◾'. ഭരണഘടനയിലുള്ള ഇന്ത്യ എന്ന പേര് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം) ദുരുപയോഗിക്കുന്നതു തടയണമെന്ന് ബിജെപി എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡില്‍ നിന്നുള്ള എംപി നരേഷ് ബന്‍സലാണ് രാജ്യസഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലെ ചെയറില്‍ പിടി ഉഷയായിരുന്നു. വിഷയം അവതരിപ്പിച്ചതില്‍ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു ബഹളംവച്ചു.
◾പ്രതിപക്ഷ എംപിമാര്‍ ഇന്നു മണിപ്പൂരിലേക്ക്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ച മോദി സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സന്ദര്‍ശനവുമായി എംപിമാര്‍ ഇറങ്ങിത്തിരിച്ചത്. ഇതേസമയം, രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചതുമൂലമാണ് മണിപ്പൂരില്‍ കലാപമുണ്ടായതെന്ന് മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ ഇന്നലെ ആരോപിച്ചു.
◾നഴ്സിംഗ് പഠനത്തിനു പൊതുപ്രവേശന പരീക്ഷയും നഴ്സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്ന ദേശീയ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മീഷന്‍ ബില്‍ ലോക്സഭ പാസാക്കി. സ്ഥാപിതമാകുന്ന നേഴ്സിംഗ് കമ്മീഷനില്‍ മന്ത്രിമാരും വിദഗ്ധരും അടക്കം 29 പേരുണ്ടാകും. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ 1947 ലെ ദേശീയ നഴ്സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാകും. ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്ലും ലോക്സഭ പാസാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് രണ്ടു ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
◾സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 42 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിനു നല്‍കിയ മറുപടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2026 -27 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണു പതിനാറാം ധനകമ്മീഷന്‍ രൂപീകരിക്കുന്നത്.
◾സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. സെലക്ഷന്‍ കമ്മിറ്റി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. അതിലുണ്ടായ പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
◾കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അട്ടിമറിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖലയെ എകെജി സെന്ററാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
◾സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കാത്തത് അതുകൊണ്ടാണെന്നും സുധാകരന്‍.
◾സിപിഎം നേതാവ് പി ജയരാജന്റെ 'മോര്‍ച്ചറി' പ്രയോഗം പ്രാസമൊപ്പിച്ചുള്ള പ്രസംഗത്തിലെ ഭാഷാ ചാതുര്യം മാത്രമായി കണ്ടാല്‍ മതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുവമോര്‍ച്ചയോടു ചേര്‍ത്ത് മോര്‍ച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം.
◾ലേബര്‍ ഓഫീസില്‍ ചര്‍ച്ചയ്ക്കിടെ നഴ്സുമാരെ മര്‍ദ്ദിച്ച തൃശൂരിലെ നയില്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു തൃശൂരില്‍ നഴ്സുമാര്‍ സൂചനാ സമരം നടത്തും. യുഎന്‍എ പിന്തുണയോടെയാണ് സമരം.
◾ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്നു കേസെടുത്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് ജീവനോടെ ഹാജരായതോടെ പുതിയ നീക്കവുമായി പോലീസ്. ഒന്നര വര്‍ഷം മുന്‍പ് ഭാര്യ അഫ്സാനയും സംഘവും ചേര്‍ന്ന് നൗഷാദിനെ മര്‍ദ്ദിച്ച് മരിച്ചെന്നു കരുതി പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചുപോയെന്നാണു പോലീസ് തയാറാക്കുന്ന പുതിയ ആരോപണം. ഭാര്യയുടെ ആള്‍ക്കാരുടെ മര്‍ദനം സഹിക്കാനാകാതെ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്ന് നൗഷാദ് മൊഴി നല്‍കിയിട്ടുണ്ട്.
◾കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രന്റെ മരണത്തിനിടയാക്കിയ മാനസിക സമ്മര്‍ദം പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനുമായിരുന്നു അന്വേഷണ കമ്മിറ്റി അംഗങ്ങള്‍. ചില വ്യക്തികളുടെ പ്രേരണയാലാണു മകന്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾പൊന്നാനിയില്‍ ഭാര്യ സുലൈഖയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് യൂനുസ് കോയയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ 'ഉമ്മയെ കൊന്ന ഉപ്പയെ തൂക്കിക്കൊല്ലണ'മെന്ന് വിളിച്ചുപറഞ്ഞ് മക്കള്‍. വൈകാരിക രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. യൂനസ്‌കോയ വിദേശത്തുനിന്ന് എത്തിയതിനു തൊട്ടടുത്ത ദിവസമായിരുന്നു കൊലപാതകം.
