*സായാഹ്ന വാർത്തകൾ*```2023 | ജൂലൈ 5 | ബുധൻ |

◾മഹാരാഷ്ട്രയിലെ എന്‍സിപിയിലുള്ള ബഹുഭൂരിപക്ഷം എംഎല്‍എമാരും ഉപമുഖ്യമന്ത്രി അജിത്പവാറിനൊപ്പം. അജിത്പവാര്‍ വിളിച്ച യോഗത്തില്‍ 29 എംഎല്‍എമാരാണു പങ്കെടുത്തത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തതു 13 പേര്‍ മാത്രമാണ്. 11 പേര്‍ ഇരുവരും വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. എന്‍സിപി ക്ക് 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. അയോഗ്യരാക്കാതിരിക്കാന്‍ അജിത് പവാര്‍ പക്ഷത്തിന് 36 പേരുടെ പിന്തുണ വേണം.

◾കേന്ദ്രമന്ത്രി വി. മുരളീധരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയേക്കും. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും. സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന കെ. സുരേന്ദ്രനു പകരം എന്തു ചുമതല നല്‍കുമെന്നു വ്യക്തമല്ല. കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ബിജെപി പ്രസിഡന്റുമാരെ മാറ്റുമെന്നാണു വിവരം. കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചിരുന്നു.

◾സിപിഎമ്മില്‍ അഞ്ചാംപത്തികളുടെ ദ്രോഹംമൂലമാണു പാര്‍ട്ടിവിടേണ്ടിവന്നതെന്ന് എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി തുറന്നു സംസാരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിവിടേണ്ടി വരുമായിരുന്നില്ലെന്നും സിന്ധു.

◾സംസ്ഥാനത്തുടനീളം മഴക്കെടുതികള്‍. നിലമ്പൂരിലെ കുതിരപ്പുഴയില്‍ ഒഴുക്കില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരില്‍ രണ്ടു പേരെ കണ്ടെത്താനായില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകക്കു താമസിക്കുന്ന കുടുംബമാണ് ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. സുശീല (60), അനുശ്രീ (12) എന്നിവരാണ് ഒഴുക്കില്‍പെട്ടു പോയത്.

◾ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് തിങ്കളാഴ്ച കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ രാജ്കുമാറാണ് മരിച്ചത്. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്.

◾അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളും തുറന്നു. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടര്‍ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടര്‍ 15 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 90 സെന്റീമീറ്ററുമാണ് തുറന്നത്.

◾ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലെ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകരാറിലായി.

◾എടത്വ വീയപുരത്ത് കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറു വീടുകള്‍ തകര്‍ന്നു. മരം വീണ് വള്ളം തകര്‍ന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി. ഏത്തവാഴകള്‍ ഒടിഞ്ഞു വീണു വന്‍ നാശം.

◾തൃശൂരിലെ ആമ്പല്ലൂര്‍ പ്രദേശത്തു നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂകമ്പവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

◾ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു 1987 ല്‍ സിപിഎമ്മിന്റേയും ഇഎംഎസിന്റേയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് ഇപ്പോള്‍ സിപിഎമ്മിന്റെ നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പ്രക്ഷോഭത്തിനു വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

◾വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് റദ്ദാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് സ്‌കൂട്ടറും ഫോണും തിരികെ ലഭിക്കും.

◾അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനും ഇടപെടല്‍ തേടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

◾വിമാനത്തിലെത്തി ഓട്ടോറിക്ഷയില്‍ കറങ്ങി മോഷണം നടത്തി വിമാനത്തില്‍ മടങ്ങിപ്പോകുന്ന തെലങ്കാന പോലീസിലെ താത്കാലിക ജീവനക്കാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

