◾പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യിലെ എംപിമാര്‍ മണിപ്പൂരിലേക്ക്. നാളേയും ഞായറാഴ്ചയുമായാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. മണിപ്പൂര്‍ വിഷയത്തെക്കുറിച്ചു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ ചര്‍ച്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് മണിപ്പൂര്‍ സന്ദര്‍ശനം.
◾ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി. ഭരണം പിടിച്ചെടുത്തെന്നു കേണല്‍ മേജര്‍ അമാദു അദ്രമാനാണ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചു. തടങ്കലിലായ പ്രസിഡന്റ് മുഹമ്മദ് ബാസുവിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. മുഹമദ് ബാസുവുമായി ഫോണില്‍ സംസാരിച്ചെന്നും പിന്തുണയ്ക്കുമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ എസ്.കെ മിശ്രയ്ക്കു സുപ്രീം കോടതി കാലാവധി നീട്ടി നല്‍കി. കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി കാലാവധി നീട്ടരുതെന്നും ഉത്തരവില്‍ പറയുന്നു.
◾മണിപ്പൂര്‍ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസിന്റെ വിചാരണ മണിപ്പൂരിനു പുറത്തു നടത്തണമെന്നും ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
◾മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കും ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കത്തിനും എതിരേ യുഡിഎഫ് നാളെ ബഹുസ്വരതാ സംഗമം നടത്തും. രാവിലെ പത്തിനു തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണു സംഗമം. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.
◾മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം പിന്‍വലിച്ചെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളജിന് 150 എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം എല്ലാ സീറ്റുകളിലും അഡ്മിഷന്‍ നടത്തും. മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ ഉടനേ പരിഹരിച്ച് റിപ്പോര്‍ട്ടു നല്‍കുമെന്നും മന്ത്രി.
◾എറണാകുളം നഗരത്തില്‍ ഇന്നും നാളേയും കുടിവെള്ളം മുടങ്ങും. ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ സംസ്‌കാര ജങ്ഷനില്‍ പൊട്ടിയതാണ് കാരണം. കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.
◾സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കലും മതില്‍ നിര്‍മിക്കലും അടക്കം 14 ജോലികള്‍ നടത്താന്‍ കേന്ദ്രം അനുമതി തന്നിട്ടുണ്ടെന്നും കെ റെയില്‍ അധികൃതര്‍. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ല. അതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനമാണ് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
◾എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകള്‍ മനസിലാക്കി പിന്മാറിയ വ്യവസായിക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയയുടെ ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജെയിംസ് പാലമുറ്റം പരാതിയുമായി തന്നെ വന്നു കണ്ടിരുന്നു. വിവരം കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
◾ആശുപത്രി ഉടമയെ കള്ളകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്പെക്ടര്‍ കെ.കെ ദിനേശനെയാണ് കൊച്ചി സിബിഐ കോടതി ശിക്ഷിച്ചത്.
◾കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മറ്റൊരാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ ആ ബാഗില്‍ ബോംബുണ്ടെന്നു പറഞ്ഞ യാത്രക്കാരനെ ബോംബ് ഭീഷണി മുഴക്കിയെന്ന കേസില്‍ അറസ്റ്റു ചെയ്തു. തൃക്കാക്കര ഗ്രീന്‍ലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് പിടിയില്‍ ആയത്. ദുബായിലേക്കു പോകാന്‍ എത്തിയതായിരുന്നു ഇയാള്‍.
◾തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചെന്ന് നഴ്സുമാര്‍. തൃശൂര്‍ നൈല്‍ ആശുപത്രി എം.ഡി ഡോ. വി.ആര്‍ അലോകിനെതിരേയാണ് പരാതി. നാലു നഴ്സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതു സംബന്ധിച്ച് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ മര്‍ദ്ദിച്ചെന്നാണ് ആരോപണം.
◾ഇടുക്കി അടിമാലിയില്‍ ലോഡ്ജ് ഉടമ അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു കീഴ്ക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് 2015 ല്‍ കൊലപ്പെടുത്തിയത്.
◾തെങ്ങുകയറുന്നവരുടെ കയ്യിലെയും കാലിലെയും തഴമ്പ് സൗന്ദര്യ ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാത്തതിനാലാണ് തെങ്ങു കയറാനും കള്ളു ചെത്താനും ആളെ കിട്ടാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടെ മദ്യനയത്തെ ന്യായീകരിക്കവേയാണ് ജയരാജന്‍ ഇങ്ങനെ പറഞ്ഞത്.
