തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിർദ്ദേശം നൽകിയത്.
▪️
*നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം; ഇടപെട്ട് മുഖ്യമന്ത്രി, കർശന നടപടിക്ക് നിർദ്ദേശം*
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.