◾വിയ്യൂരില്‍ കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളി മറ്റൊരു തൊഴിലാളിയെ കുത്തിക്കൊന്നു. മുത്തുപാണ്ടി (49)യാണ് കൊല്ലപ്പെട്ടത്. മുത്തു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തെരച്ചില്‍. ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയ ആസാം സ്വദേശിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇയാള്‍ മദ്യലഹരിയിലാണ്. ചോദ്യം ചെയ്തെങ്കിലും ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെന്നു പോലീസ്.
◾റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി ഇന്ന്. ഖത്തറിലെ വ്യവസായിയായ സത്താറിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നു സംശയിച്ചാണ് കൊലപാതകം നടത്തിയത്. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് 2018 ല്‍ ക്വട്ടേഷന്‍ നടപ്പാക്കിയത്.
◾പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സനാതനപുരം പതിനഞ്ചില്‍ചിറ വീട്ടില്‍ ശ്രുതിമോള്‍ (24) ആണ് അറസ്റ്റിലായത്.
◾കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന എത്തിയായിരുന്നു പീഡനം.
◾വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ച പ്രതി അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി എസ്എ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (26) ആണ് പിടിയിലായത്.
◾വര്‍ക്കലയില്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഫാന്റം പൈലി എന്ന ഷാജിയെ അറസ്റ്റു ചെയ്തു.
◾ജര്‍മനിയിലും യുകെയിലും നഴ്സുമാരെ നിയമിക്കാന്‍ നോര്‍ക്ക മുഖേനെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷയും നോര്‍ക്കയുടെ വെബ് സൈറ്റില്‍.
◾മണിപ്പൂരില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറില്‍ കൂട്ടബലാല്‍സംഗം ഇല്ല. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. നഗ്‌നരാക്കി നടത്തിയതു മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും കലാപമുണ്ടാക്കാനുമാണെന്ന് ആരോപിച്ച് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തിട്ടുമുണ്ട്.
◾മണിപ്പൂരില്‍ സുരക്ഷാ സേനയെ വഴിയില്‍ വളഞ്ഞുവച്ച് കുക്കി ഗോത്രവര്‍ഗക്കാരായ സ്ത്രീകള്‍. തെന്‍ഗ്‌നോപാല്‍ ജില്ലയില്‍നിന്ന് മൊറേ നഗരത്തിലേക്കു ബസില്‍ പോകുകയായിരുന്ന സേനയെ തടയുകയായിരുന്നു. തങ്ങളുടെ മേഖലയിലേക്കു സേനാവിന്യാസം വേണ്ടെന്നു മുദ്രാവാക്യം മുഴക്കിയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം സേനയും കുക്കി വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നു കൂടുതല്‍ സേനയെ എത്തിക്കാനുള്ള നീക്കമാണു തടഞ്ഞത്.
◾ഇന്ത്യന്‍ രൂപയില്‍ വിദേശവ്യാപാരം സുഗമമാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കാനുമായി 22 രാജ്യങ്ങളില്‍ നിന്നുള്ള വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയിലെ 20 ബാങ്കുകള്‍ക്കാണ് അനുമതി. വ്യാപാര ഇടപാടുകള്‍ സുഗമമാക്കാന്‍ ഇന്ത്യയിലെ അംഗീകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശത്തുള്ള കറസ്‌പോണ്ടന്റ് ബാങ്കിന്റെ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാനാകും.
◾തമിഴ്നാട്ടിലെ കടലൂരില്‍ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനെതിരായ പിഎംകെ പ്രതിഷേധ സമരം യുദ്ധക്കളമായി മാറി. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരേ പിഎംകെ അധ്യക്ഷന്‍ അമ്പുമണി രാംദോസിന്റെ നേതൃത്വത്തിലായിരുന്നു സമരം. കല്ലെറിഞ്ഞ സമരക്കാരെ നേരിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിട്ടും ഫലിക്കാതെയാണ് വെടിവച്ചത്.
