യുവസംരഭകന്റെ 5 ബസുകൾ രണ്ടാമതും അടിച്ചു തകർത്തു, പിന്നിൽ ബിഎംഎസെന്ന് ആരോപണം, നഷ്ടം എട്ട് ലക്ഷം!

വ്യാഴാഴ്ച രാത്രി ആറ് ബസുകള്‍ തകര്‍ത്തിരുന്നു. ഇതേ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയെങ്കിലും ശനിയാഴ്ച രാത്രി ആറ് ബസുകളും വീണ്ടും തല്ലി തകര്‍ക്കുകയായിരുന്നു.
ചേര്‍ത്തല: ചേര്‍ത്തലയില്‍ ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസുകള്‍ക്ക് നേരെയുണ്ടായ തുടർ ആക്രമണത്തിൽ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എട്ടുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതയാണ് സൂചന. അക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവർത്തകരാണെന്ന് ബസ് ഉടമ ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നാല് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചു. അസോസിയേഷന്‍ ഭാരവാഹികളുമായി പൊലീസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് സമരം ഒഴിവാക്കിയതെന്ന് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ ബിജുമോന്‍ പറഞ്ഞു.

ബസ് സ്റ്റാൻഡിൽ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റുകൂടിയായ പട്ടണക്കാട് അച്ചൂസില്‍ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്ക് നേരെയായിരുന്നു തുടരാക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ആറ് ബസുകള്‍ തകര്‍ത്തിരുന്നു. ഇതേ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയെങ്കിലും ശനിയാഴ്ച രാത്രി ആറ് ബസുകളും വീണ്ടും തല്ലി തകര്‍ക്കുകയായിരുന്നു.
രണ്ട് ആക്രമണങ്ങളിലുമായി എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംരംഭകന്റെ ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായതോടെ പ്രതിഷേധം ശക്തമായിരുന്നു. ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി സ്റ്റാൻഡില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. ഇതില്‍ ബിഎംഎസ് യൂണിയനിലെ അംഗങ്ങളായ വാരനാട് സ്വദേശികളായ വിഷ്ണു എസ് സാബു (32), എസ് ശബരിജിത്ത് (26) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ബസുടമയ്ക്കും പങ്കുണ്ടെന്ന് ബിഎംഎസ് ആരോപിച്ചിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തേക്കും.