◾റോഡ് നിര്‍മാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്ര കൈയും പാറ പൊട്ടിക്കാനുള്ള ബ്രേക്കറും മോഷ്ടാക്കള്‍ അപഹരിച്ചു. ഉടുമ്പന്‍ചോല പൊന്നാങ്കാണി റോഡിന്റെ നിര്‍മാണത്തിന് എത്തിച്ച പതിനഞ്ചര ലക്ഷം രൂപയുടെ യന്ത്ര ഉപകരണങ്ങളാണ് മോഷ്ടാക്കള്‍ കടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾തൃശൂരിലെ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറിനെ തെരഞ്ഞടുപ്പ് കമ്മിഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു. മഹിള കോണ്‍ഗ്രസ് നേതാവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ വിമല സേതുമാധവന്‍ നല്കിയ പരാതിയിലാണ് നടപടി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ഇവര്‍ കൂറുമാറി എല്‍.ഡി.എഫ്. പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു.

◾നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രയ്ക്ക് വെറും 42,000 രൂപ മതിയെന്നു വാഗ്ദാനം ചെയ്തു പ്രവാസികളില്‍നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി. എടപ്പാള്‍ കാലടി വടക്കത്ത് വളപ്പില്‍ സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾കിഴക്കന്‍ വെള്ളത്തിന്റെ വരവു വര്‍ധിച്ചതോടെ ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി പൊഴി മുറിച്ചു. ഇന്നു രാവിലെ നൂറു മീറ്റര്‍ വീതിയിലാണു തോട്ടപ്പള്ളി പൊഴി മുറിച്ചത്.

◾വയനാട് ജില്ലയിലെ പനവല്ലി സര്‍വ്വാണി വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ കൊക്കയിലേക്കു മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റു. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിനു പോയ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണുണ്ടായിരുന്നത്.

◾ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തില്‍ പറമ്പില്‍ ദിവാകരനാണ് (75)ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.

◾മഹാരാഷ്ട്രയില്‍ എന്‍സിപിയിലുണ്ടായ പിളര്‍പ്പ് അടക്കമുള്ള രാഷ്ട്രീയ നാടകങ്ങള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഒത്താശയോടെയാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രസിഡന്റ് രാജ്താക്കറെ. 1978 മുതല്‍ ശരത് പവാര്‍ തുടങ്ങിയ രാഷ്ട്രീയ ചരടുവലി കളികളുടെ തുടര്‍ച്ചയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

◾മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ നേതാക്കള്‍ക്ക് അതൃപ്തി. എന്‍സിപിയില്‍നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി ഭരണ മുന്നണിയില്‍ എത്തിയതാണ് ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്.

◾രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 40.8 കോടി ഡോളറിന്റെ (3,000 കോടിയോളം രൂപ) ഓഹരികള്‍. പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ വിറ്റഴിച്ചതാണ് ഇത്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 2016 സാമ്പത്തിക വര്‍ഷത്തിലെ 71.6 ശതമാനത്തില്‍ നിന്ന് 21.2 ശതമാനത്തിലേക്ക് താഴ്ന്നു. ഭൂരിഭാഗം ഓഹരികളും(15.9 ശതമാനം) ബൈജു രവീന്ദ്രന്റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റജു രവീന്ദ്രന് 1.99 ശതമാനവും ഓഹരി വിഹിതമുണ്ട്. സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ബൈജു രവീന്ദ്രന്‍ 32.8 ലക്ഷം ഡോളറിന്റെ 29,306 ഓഹരികളാണ് വിറ്റിരിക്കുന്നത്. ദിവ്യ ഗോകുല്‍നാഥ് 2.9 കോടി ഡോളര്‍ മൂല്യമുള്ള 64,565 ഓഹരികളും വിറ്റഴിച്ചു. റിജു രവീന്ദ്രന്‍ വിറ്റഴിച്ചത് 37.5 കോടി ഡോളര്‍ മൂല്യമുള്ള 3,37,911 ഓഹരികളാണ്. 1,64,000 ഓഹരികള്‍ 1,12,126 രൂപ നിരക്കിലാണ് വിറ്റഴിച്ചിരിക്കുന്നത്. 53 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന. അതേ സമയം 2012 മുതല്‍ കുടുംബാംഗങ്ങളുടേയും ജീവനക്കാരുടേയും പേരിലുള്ള 31,960 ഓഹരികള്‍ ബൈജു വാങ്ങിയിട്ടുമുണ്ട്. 4,666 ഓഹരികള്‍ ദിവ്യ ഗോകുല്‍നാഥും വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓഹരി മൂല്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ എഡ്-ടെക് സ്ഥാപനമായ ബൈജൂസുമായുള്ള കരാര്‍ വീണ്ടും പുതുക്കില്ലെന്ന് ബോളിവുഡ് താരം ഷാരൂഖാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. 2017 മുതലാണ് നാല് കോടി രൂപയുടെ വാര്‍ഷിക പ്രതിഫലത്തിന് ഷാരൂഖാനുമായി ബൈജൂസ് ബ്രാന്‍ഡ് പ്രചരണത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടത്.

