ഒരു രക്ഷയുമില്ലാതെ തക്കാളി..! ഉത്തരേന്ത്യയില്‍ വില 250 രൂപയിലേക്ക്

ഡെറാഡൂണ്‍: രാജ്യമെങ്ങും തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയില്‍ പലയിടത്തും വില ഇരുന്നൂറിന് മുകളിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയ്ക്കാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 മുതല്‍ 250 രൂപവരെയും വിലയുണ്ട്.പലയിടങ്ങിലും കനത്ത മഴ പെയ്തതുമൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങളും കഴിഞ്ഞ മാസങ്ങളിലെ അത്യുഷ്ണവുമെല്ലാം തക്കാളിയുടെ വില അഞ്ചിരട്ടിയില്‍ അധികമായി ഉയരാന്‍ കാരണമായി പറയുന്നുണ്ട്. എന്നാല്‍ തക്കാളിക്ക് മാത്രമല്ല കോളിഫ്ലവര്‍, മുളക്, ഇഞ്ചി എന്നിവയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡല്‍ഹിയില്‍ കിലോയ്ക്ക് 140 രൂപയാണ് തക്കാളിയുടെ വില. ഇവിടെയും കനത്ത മഴ കാരണം വിതരണ മേഖലയിലുണ്ടായ തടസങ്ങളാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ചെന്നൈയിലും 100 മുതല്‍ 130 രൂപ വരെ ഒരു കിലോ തക്കാളിക്ക് വിലയുണ്ട്. ബംഗളുരുവിലെ വ്യാപാരികളും 101 രൂപ മുതല്‍ 121 രൂപ വരെ വില കൂടി.