സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ഇന്ന്. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പിആർഡിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

അതേ സമയം മമ്മൂട്ടി- ലിജോ ജോസ് ടീമിൻറെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. 154 ചിത്രങ്ങളാണ് ഇക്കുറി പുരസ്‌കാരങ്ങൾക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിർണയത്തിൽ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്.