◾പരസ്യങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി യൂട്യൂബ്. പിസികളിലും ലാപ്ടോപ്പിലും യൂട്യൂബ് ഉപയോഗിക്കുന്നവര്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി ബ്രൗസറുകളില്‍ 'ആഡ് ബ്ലോക്കര്‍' ഉപയോഗിക്കാറുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണും ടാബ്ലറ്റുകളും ഉപയോഗിക്കുന്നവര്‍ യൂട്യൂബ് വാന്‍സ്ഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാറുള്ളത്. എന്നാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഇനി 'യൂട്യൂബ് പ്രീമിയം' തന്നെ എടുക്കേണ്ടി വരും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച് യൂട്യൂബ് കാണുന്നത് കണ്ടെത്തിയാല്‍, വീഡിയോകളിലേക്കുള്ള നിങ്ങളുടെ ആക്‌സസ് ഗൂഗിള്‍ ഇല്ലാതാക്കും. ഇത് 'ത്രീ-വേ സ്ട്രൈക്ക്' എന്ന രൂപത്തിലാണ് നടപ്പാക്കുന്നത്. ആഡ് ബ്ലോക്കര്‍ കണ്ടെത്തിയാല്‍, യൂട്യൂബ് മൂന്ന് തവണ മുന്നറിയിപ്പ് നല്‍കും. അതിലൂടെ യൂട്യൂബ് പ്രീമിയത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ആദ്യം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിലേക്കുള്ള ആക്‌സസ് തല്‍ക്ഷണം വിച്ഛേദിക്കപ്പെടും. പിന്നാലെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വീഡിയോകളുടെ എണ്ണം മൂന്ന് മാത്രമായി പരിമിതപ്പെടുത്തും. അതിന് ശേഷം യൂട്യൂബില്‍ നിന്ന് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യും. മുന്നറിയിപ്പ് ഒരു പോപ്പ്-അപ്പ് വിന്‍ഡോയുടെ രൂപത്തിലാകും ദൃശ്യമാവുക. അതില്‍ യൂട്യൂബില്‍ ആഡ്ബ്ലോക്കര്‍ പ്രവര്‍ത്തനരഹിതമാക്കാനും അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയത്തിനായി സൈന്‍ അപ്പ് ചെയ്യാനും ആവശ്യപ്പെടും. യൂട്യൂബ് പ്രീമിയം എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മൂന്ന് പ്ലാനുകളാണുള്ളത്. പ്രതിമാസം 139 രൂപയുടെ പ്ലാന്‍, മൂന്ന് മാസത്തേക്ക് 399 രൂപ, അല്ലെങ്കില്‍ 12 മാസത്തേക്ക് 1,290 രൂപയുടെയും പ്ലാനുകളാണ് ലഭ്യം.

