210 കിലോ ബാർബെൽ വീണു, കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയർത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ബാർബെൽ വീണതോടെ കഴുത്ത് ഒടിഞ്ഞു.

ദിവസങ്ങൾക്കു മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഭാരം താങ്ങാൻ സാധിക്കാതെ ജസ്റ്റിൻ വിക്കി പിറകിലേക്കു വീഴുകയായിരുന്നു. ഇതോടെ ബാർബെൽ കഴുത്തിൽപതിച്ചു. ജസ്റ്റിൻ തന്നെ ബാർബെലിന് അടിയിൽനിന്ന് പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ജസ്റ്റിനെ സഹായിക്കാനായി കൂടെയുണ്ടായിരുന്ന ആളും വീണതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജസ്റ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ബാലിയിൽ നിരവധി ആരാധകരുള്ള ജസ്റ്റിന്റെ മരണത്തിൽ സമൂഹമാധ്യമങ്ങളിലും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.