പൂവാർ വിനോദസഞ്ചാരമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സബ്കളക്ടർ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ വീട്ടിൽ, പോലീസ് ഉദ്യോഗസ്ഥർ, കൂളത്തൂർ, പൂവാർ പഞ്ചായത്ത് പ്രതിനിധികൾ, ബോട്ടുടമകളുടെ സംഘടന, തൊഴിലാളി സംഘടനകൾ എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ പൂവാറിന്റെ പ്രാധാന്യം, വെല്ലുവിളികൾ, സുരക്ഷയുമായി ബന്ധപ്പെട്ട സർവേ കണ്ടെത്തലുകൾ, പൂവാറിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് ഡിടിപിസി സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു.
പൂവാറിലെ ബോട്ടിംഗ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ യോഗം ചർച്ച ചെയ്തു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി , ബോട്ടിംഗ് അനുഭവം മികവുറ്റതാക്കുന്നതിന് സ്വീകരിക്കേണ്ടുന്ന മാർഗനിർദേശങ്ങളാണ് ഡി.ടി.പി.സി സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചത്. കെ ഐ വി നിയമപ്രകാരമുള്ള ബോട്ടുകളുടെ രജിസ്‌ട്രേഷൻ, സുരക്ഷ മുന്നറിയിപ്പുകൾ, ലൈഫ് ജാക്കറ്റ്, അഗ്നിരക്ഷാ മാർഗങ്ങൾ, യാത്രയ്ക്ക് മുന്നോടിയായി ബോട്ടിന്റെ സുരക്ഷ പരിശോധന, അടിയന്തരസാഹചര്യത്തിൽ സ്വീകരിക്കേണ്ടുന്ന മാർഗങ്ങൾ, യാത്രയ്ക്ക് ശേഷമുള്ള പരിശോധന എന്നിവയാണ് എസ് ഒ പി യിൽ പ്രധാനമായും പറയുന്നത്. സ്റ്റേക്‌ഹോൾഡർമാർ ഏകകണ്ഠമായി നിർദേശങ്ങൾ അംഗീകരിച്ചു.
ബോട്ടിംഗ് യാത്രക്കായുള്ള നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ യോഗത്തിൽ ചർച്ചയായി. നിരക്ക് ഏകീകരണത്തിൽ ബോട്ടുടമകളുമായി സമവായത്തിലെത്തി. നിർദേശങ്ങൾക്ക് ജില്ലാ കളക്ടറുടെ അനുമതി ലഭിക്കുന്നതോടെ പ്രാബല്യത്തിലാകും.
പൂവാറിൽ ഏകീകൃത ടിക്കറ്റിംഗ് സംവിധാനം കൊണ്ടുവരുന്നതിനും അതിലൂടെ നിയമവിരുദ്ധ ബോട്ടിംഗ് അവസാനിപ്പിക്കുന്നതിനും വേണ്ട സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിർദേശവും ചർച്ചയായി. പൂവാറിൽ ബോട്ടുകളുടെ ഡോക്യുമെന്റേഷനിലും സുരക്ഷാ നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടായതായി സ്‌റ്റേക് ഹോൾഡർമാർ അറിയിച്ചു. എസ് ഒ പി നടപ്പാക്കിയതിന് ശേഷം പോലീസും തുറമുഖ വകുപ്പുമായി ചേർന്ന് കർശന സുരക്ഷാപരിശോധനകൾ ഉണ്ടാകുമെന്നും അറിയിച്ചു.
#orumayodetvm #ഒരുമയോടെtvm