മോഷ്ടിക്കാൻ ഒന്നും കിട്ടിയില്ല; കയ്യിലുള്ള 500 രൂപ വീട്ടുകാര്‍ക്ക് 'സംഭാവന' നല്‍കി കള്ളന്‍

ന്യൂഡല്‍ഹി: കവർച്ചയ്ക്കായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ വീട്ടില്‍ വച്ച് കള്ളന്‍ സ്ഥലം വിട്ടു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. 

അന്ന് വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയതായിരുന്നു. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.