സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദ്ദനകേസിൽ സി.ഐയും എസ്.ഐയും അടക്കം 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട് കേസെടുത്തു

സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദ്ദനകേസിൽ സി.ഐയും എസ്.ഐയും അടക്കം 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട് കേസെടുത്തു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പരാതിക്കാരന്റെയും ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴിയെടുത്ത് നേരിട്ട് അന്വേഷണം നടത്തി കേസെടുത്തത്.ഫോർട്ട് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജെ രാകേഷ്, ഗ്രേഡ് എസ് ഐ എസ്.സന്തോഷ് കുമാർ, എസ് ഐമാരായ ഡി.ഒ. ദിനേശ്, അരുൺകുമാർ എന്നിവരെ പ്രതികളാക്കിയാണ് കോടതി കേസെടുത്തത്. 4 പ്രതികളും സെപ്റ്റംബർ 3 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് പി.അരുൺകുമാർ ഉത്തരവിട്ടു.പൊതു പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ടി.എസ് ആശിഷിനെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റഡിയിൽ വച്ച് ദേഹോപദ്രവം എല്പിച്ചുവെന്നുമാണ് കേസ്. പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ആശിഷ് വിവിധ അധികാര സ്ഥാപനങ്ങളിൽ പരാതികൾ നൽകിയതിലെ വിരോധം നിമിത്തം അന്യായമായി ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കുറ്റം ചുമത്തുകയായിരുന്നു. എന്നാൽ കാപ്പാ നിയമ പ്രകാരം ഗുണ്ടയായി പ്രഖ്യാപിക്കപ്പെടെണ്ട ആളല്ല താൻ എന്നും തനിക്കെതിരെ ഫോർട്ട് സിഐ വ്യക്തി വൈരാഗ്യം കാണിക്കുകയാണ് എന്നും ചൂണ്ടിക്കാണിച്ച് ആശിഷ് അപ്പീൽ ഫയൽ ചെയ്തു.വിശദമായ വാദം കേൾക്കലിനു ശേഷം പൊലീസുകാർക്കെതിരെ ആശിഷ് മുന്നോട്ടുവച്ച ആരോപണങ്ങൾ ശരിയാണെന്ന് ജസ്റ്റിസ്: ജി ശിവരാജൻ അധ്യക്ഷനായ കാപ്പാ ഉപദേശക ബോർഡ് കണ്ടെത്തുകയും ചെയ്തു. കാപ്പാ നിയമപ്രകാരം പൊലീസ് കള്ളപരാതി രജിസ്റ്റർ ചെയ്തത് മൂലം തനിക്ക് സമൂഹത്തിൽ മാനഹാനി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ആശിഷ് ഫോർട്ട് സർക്കിൾ ജെ. രാകേഷിനെതിരെ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹം സുലൈമാൻ എന്ന വ്യക്തിയിൽ നിന്നും ആശിഷ്‌നെതിരെ കള്ളപ്പരാതി എഴുതി വാങ്ങി 2022 ഓഗസ്റ്റ് 25 ന് ആഷിഷിനെ സ്റ്റേഷനിൽ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. സിഐക്കെതിരെ നൽകിയ ഹർജികൾ എല്ലാം പിൻവലിക്കണം എന്ന് പൊലീസ് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് ആശിഷിന്റെ ആരോപണം. ഇക്കാര്യങ്ങൾ വിശദമാക്കി ആശിഷ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു