ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ.

തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ട്‌ വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകർഷിക്കുന്ന രീതിയിൽ സംസ്ഥാനതല പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകൾ ഫ്ലോട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാർക്കറ്റുകൾ ഉണ്ടാകണം.

പ്രത്യേകം പച്ചക്കറി ചന്തകൾ ആരംഭിക്കണം. കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കണം. പച്ചക്കറി ഉൾപ്പെടെ സാധന സാമഗ്രികൾ പരമാവധി വിലകുറച്ച് നൽകാനാവണം. വട്ടവട, കാന്തലൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വിഭവങ്ങൾ കർഷകരിൽ നിന്ന് സമാഹരിക്കാൻ ഹോർട്ടികോർപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.

കലാ-സാംസ്‌കാരിക പരിപാടികളിൽ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്താൻ ടൂറിസം വകുപ്പ് മുൻകൈ എടുക്കണം. ഓണാഘോഷം വിപുലവും ആകർഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സജി ചെറിയാൻ, വി എൻ വാസവൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ആൻറണി രാജു, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.