◾യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കിയ പി ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി ജയരാജനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവമോര്‍ച്ച പരാതി നല്‍കി.
◾കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇരുവരും ആര്യവൈദ്യശാലയില്‍ ചികില്‍സയിലാണ്. രാഹുല്‍ഗാന്ധിക്ക് എം ടി വാസുദേവന്‍ നായര്‍ ഒരു പേന സമ്മാനിച്ചു. ഈ പേന താന്‍ എക്കാലവും കാത്തുസൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
◾കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന്‍ മരിച്ചു. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോകവേ കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലാണ് പതിച്ചത്.
◾വയനാട് മീനങ്ങാടിയില്‍ പശുവിനു പുല്ലരിയാന്‍ പുഴയോരത്തു പോയി കാണാതായ കീഴാനിക്കല്‍ സുരേന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഒന്നര കിലോമീറ്റര്‍ അകലെ ചെക്ക് ഡാമിനു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ കാര്യമായ മുറിപ്പാടുകളില്ല. ചീങ്കണ്ണി വലിച്ചിഴച്ചു കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
◾ഒന്നര വര്‍ഷംമുമ്പ് പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യ അഫ്സാനയെ അറസ്റ്റു ചെയ്തു. അടൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപമുള്ള നാലിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അഫ്സാന പറയുന്നതെന്ന് പോലീസ്.
◾മണിപ്പൂര്‍ കലാപത്തില്‍ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനു പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
◾സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പടവരാട് തൈപ്പാട്ടില്‍ അബിയെ (43) നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾വര്‍ക്കലകുന്നിനു മുകളില്‍നിന്നും കാര്‍ താഴേക്കു വീണ് നാലു യാത്രക്കാര്‍ക്കു ഗുരുതര പരിക്ക്. കുന്നിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ 50 അടി താഴ്ചയില്‍ കടല്‍ത്തീരത്തേക്കാണ് വീണത്.
◾മണിപ്പൂരില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബോംബേറില്‍ പരിക്കേറ്റാണ് മരണം. ചുരാചന്ദ്പൂരില്‍ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.
◾അധികാരത്തിനുവേണ്ടി ബിജെപി മണിപ്പൂര്‍ മാത്രമല്ല, രാജ്യംതന്നെ കത്തിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
◾മണിപ്പൂര്‍ കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിഹാറിലെ ബിജെപിയില്‍ രാജി. ബിജെപി വക്താവായിരുന്ന വിനോദ് ശര്‍മ്മയാണു രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.
◾പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ അടുത്ത യോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ മുംബൈയില്‍ ചേരും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കും.
◾ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് യുപിഎ എന്ന പേരു മാറ്റി പുതിയ പേരുമായി പ്രതിപക്ഷ കക്ഷികള്‍ എത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാണക്കേടുമൂലമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.
◾ജ്ഞാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം മൂന്നു വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം മൂന്നിനു വിധി പറയും. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ല. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്. ചോദ്യം ചെയ്ത് പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
◾ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന സംസ്ഥാന പദയാത്രയില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു പളനിസ്വാമിയെ ക്ഷണിച്ചിരുന്നു.
◾മൂവായിരം കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിനു തീ പിടിച്ചു. ഡച്ച് ദ്വീപായ അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് മാറിയാണ് അപകടം. തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മന്‍ തുറമുഖമായ ബ്രെമര്‍ഹാവനില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ഡിലേക്ക് പോകുകയായിരുന്ന ഫ്രീമാന്റില്‍ എന്ന ചരക്കുകപ്പലിനാണു തീ പിടിച്ചത്.
◾ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ പേര് 'എക്സ്' എന്നു മാറ്റിയതോടെ ഇന്തോനേഷ്യ താല്‍ക്കാലികമായി നിരോധിച്ചു. പോണ്‍ സൈറ്റിനോട് സമാനമായ പേര് വന്നതിനാലാണു നിരോധനം. ഇന്തോനേഷ്യയില്‍ 24 ദശലക്ഷം ഉപയോക്താക്കള്‍ ട്വിറ്ററിനുണ്ട്.
◾വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 114 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. മൂന്ന് ഓവറില്‍ 6 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റെടുത്ത കുല്‍ദീപ് യാാദവാണ് കളിയിലെ താരം.
