ട്രെയിനിന്റെ വാതിലിൽ ഇരുന്ന് കയ്യാങ്കളി; ട്രാക്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സാത്തൂർ: നാഗർകോവിൽ-കോയമ്പത്തൂർ എക്‌സ്പ്രസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് രണ്ട് യുവാക്കൾ മരിച്ചു. തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ(32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ(36) എന്നിവരാണ് മരിച്ചത്. യാത്രക്കിടെ ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് തർക്കമുണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയും ചെയ്തതോടെ ഇരുവരും ട്രാക്കിൽ വീഴുകയായിരുന്നു. ഇരുവരും തമ്മിൽ ആദ്യമുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. 

അകത്തേക്ക് കയറാൻ സഹയാത്രികർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. വിരുദനഗറിനടുത്ത് സാത്തൂരിൽ ഇരുവരും നിലതെറ്റി പുറത്തേക്ക് തെറിച്ചുവീണു. യാത്രക്കാർ ഇതോടെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുത്തുകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാരിയപ്പൻ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.