'നല്ലഭക്ഷണം നാടിന്‍റെ അവകാശം'ഒന്നരമാസം കൊണ്ട് 5516 ഭക്ഷ്യസുരക്ഷാപരിശോധന നടത്തി ,29.05ലക്ഷം പിഴ ഈടാക്കി

തിരുവനന്തപുരം:'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി എപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 2964 പരിശോധനകളാണ് നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും തത്സമയം പരിശോധനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടാബുകള്‍ അനുവദിച്ചു വരുന്നു. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.