◾അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഇപ്പോള്‍ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു.
◾കേന്ദ്രസര്‍ക്കാരില്‍നിന്നു പണം കിട്ടാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്. ഇതേസമയം, സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ലഭിച്ചാല്‍ ഉടനെ അവശേഷിക്കുന്ന ശമ്പളം നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.
◾റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്‍കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. റബ്ബര്‍ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി വര്‍ധിപ്പിച്ച് കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. കേസെടുത്തത് വന്‍ വിവാദമാവുകയും പൊതുജനം പരിഹാസവുമായി രംഗത്തുവരികയും ചെയ്തതോടെ കേസു വേണ്ടെന്ന് മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു.
◾യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളെല്ലാം സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ചല്ല തെരഞ്ഞെടുപ്പു നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഷഹബാസാണ് കോടതിയെ സമീപിച്ചത്.
◾ബഹുസ്വരത അപകടത്തിലായാല്‍ ദേശീയത തന്നെ അപകടത്തിലാകുമെന്നും ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കണമെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഏകീകൃത സിവില്‍ കോഡിനെതിരേ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കളും സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പങ്കെടുത്തു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണനും കോണ്‍ഗ്രസ് പ്രതിനിധിയായി വിടി ബല്‍റാമുമാണ് പങ്കെടുത്തത്.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിനു പരിചയപ്പെടുത്താന്‍ ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഷിപ്പിംഗ് കോണ്‍ക്ലേവ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അടുത്ത വര്‍ഷം മെയ് മാസത്തോടെ തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ ക്രയിന്‍ വഹിച്ചുള്ള ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 24 ന് വിഴിഞ്ഞത്തെത്തും. മന്ത്രി പറഞ്ഞു.
◾ആലപ്പുഴ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പരിശോധന നടത്തിയ ശേഷമാണ് അംഗീകാരം റദ്ദാക്കിയത്. വേണ്ടത്ര ഡോക്ടര്‍മാരും സീനിയര്‍ റസിഡന്‍സന്‍സും ഇല്ലാത്തതിനാലാണ് അംഗീകാരം നഷ്ടമായത്.
◾തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിലൂടെ കടല്‍യാത്ര വിലക്കണമെന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്നു. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു.
◾സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. 1500 സ്ഥലങ്ങളിലായി 3500 ഹോട്ടലുകളിലും ഷവര്‍മ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണു പരിശോധിച്ചത്.
◾മണിപ്പൂര്‍ കലാപത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. അബ്ദുള്‍ സലാം, ഷെരീഫ്, ആഷിര്‍, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾പത്തനംതിട്ട മണ്ണാറമലയിലെ വീട്ടില്‍നിന്ന് 100 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. മൂന്നുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.
◾കാലടി പോലീസ് സ്റ്റേഷനില്‍നിന്ന് രണ്ടു കെഎസ് യു പ്രവര്‍ത്തകരെ ലോക്കപ്പില്‍നിന്ന് രണ്ട് എംഎല്‍എമാര്‍ മോചിപ്പിച്ചു കൊണ്ടുപോയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.യു പ്രവര്‍ത്തകരെ മോചിപ്പിച്ചതിന് എംഎല്‍എമാരായ സനീഷ് കുമാര്‍, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
◾പ്ലസ് വണ്ണിന് 97 അധിക ബാച്ചുകള്‍ താത്കാലികമായി അനുവദിച്ചതുകൊണ്ടു പ്രയോജനമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് വേണ്ടത്. 97 ബാച്ചു വന്നാലും ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കു സീറ്റു കിട്ടില്ല. ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു.
◾തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഓരോ നഴ്‌സിംഗ് കോളേജിനും എട്ടു വീതം സീറ്റുകളാണ് അനുവദിച്ചത്.
◾മുഖ്യമന്ത്രി എത്ര ക്രൂരനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൈക്ക് വിവാദത്തില്‍ കേസു വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനു പിറകേയാണ് മരുമകനായ മന്ത്രിയുടെ പ്രതികരണം.
◾മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. 44 വര്‍ഷത്തിനിടെ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
◾പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. സിപിഎം ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
◾വ്യാപാര സ്ഥാപനത്തിനു ലൈസന്‍സ് അനുവദിക്കാന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി. സുരേഷിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
◾ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് രാജിവയ്ക്കണമെന്ന് കൊല്ലം ഡിസിസി. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ ഷീബ ചെല്ലപ്പന്‍, സുജാതന്‍ അമ്പലക്കര എന്നിവരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്.
◾പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുത്തെന്ന കേസില്‍ പ്രതിയായ ജയില്‍ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
◾ചോക്ലേറ്റ് കമ്പനിയില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നായി ഒരു കോടി രൂപയോളം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ആലപ്പുഴ പുറക്കാട് സ്വദേശികളായ വിഷ്ണു (32), ദേവനന്ദു (21) എന്നിവരെയാണ് പിടികൂടിയത്.
◾വയനാട്ടിലെ മീനങ്ങാടി മുരണിയിലെ പുഴയോരത്തു പുല്ലരിയാന്‍ പോയ കര്‍ഷകനെ കാണാതായി. കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55)യാണു കാണാതായത്. വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
◾അഴീക്കോടുനിന്ന് മീന്‍ പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ വള്ളത്തിലെ 42 തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യു ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് സ്വദേശി പുളിക്കശേരി ഹര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള 'അറഫ' എന്ന വള്ളമാണ് പ്രൊപ്പല്ലറില്‍ വല ചുറ്റി എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.
◾കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്കു ഗുരുതര പരിക്കേറ്റു. മാന്നാര്‍- മാവേലിക്കര സംസ്ഥാന പാതയില്‍ ചെറുകോല്‍ ശാന്തിവനം ജംഗ്ഷനു സമീപം പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. കാര്‍ ഓടിച്ചിരുന്ന ചെറുകോല്‍ സ്വദേശി ആഫിഖ് ജോണ്‍(26), കോട്ടയം കാരാപ്പുഴ റയാന്‍ റെജി (26), ചെറുകോല്‍ മുണ്ടപ്പള്ളില്‍ അമല്‍കൃഷ്ണ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾ജിഎസ്ടി വകുപ്പ് രണ്ടു മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയില്‍ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകള്‍ കണ്ടെത്തി. 11,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നു ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
◾ജ്ഞാന്‍വാപി പള്ളിയിലെ പുരാവസ്തു സര്‍വേക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി നീട്ടി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. കേസില്‍ ഇന്നു മൂന്നരയ്ക്ക് ഹൈക്കോടതിയില്‍ വാദം തുടരും.
◾ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കൂവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്. മൂന്നു മാസമായി തുടരുന്ന കലാപത്തെ മുഖ്യമന്ത്രി പക്ഷപാതപരമായാണു കൈകാര്യം ചെയ്തതെന്നും രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
◾മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 2019 ലെ ബജറ്റ് സമ്മേളനത്തിടെ മോദി നടത്തിയ പ്രസംഗത്തില്‍ പ്രവചിച്ചിരുന്നെന്ന് ബിജെപി നേതാക്കളുടെ പ്രചാരണം. 2018 ലെ അവിശ്വാസ പ്രമേയത്തെക്കുറിച്ചു സംസാരിക്കവേയാണ് 2023 ല്‍ വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നു പറഞ്ഞത്.
◾ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലിക്കു പ്രത്യേക സംവരണം നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംവരണ ആനൂകൂല്യമുള്ള വിഭാഗത്തില്‍പെട്ടവര്‍ക്ക് അനൂകൂല്യം ലഭിക്കും. 2014 ല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
◾എയര്‍ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ 'മഹാരാജ' യെ തഴയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ലോഞ്ചുകള്‍ക്കും പ്രീമിയം ക്ലാസുകള്‍ക്കുമായി മഹാരാജ ചിത്രം ഉപയോഗിക്കും. 1946 മുതല്‍ ഉപയോഗിക്കുന്ന 'മഹാരാജ' ലോഗോ ഇനി ഒരു ലോഗോ ആയി ഉപയോഗിക്കില്ല.
◾ഗോ ഫസ്റ്റ് ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നു. അടുത്ത ആഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ ആരംഭിക്കുമെന്നും ഗോ ഫ്ളൈറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
◾യമുനാ നദിയില്‍നിന്നു ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ച ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
◾ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. പുരുഷ, വനിതാ ടീമുകള്‍ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്റെ മാനദണ്ഡമാണ് നിലവിവില്‍ മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്കായി ഇളവു വരുത്തിയത്.
