എന്തായാലും മഴക്കാലത്ത്- വിശേഷിച്ച് വൈകുന്നേരം ഒരു കപ്പ് ചായ കഴിക്കുന്നത് സന്തോഷിപ്പിക്കുന്ന അനുഭവം തന്നെയാണ്. എന്നാല്‍ ചായ പ്രതീക്ഷിക്കുന്നത് പോലെ തന്നെ രുചിയും ഇഷ്ടത്തിന് അനുസരിച്ച് കടുപ്പവും എല്ലാം ആയി വരണം. എത്ര ചായയിട്ടിട്ടും ഇഷ്ടമുള്ളത് പോലെ ചായയെ പാകം ചെയ്തെടുക്കാൻ അറിയാത്തവരും ഏറെയാണ്. ഇവര്‍ക്കായി നല്ല ചായ തയ്യാറാക്കാൻ ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
നമുക്കറിയാം, ചായ ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചാണ് തയ്യാറാക്കുന്നത്. എന്തായാലും പൊതുവെ നമുക്ക് പരീക്ഷിച്ചുനോക്കാവുന്ന ടിപ്സ് ആണിവിടെ പങ്കുവയ്ക്കുന്നത്.
പാലൊഴിച്ച ചായ...
പാലൊഴിച്ച ചായയാണ് തയ്യാറാക്കുന്നതെങ്കില്‍ ചായ നല്ലതുപോലെ പാകമാകാൻ പാല്‍ അല്‍പസമയം തിളപ്പിക്കുക തന്നെ വേണം. പാല്‍ ഒന്ന് തിളച്ച ശേഷം സിമ്മിലിട്ട് ഇത്തിരി നേരം വയ്ക്കാം, വീണ്ടും തിളപ്പിച്ചെടുത്ത് ഇതിലേക്ക് തന്നെ ചായപ്പൊടി പകരാം. ചായപ്പൊടിയും അത്യാവശ്യം നല്ലതുപോലെ പാലില്‍ കിടന്ന് തിളയ്ക്കുകയും സിമ്മിലിട്ട് അല്‍പനേരം വച്ച് ഒന്നുകൂടി തിളപ്പിക്കുകയും ചെയ്താല്‍ ചായ നല്ലതുപോലെ രുചിയായി കിട്ടും. കടുപ്പത്തിന് അനുസരിച്ച് പാലും തേയിലയും നിങ്ങള്‍ക്ക് എടുക്കാം. പാലൊഴിച്ച ചായ രുചി തോന്നാൻ പഞ്ചസാര കൂടാതെ നോക്കണം. എന്നാല്‍ ചിലര്‍ക്കെങ്കിലും പഞ്ചസാര കൂടുതല്‍ വേണമെന്നുണ്ടാകും. അവര്‍ക്ക് ഇഷ്ടാനുസരണം ചേര്‍ക്കാം.
കടും ചായ...
കടുംചായയും പലരും തയ്യാറാക്കി വരുമ്പോള്‍ കടുപ്പം ഇഷ്ടാനുസരണം ആകാതെ വരാറുണ്ട്. കഴിയുന്നതും ബ്ലാക്ക് ടീ ഉണ്ടാക്കുമ്പോള്‍ വെള്ളം നല്ലതുപോലെ തിളപ്പിച്ച ശേഷം ചായപ്പൊടി പകര്‍ന്ന് അധികം തിളപ്പിക്കാൻ നില്‍ക്കാതെ തീ ഓഫ് ചെയ്യുകയാണ് വേണ്ടത്. രണ്ടോ മൂന്നോ മിനുറ്റ് നേരം അങ്ങനെ തന്നെ വച്ച ശേഷം ചായ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്തോ ചേര്‍ക്കാതെയോ കഴിക്കാം.
മസാല ചായ...
മസാലച്ചായകള്‍ തന്നെ പല വറൈറ്റികളുമുണ്ട്. മസാല പൊടിയാണ് നിങ്ങള്‍ ചേര്‍ക്കുന്നതെങ്കില്‍ ഇത് അവസാനം മാത്രം ചേര്‍ത്താല്‍ മതി. കറുവപ്പട്ട, ഇഞ്ചി പോലുള്ളവ അങ്ങനെ തന്നെ ഇട്ട് തയ്യാറാക്കുന്നതാണെങ്കില്‍ തിളപ്പിക്കാൻ വയ്ക്കുമ്പോഴേ ചേര്‍ക്കാം. ചെറുനാരങ്ങാ നീരിട്ട ബ്ലാക്ക് ടീയ്ക്ക്, അവസാനം മാത്രമാണ് നാരങ്ങാനീര് ചേര്‍ക്കാവൂ. പുതിനയിലയും അങ്ങനെ തന്നെ, അവസാനമേ ചേര്‍ക്കാവൂ.
ഗ്രീൻ ടീ...
ഗ്രീൻ ടീ തയ്യാറാക്കാൻ ചിലര്‍ പൊടിയുപയോഗിക്കാറുണ്ട്, മറ്റ് ചിലരാകട്ടെ ടീ ബാഗാണ് ഇതിനായി ഉപയോഗിക്കാറ്. രണ്ടും രണ്ട് രീതിയിലാണ് തയ്യാറാക്കേണ്ടത്. പൊടിയാണെങ്കില്‍ പൊടി ചേര്‍ത്ത് രണ്ടോ മൂന്നോ മിനുറ്റ് തിളപ്പിച്ച് പെട്ടെന്ന് തന്നെ എടുക്കാം. ബാഗാണെങ്കില്‍ തിളച്ച വെള്ളത്തില്‍ ബാഗിട്ട് നാല് മിനുറ്റെങ്കിലും വയ്ക്കണം. ശേഷം മാത്രം തേനോ മറ്റോ ചേര്‍ക്കാം.