◾പൂനയിലെ ഭീമ - കൊറോഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേര എന്നിവര്‍ക്കു സുപ്രീം കോടതി ജാമ്യം നല്‍കി. യുഎപിഎ ചുമത്തി 2018 ലാണ് ഇവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അഞ്ചു വര്‍ഷം ജയിലില്‍ കിടന്ന ഇവരെ ഇനിയും വിചാരണ നടത്താതെ ജയിലില്‍ അടയ്ക്കുന്നതു ന്യായമല്ലെന്നു കോടതി നിരീക്ഷിച്ചു.
◾രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി സ്റ്റാലിന്‍ സര്‍ക്കാരിലാണെന്നും മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ശ്രമമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഖ്യത്തിന്റെ പേരു മാറ്റിയതുകൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികള്‍ ജനങ്ങള്‍ മറക്കില്ല. രാമേശ്വരത്ത് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയെ കസ്റ്റഡിയിലെടുത്തെങ്കിലും ശോഭന പരാതി പിന്‍വലിച്ചതോടെ താക്കീതു നല്‍കി വിട്ടയച്ചു.
◾കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തക ശകുന്തളയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. ഉഡുപ്പി കോളജിലെ ശുചിമുറിയില്‍ കാമറ വച്ചതിനു വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റിലായ സംഭവം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ സിദ്ധരാമയ്യയുടെ മരുമകള്‍ക്കോ ഭാര്യക്കോ സംഭവിച്ചാല്‍ ഇങ്ങനെ പറയുമോ എന്നു ചോദിച്ചുള്ള പോസ്റ്റിനാണ് അറസ്റ്റ്.
◾ലോക വിപണിയില്‍ അരിവില കുതിച്ചുയരുന്നു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെയാണ് വിയറ്റ്നാമില്‍നിന്നും തായ്‌ലന്‍ഡില്‍നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്.
◾കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം 2027ഓടെ യൂറോപ്യന്‍ രാജ്യമായ ഹംഗറിക്ക് തുല്യമാകുമെന്ന് എസ്.ബി.ഐ റിസര്‍ച്ചിന്റെ എക്കോറാപ്പ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജി.ഡി.പിയില്‍ ഏറ്റവുമധികം പങ്ക് വഹിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ഒന്നുമായിരിക്കും കേരളം. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 സംസ്ഥാന ബജറ്റ് പ്രകാരം 2022-23ല്‍ കേരളത്തിന്റെ ജി.എസ്.ഡി.പി 10.18 ലക്ഷം കോടി രൂപയായിരുന്നു; അതായത് ഏകദേശം 12,414 കോടി ഡോളര്‍. 2027ല്‍ ജി.എസ്.ഡി.പി 21,800 കോടി ഡോളറിലേക്ക് (17.87 ലക്ഷം കോടി രൂപ) കുതിച്ചുയരുമെന്നാണ് എക്കോറാപ്പ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇത് ഹംഗറിയുടെ ജി.ഡി.പിക്ക് തുല്യമായിരിക്കും. 2014ല്‍ 2.03 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി പത്താമത്തെ വലിയ സമ്പദ്ശക്തിയായിരുന്നു ഇന്ത്യ. ആഗോള ജി.ഡി.പിയില്‍ 2.4 ശതമാനമായിരുന്നു ഇന്ത്യയുടെ വിഹിതം. 2022ല്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി; 3.39 ലക്ഷം കോടി ഡോളറാണ് ജി.ഡി.പി മൂല്യം. ജി.ഡി.പി വിഹിതം 3.4 ശതമാനവും. 2027ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കും. ആ വര്‍ഷം ജി.ഡി.പി മൂല്യം അഞ്ചുലക്ഷം കോടി ഡോളര്‍ എന്ന നിര്‍ണായക നാഴികക്കല്ല് കടക്കുമെന്നും വിഹിതം 4 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5.13 ലക്ഷം കോടി ഡോളറായിരിക്കും ജി.ഡി.പി മൂല്യം. ജപ്പാന്‍, ജര്‍മനി എന്നിവയെ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് 2027ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുക. 2027ലും ഒന്നാംസ്ഥാനം അമേരിക്ക നിലനിറുത്തും; 31.09 ലക്ഷം കോടി ഡോളറായിരിക്കും അമേരിക്കന്‍ ജി.ഡി.പി മൂല്യം. 25.72 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാംസ്ഥാനത്തും തുടരും.