◾2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടിയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 46.5% വര്‍ധനയോടെ 2,493 കോടി രൂപയിലെത്തി. വരുമാനം 34 ശതമാനം ഉയര്‍ന്ന് 47,882.37 കോടി രൂപയും. കഴിഞ്ഞ പാദത്തില്‍ ഓര്‍ഡറുകളില്‍ 57 ശതമാനം വര്‍ധനയുണ്ടായി. 65,520 കോടി രൂപയുടെ ഓര്‍ഡറാണ് നേടിയത്. ഇതില്‍ 27,464 കോടി രൂപ വിദേശ ഓര്‍ഡറുകളാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡറുകള്‍ 4.13 ലക്ഷം കോടി രൂപ കവിഞ്ഞു. ഓഹരിയൊന്നിന് ആറ് രൂപ വീതം പ്രത്യേക ഡിവിഡന്‍ഡിനും ബോര്‍ഡ് അനുമതി നല്‍കി. 3.7 ലക്ഷം കോടിരൂപയാണ് എല്‍ & ടിയുടെ വിപണി മൂല്യം. അതേസമയം 10,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാനും കമ്പനി തീരുമാനിച്ചു. ഓഹരി ഒന്നിന് 3,000 രൂപ നിരക്കിലാണ് ബൈബാക്ക്. 3.33 കോടി ഓഹരികളാണ് നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.4 ശതമാനം വരുമിത്. ജൂലൈ 25ലെ ഓഹരിയുടെ ക്ലോസിംഗ് വിലയായ 2,561.95 രൂപയേക്കാള്‍ 17 ശതമാനം പ്രീമിയത്തിലാണ് തിരിച്ചുവാങ്ങുന്നത്. ആദ്യമായാണ് എല്‍&ടി ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്. കമ്പനിയുടെ സര്‍പ്ലസില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എല്‍ & ടിയുടെ റിസര്‍വ് ആന്‍ഡ് സര്‍പ്ലസ് 88,577.76 കോടി രൂപയാണ്.
◾'ലിയോ'യില്‍ ഒരു ഗാനരംഗത്തില്‍ വിജയ്ക്കൊപ്പം നൂറ് നര്‍ത്തകരാണ് എത്തിയതെങ്കില്‍ ജവാനില്‍ ഷാരൂഖ് ഖാനൊപ്പം ആയിരം നര്‍ത്തകരാണ് അണിനിരക്കുന്നത്. ചിത്രത്തിലെ 'സിന്ദ ബാന്ദ' ഗാനത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി ഷോബിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ് ഗാനം ഒരുങ്ങുന്നത്. ഹൈദരാബ്, ബംഗ്ലൂരു, മധുര, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. 15 കോടിയാണ് ഈ ഗാനത്തിന്റെ മാത്രം ബജറ്റ്. അതേസമയം, വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുക. നയന്‍താര നായികയായും എത്തുന്നു. സന്യ മല്‍ഹോത്ര, പ്രിയാമണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും.
◾'ക്യാപ്റ്റന്‍ മില്ലെര്‍' ചിത്രത്തില്‍ ധനുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റന്‍ മില്ലെര്‍'. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജൂലൈ 28ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുന്നതിന് മുന്നോടിയായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റന്‍ മില്ലെര്‍' ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകള്‍ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എവിടെയാണ് ധനുഷ് ചിത്രം ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരന്‍ പുറത്തുവിട്ടിട്ടില്ല.
