന്ദിരത്തിന്റെ വിസ്തൃതി. 
അത്യാധുനിക ലാബ് അടക്കമുള്ള സംവിധാനങ്ങളോടെ മറ്റൊരു കെട്ടിടവും സ്‌കൂളിൽ നിർമാണം ആരംഭിക്കാനൊരുങ്ങുകയാണ്. കിഫ്ബി-കില ധനസഹായത്തോടെ മൂന്ന് കോടി തൊണ്ണൂറുലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി വിനിയോഗിക്കുന്നത്. 
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തിൽ സ്‌കൂളിൽ ഒരുക്കിയ ഔഷധസസ്യത്തോട്ടത്തിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ജി.സ്റ്റീഫൻ എ.എൽ.എ നിർവഹിച്ചു. 
വനമേഖലയിലുള്ള നൂറ്റിയമ്പതോളം ഔഷ്യധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. എസ്.എസ്.എൽ.സിയിൽ മുഴുവൻ എ പ്ലസ് നേടിയ 15 വിദ്യാർത്ഥികൾക്കും പ്ലസ്ടുവിന് വിജയം നേടിയ 24 വിദ്യാർത്ഥികൾക്കും വി എച്ച് എസ് എസ് വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. കൂടാതെ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും വനമിത്ര ജേതാവുമായ സനകനെ ചടങ്ങിൽ ആദരിച്ചു. 
ജില്ലാ പഞ്ചായത്തംഗം എ.മിനി അധ്യക്ഷയായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മറ്റ് ജനപ്രതിനിധികൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.