◾ഏവരും ആവേശത്തോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യഗാനം റിലീസ് ചെയ്തു. 'കലാപക്കാരാ' എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഐറ്റം നമ്പര്‍ ഗാനത്തിന് ദുല്‍ഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യന്‍ താരം റിതികാ സിങ്ങാണ്. മലയാളത്തില്‍ 'കലാപക്കാരാ' എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ 'ഹല്ലാ മച്ചാരെ', തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ജേക്സ് ബിജോയ് ആണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, ജേക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ജോ പോള്‍ ആണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും. ദുല്‍ഖറിന്റെ മാസ്സ് ആക്ഷന്‍ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
◾പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍. താന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. 'ലക്കി ഭാസ്‌കര്‍' എന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്‌കറിന് ഉണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യ എന്നിവര്‍ ചേര്‍ത്താണ് 'ലക്കി ഭാസ്‌കര്‍' നിര്‍മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
◾ഹ്യുണ്ടായ് മോട്ടോര്‍ അതിന്റെ 2023 ക്യു2 ബിസിനസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. ക്യു2 വരുമാനം 17.4 ശതമാനം വര്‍ധിച്ച് 42.25 ട്രില്യണ്‍ ആയി ഉയര്‍ന്നതായി ബ്രാന്‍ഡ് പറയുന്നു. പ്രവര്‍ത്തന ലാഭം 42.2 ശതമാനം വര്‍ധിച്ചു. റെക്കോര്‍ഡോടെ ഉയര്‍ന്ന് 4.24 ട്രില്യണ്‍ പ്രവര്‍ത്തന ലാഭം 10 ശതമാനത്തിലെത്തി. ക്യു2 അറ്റാദായം 3.35 ട്രില്യണ്‍ ആയി 8.5 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനം മെച്ചപ്പെടുകയും ബ്രാന്‍ഡിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തതിനാല്‍, 8.5 ശതമാനം വര്‍ധിച്ച് ക്യു 2 കാലയളവില്‍ കമ്പനി 1,059,713 യൂണിറ്റുകള്‍ വിറ്റു. ഫുള്‍-ഇലക്ട്രിക് മോഡലുകളുടെ വാര്‍ഷിക വില്‍പ്പന 47 ശതമാനം ഉയര്‍ന്ന് 78,000 യൂണിറ്റിലെത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ആഡംബര മോഡലുകള്‍ക്കും ആവശ്യക്കാരേറെയാണ്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ അനാച്ഛാദനം സാന്താ ഫേയാണ്. ഹ്യുണ്ടായിയുടെ ആദ്യത്തെ ഉയര്‍ന്ന പെര്‍ഫോമന്‍സ് ഇലക്ട്രിക് മോഡലായ അയോണിക്ക് 5 എന്‍ ആണ്.
◾ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്‌റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത മുപ്പതു വര്‍ഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളില്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചി ലാണ് റാമല്ല ഞാന്‍ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാല്‍ക്കീഴില്‍നിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളു മില്ലാതെ കവിയായ ബര്‍ഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. ജീവിതത്തില്‍ വിശ്വാസം ഉണര്‍ത്തുന്ന ആത്മകഥ. 'റാമല്ല ഞാന്‍ കണ്ടു'. മുരീദ് ബര്‍ഗൂതി. പരിഭാഷ - അനിത തമ്പി. ഡിസി ബുക്സ്. വില 280 രൂപ.
◾കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പ്പായലില്‍ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) കടല്‍മീന്‍ ഇമ്യുണോആല്‍ഗിന്‍ എക്‌സ്ട്രാക്റ്റ് എന്ന ഉത്പ്പന്നം നിര്‍മിച്ചത്. കടല്‍പ്പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സാര്‍സ് കോവ്-2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പ്പന്നത്തിനുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ. കാജല്‍ ചക്രവര്‍ത്തി പറഞ്ഞു. സാര്‍സ് കോവ്-2 ഡെല്‍റ്റ വകഭേദങ്ങള്‍ ബാധിച്ച കോശങ്ങളില്‍ വൈറസ് ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിത അളവിലുള്ള സൈറ്റോകൈന്‍ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള ഉത്പ്പന്നത്തിന് പാര്‍ശ്വഫലങ്ങളില്ലെന്നും ഗവേഷകര്‍ പറഞ്ഞു.