◾ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 87,599 കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2021 ജൂലായ് 5-നും 2023 ഫെബ്രുവരി 15-നും ഇടയില്‍ നിര്‍മ്മിച്ച എസ്-പ്രസ്സോ, ഇക്കോ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ സ്റ്റിയറിങ്ങ് ടൈ റോഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ചില സന്ദര്‍ഭങ്ങളില്‍ ഈ മോഡല്‍ വാഹനങ്ങളുടെ സിറ്റിയറിംഗ് കണ്‍ട്രോളിനെയും ഹാന്‍ഡലിംഗിനെയും ഇത് ബാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റീ കോള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചു. വാഹനം പരിശോധിക്കുന്നതിന് കമ്പനിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍നിന്ന് ഉടമകള്‍ക്ക് അറിയിപ്പ് ലഭിക്കും. പരിശോധനയ്ക്ക് ശേഷം തകരാര്‍ സംഭവിച്ച ഭാഗം മാറ്റി പുതിയത് സൗജന്യമായി സ്ഥാപിച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചു. തിരിച്ചു വിളിക്കല്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
◾സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതില്‍ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകര്‍ക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയപ്പോള്‍ മറ്റു ചില ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാര്‍ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറില്‍നിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവര്‍ത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. 'ഇന്ത്യന്‍ മഹാസമുദ്രവും മലബാറും'. എഡിറ്റര്‍മാര്‍ - മഹ്‌മൂദ് കൂരിയ, മൈക്കല്‍ നയ്ലര്‍ പിയേഴ്സണ്‍. വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ്. ഡിസി ബുക്‌സ്. വില 470 രൂപ.
◾പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ഫ്രാന്‍സിലെ ഐഎസ്‌ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം പേരെ ഏഴ് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോള്‍ കഴിക്കുന്നു എന്നതും പ്രമേഹത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ നല്ലതല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇന്‍സുലിന്‍ തോതിനെയും ബാധിക്കുമെന്ന് ഐഎസ് ഗ്ലോബലിലെ ഗവേഷക അന്ന പാലോമര്‍ ക്രോസ് പറയുന്നു. രാത്രി ഭക്ഷണം പത്ത് മണിക്ക് ശേഷം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം അടിവരയിടുന്നു. ഒറ്റയടിക്ക് ഭക്ഷണം കഴിക്കാതെ ചെറിയ അളവില്‍ പല തവണ കഴിക്കുന്നത് (ദിവസം അഞ്ച് തവണ) പ്രമേഹസാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ പ്രഭാതഭക്ഷണവും നേരത്തെ രാത്രി ഭക്ഷണവും കഴിക്കുന്നവരില്‍ ദീര്‍ഘനേരത്തെ ഉപവാസം ഗുണം ചെയ്യുമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
*ശുഭദിനം*
അയാളുടെ കണ്ണിന് അസഹ്യമായ വേദനയായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും വേദനക്ക് കുറവുണ്ടായതേയില്ല. അപ്പോഴാണ് അറിഞ്ഞത്, അടുത്തുളള ഗ്രാമത്തില്‍ ഒരു വൈദ്യനുണ്ടെന്നും അദ്ദേഹം മാറ്റാത്ത അസുഖങ്ങളില്ല എന്നും. അയാള്‍ ആ വൈദ്യനെ ചെന്നുകണ്ടു. ചികിത്സയുടെ ആദ്യപടിയായി പച്ചനിറത്തിലേക്ക് മാത്രം നോക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അയാള്‍ തിരികെ വീട്ടിലെത്തി. തന്റെ കാഴ്ചയെത്തുന്നിടത്തെല്ലാം പച്ചനിറം അടിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് വൈദ്യന്‍ വീട്ടിലെത്തിയപ്പോള്‍ അതിശയിച്ചുപോയി. വീടും അതിനകത്തുള്ള എല്ലാ വസ്തുക്കളും പച്ച നിറം. ഇവിടം നിറയെ പച്ചനിറമാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: അങ്ങല്ലേ, ഞാന്‍ നോക്കുന്ന ഭാഗം മുഴുവന്‍ പച്ചനിറം വേണമെന്ന് പറഞ്ഞത്? അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് വൈദ്യന്‍ തുടര്‍ന്നു: ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്ക് പച്ചനിറം ആക്കാന്‍ സാധിക്കുമോ? വെറും ഒരു പച്ചക്കണ്ണട വാങ്ങി വെച്ചാല്‍ പോരേ... ആ കണ്ണടക്കുപകരം ഇത്രയും പണം ചിലവാക്കി പച്ചനിറം ആക്കേണ്ടതുണ്ടോ? വൈദ്യന്‍ തുടര്‍ന്നു: ഈ ലോകമോ ലോകത്തിന്റെ രൂപമോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് വിഢ്ഢിത്തമാണ്. പകരം സ്വയം മാറാന്‍ ശ്രമിക്കുക. കാഴ്ചപ്പാടാണ് മാറ്റേണ്ടത്.. നമ്മുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ തെളിഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം - *ശുഭദിനം.*