◾'ഗോള്‍ഡി'നു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍. 'ഗിഫ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോന്‍സ് ആണ്. ഡാന്‍സ് കൊറിയോഗ്രാഫര്‍ സാന്‍ഡിയാണ് നായകന്‍. കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. റോമിയോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രം രാഹുലാണ് നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഏഴ് പാട്ടുകള്‍ ചിത്രത്തിലുണ്ടാകും. ചിത്രത്തില്‍ ഇളയരാജ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച 'ഗോള്‍ഡ്' ആണ് അല്‍ഫോന്‍സ് അവസാനം സംവിധാനം ചെയ്ത ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിനിമ വേണ്ടത്ര രീതിയില്‍ വിജയമാകാതിരുന്നതിനെ തുടര്‍ന്ന് അല്‍ഫോന്‍സിന് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുണ്ടായി. ഇതിനു ശേഷം ഏറെ നാളുകളായി അദ്ദേഹം സോഷ്യല്‍മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

◾ചുവപ്പിനെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്. 'മാജിക്കല്‍ മൊമന്റ്സ്' എന്ന സിനിമയിലെ ചുവപ്പുപാട്ടാണ് കഴിഞ്ഞ ദിവസം ആസ്വാദക മനസ്സുകളിലേക്കു പെയ്തിറങ്ങിയത്. സംഗീത സംവിധാനം മെജോ ജോസഫ്. മനു മഞ്ജിത്തിന്റെ രചനയില്‍ സിതാര കൃഷ്ണകുമാര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ബേസില്‍ ജോസഫ്, ശബരീഷ് വര്‍മ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുണ്‍ കുമാര്‍, വിഷ്ണു വിനയ്, ജിനോ ജോണ്‍, ഷാജു ശ്രീധര്‍, ജയകൃഷ്ണന്‍, കൈലാഷ്, സാജന്‍ പള്ളുരുത്തി, മറിമായം മണി, ദിവ്യദര്‍ശന്‍, രാധാകൃഷ്ണന്‍ ചാക്യാര്‍, സേതുലക്ഷ്മി അമ്മ, അനീറ്റ ജോസ് പോള്‍, ഗായത്രി രമ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിപ്പ് കാക്കനാട്, ശബരീഷ് ബാലസുബ്രഹ്‌മണ്യന്‍, ചാള്‍സ്. ജെ, പ്രജോദ് തുടങ്ങിയവര്‍ ഒരുമിച്ചാണ് സംവിധാനം. ലൈവ് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ശബരീഷ് ബാലസുബ്രഹ്‌മണ്യനാണ് നിര്‍മാണം. സെപ്റ്റംബറില്‍ തിയറ്റര്‍ റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട് എന്റര്‍ടെയിന്‍മെന്റ്സ് ആണ്.

◾വില്‍പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് എക്സ്യുവി 700. പുറത്തിറങ്ങി 20 മാസം കൊണ്ടാണ് മഹീന്ദ്രയുടെ ഈ പ്രീമിയം എസ്യുവി ചരിത്ര നേട്ടം പിന്നിട്ടത്. ആദ്യ 50000 യൂണിറ്റ് 12 മാസം കൊണ്ടും അടുത്ത 50000 യൂണിറ്റ് എട്ടുമാസം കൊണ്ടുമാണ് വിറ്റത്. മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്സ്യുവി 700 കഴിഞ്ഞ 2021 ലാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്യുവിയില്‍ മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചര്‍, അലക്സ വോയ്സ് ഇന്റഗ്രേഷന്‍ സപ്പോര്‍ട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്‌ക്രീന് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഡ്രൈവര്‍ ഡിസ്പ്ലേയില്‍ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ്യുവിയിലുണ്ട്.