◾എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് 'കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡിന്റെ പ്രത്യേകത 10% ക്യാഷ് ബാക്ക് നല്‍കുന്നു എന്നതാണ്. സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി കാര്‍ഡ് 10% ക്യാഷ് ബാക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭക്ഷ്യ വിതരണം, പലചരക്ക്, പുറത്തുപോയുള്ള ഭക്ഷണം കഴിക്കല്‍ മറ്റ് സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ക്യാഷ് ബാക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, നൈക, ഒല, ഊബര്‍, സാറ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിന് കടകള്‍ക്ക് 5% ക്യാഷ് ബാക്ക് ലഭിക്കുന്നു എന്നതും സവിശേഷതയാണ്. ഉപയോക്താക്കള്‍ക്ക് ഒട്ടുമിക്ക എല്ലാ ഇടപാടുകളിലും 1% ക്യാഷ് ബാക്കും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. 'സ്വിഗ്ഗി മണി' എന്ന രൂപത്തിലാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഇത് സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെയുള്ള വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ സ്വിഗ്ഗി ആപ്ലിക്കേഷനില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കി തുടങ്ങും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാനാകും. വിപണിയില്‍ ആമസോണ്‍-ഐ.സി.ഐ.സി.ഐ, ഫ്‌ളിപ്കാര്‍ട്ട്-ആക്‌സിസ് ബാങ്ക് എന്നീ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളുമായാണ് സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി കാര്‍ഡ് മത്സരിക്കേണ്ടി വരുന്നത്.
◾ശരത്കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് 'പോര്‍ തൊഴില്‍'. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഓഗസ്റ്റ് നാലിനായിരിക്കും സ്ട്രീമിംഗ് തുടങ്ങുക. വിഘ്നേശ് രാജയാണ് സംവിധാനം ചെയ്തത്. വിഘ്നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശരത്കുമാര്‍ 'എസ് പി ലോഗനാഥനാ'യപ്പോള്‍ ചിത്രത്തില്‍ 'ഡിഎസ്പി കെ പ്രകാശാ'യി അശോക് സെല്‍വനും 'വീണ'യായി നിഖില വിമലും 'എഡിജിപി ഡി മഹേന്ദ്രനാ'യി നിഴല്‍ഗല്‍ രവിയും 'കെന്നഡി'യായി ശരത് ബാബുവും 'മാരിമുത്താ'യി പി എല്‍ തേനപ്പനും 'മുത്തുസെല്‍വനാ'യി സുനില്‍ സുഖദയും വേഷമിട്ടു. ജേക്ക്സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വന്‍ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. 'പോര്‍ തൊഴില്‍' ക്രൈം ത്രില്ലര്‍ ചിത്രം ആയിരുന്നു.
◾മാത്യു തോമസും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ചിത്രമായിരുന്നു നെയ്മര്‍. ഇവര്‍ക്കൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു. മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
◾റെനോ നിസാന്‍ സഖ്യം അതിന്റെ അത്യാധുനിക ചെന്നൈ പ്ലാന്റില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിക്കുന്ന നാഴികക്കല്ല് പിന്നിട്ടു. ഇവിടെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇത് ഓരോ മൂന്ന് മിനിറ്റിലും ഒരു കാറിന് തുല്യമാണ്. പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം മൊത്തത്തില്‍, റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകള്‍ പ്ലാന്റ് നിര്‍മ്മിച്ചു. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് ഇന്ത്യന്‍ വിപണിയിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, ചെന്നൈയിലെ കാമരാജര്‍ തുറമുഖത്തേക്ക് 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടുന്ന 108 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ആദ്യം, റെനോ നിസ്സാന്‍ അലയന്‍സ് ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
◾ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന വിശേഷണം ഉമ്മന്‍ ചാണ്ടിക്കുള്ളതത്രേ. 1970 മുതല്‍ തുടര്‍ച്ചയായി സംസ്ഥാന നിയമ സഭയില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി എല്‍ എല്‍ എ, മന്ത്രി യുഡി എഫ് കണ്‍വീനര്‍, പ്രതിപക്ഷനേതാവ് , മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 'ഉമ്മന്‍ ചാണ്ടി'. പാലോട് ദിവാകരന്‍. ശ്രേഷ്ഠ പബ്ളിക്കേഷന്‍സ്. വില 180 രൂപ.
◾ഇന്ന് ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ദീര്‍ഘകാല കരള്‍ രോഗമുണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവര്‍ സീറോസിസും കരളിലെ അര്‍ബുദബാധയുമുണ്ടാകുന്നു. പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു. പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചില മുന്‍കരുതലുകളും എടുക്കാം. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.