◾അലൗകികപ്രണയത്തിന്റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ പ്രണയത്തിന്റെ വ്യത്യസ്തതലങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാപരിസരങ്ങള്‍ വായനക്കാരിലേക്ക് അലിഞ്ഞിറങ്ങുന്നത് വിരഹത്തിന്റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്കാണ്. 'ഷാഹിദ്നാമ'. ഒ.വി. ഉഷ. ഗ്രീന്‍ ബുക്സ്. വില 298 രൂപ.
എക്സ്പ്രസ് മലയാളി ലൈവ്
◾മഴക്കാലമായതോടെ കുട്ടികളിലെ ജലദോഷം സ്ഥിരമായിട്ടുണ്ട്. കുട്ടികളില്‍ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരില്‍ ഇതു പനിയും തൊണ്ടയില്‍ അണുബാധയുമായി താഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തില്‍ അണുബാധ ട്രക്കിയോ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെ പല അസുഖങ്ങളായി മാറും. നല്ല പ്രതിരോധശേഷി ഉള്ളവരില്‍ ജലദോഷം തൊണ്ടവേദനയായി 23 ദിവസംകൊണ്ട് മാറുകയും ചെയ്യും. കുട്ടികള്‍ ക്ലാസ്റൂമുകളില്‍ ഒരുപാട് തിങ്ങി ഇരിക്കുകയാണെങ്കില്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഒരാളില്‍ നിന്നു മറ്റുള്ളവരിലേക്ക് ഡ്രോപ്ലെറ്റു വഴി അണുബാധ പകരും. ഇതു തടയുവാന്‍ തീരെ ഞെരുങ്ങി കുട്ടികളെ ഇതുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ ഉറങ്ങുമ്പോഴും രണ്ടു പേരില്‍ കൂടുതല്‍ ഒരു കിടക്ക പങ്കിടാതിരിക്കാന്‍ ശ്രമിക്കുക. ക്രോസ് വെന്റിലേഷന്‍ വഴി നല്ല വായുസഞ്ചാരമുള്ള മുറിയാണെങ്കില്‍ അണുബാധ വരാന്‍ സാധ്യത കുറവാണ്. അണുബാധയും ഇടയ്ക്കിടെ ജലദോഷവും വരാതിരിക്കാന്‍ കുട്ടിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കണം. ധാരാളം പോഷക സമ്പന്നമായ ആഹാരങ്ങള്‍ നല്‍കുക. വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ശുദ്ധവായു ശ്വസിക്കുക. തണുത്ത ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, തണുത്ത ചോക്ലേറ്റ് എന്നിവ ഉപേക്ഷിക്കണം. പച്ചക്കറികള്‍, ഫ്രഷായ പഴങ്ങള്‍, മുട്ട, ഇരുമ്പ്സത്ത് അടങ്ങിയ നെല്ലിക്ക പോലുള്ളവ ഗുണം ചെയ്യും. കുട്ടികള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാല പോലുള്ളവ ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. കൈമുട്ടുകൊണ്ട് വായ് പൊത്തി ചുമയ്ക്കാനും തുമ്മാനും ശൂലിപ്പിക്കാം. വീട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുക. ഫാന്‍, ജനല്‍ കമ്പികള്‍ എന്നിവ പ്രത്യേകിച്ചും. വീടു തൂക്കുമ്പോഴും മാറാല അടിക്കുമ്പോഴും കുട്ടികളെ മാറ്റിനിര്‍ത്തുക. കാര്‍പെറ്റ് കഴിവതും ഒഴിവാക്കുക. കര്‍ട്ടന്‍, ചവിട്ടി, ബെഡ്ഷീറ്റ് എന്നിവ നിരന്തരം കഴുകി ഉപയോഗിക്കുക. പഞ്ഞി കൊണ്ടുള്ള മെത്തയും തലയണയും ഉപേക്ഷിക്കുക.
Expressmalayali.com
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.19, പൗണ്ട് - 104.44, യൂറോ - 89.46, സ്വിസ് ഫ്രാങ്ക് - 91.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.81, ബഹറിന്‍ ദിനാര്‍ - 218.03, കുവൈത്ത് ദിനാര്‍ -267.44, ഒമാനി റിയാല്‍ - 213.48, സൗദി റിയാല്‍ - 21.91, യു.എ.ഇ ദിര്‍ഹം - 22.38, ഖത്തര്‍ റിയാല്‍ - 22.57, കനേഡിയന്‍ ഡോളര്‍ - 61.92