പ്രഭാത വാർത്തകൾ 2023/ജൂലൈ 26/ബുധനൻ .1198/കർക്കിടകം 10/ ചോതി.

◾റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പു സമരം പിന്‍വലിക്കും. ഭക്ഷ്യ മന്ത്രി അനില്‍ റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ 49 ശതമാനമേ നല്‍കൂവെന്ന സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കും. കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടിയാകുമ്പോള്‍ 28 കോടി രൂപ വേണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

◾തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി. നേരത്തെയുള്ള വൈരാഗ്യമാണോ കൊലയ്ക്കു കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

◾ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമാകൂ. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള കേസില്‍ ഈ പരാമര്‍ശം നടത്തിയത്.

◾പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ അന്തിമവാദം ഇന്ന്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പട്ടയം റദ്ദാക്കാമെന്നാണു നിലവിലെ ചട്ടമെന്നു കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 1964 ലെ ഭൂ പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും സംസ്ഥാനം വ്യക്തമാക്കി.

◾എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഭരണസ്തംഭനംമൂലം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍നല്‍കിയില്ലെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി. 2022 ല്‍ വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോര്‍ട്ടലില്‍നിന്നു പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയെന്ന് വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബിടെക് പരീക്ഷയില്‍ 13,025 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയെന്നാണു വിശദീകരണം.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നു പിജി ഡോക്ടര്‍മാരുടെ സമരം. മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെ സമരം നടത്തുന്നത്. ഒ പി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല.

◾റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ 30 വരെ പുനക്രമീകരിക്കും. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഇന്നും 28, 30 തീയതികളിലും രാവിലെ എട്ടു മുതല്‍ ഒരു മണി വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചയ്ക്കു ശേഷം രണ്ടു മുതല്‍ ഏഴുവരേയുമാണു കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരേയും നവംബര്‍ 25, 28, 30 തീയതികളില്‍ ഉച്ചയ്ക്കു രണ്ടു മണി മുതല്‍ ഏഴു വരേയും പ്രവര്‍ത്തിക്കണം.

◾നിയമനക്കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സമരവും പ്രതിഷേധവും തടയാനാവില്ലെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമരക്കാര്‍ മേയറുടെ ഓഫീസ് പ്രവര്‍ത്തനം തടഞ്ഞെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങള്‍ക്കു വേറെ ഹര്‍ജി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

◾നിയമന ശുപാര്‍ശ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. കത്തെഴുതാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ലെറ്റര്‍പാഡ് ആരോ അപഹരിച്ച് ദുരുപയോഗിച്ചെന്നുമാണ് മൊഴി. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ശുപാര്‍ശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

◾എഴുത്തുകാരനും തിരക്കഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. 59 വയസായിരുന്നു. ഭാര്യ നാട്ടില്‍ പോയിരുന്നു. ഫോണില്‍ കിട്ടാതായപ്പോള്‍ പോലീസിനെ അറിയിച്ചു. പൊലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നാണ് അകത്തു കടന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. കേരള സാഹിത്യ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, ഭാരത് ഭവന്‍ ഭരണസമിതി അംഗമായിരുന്നു. ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

◾ടൂറിസം, വ്യവസായ വളര്‍ച്ചയെ ചൊല്ലി സംവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ആഭ്യന്തര വരുമാനത്തിന്റെ പത്തു ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയില്‍ നിന്നാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യവും ലോട്ടറിയും വിറ്റാണ് കേരളം വരുമാനമുണ്ടാക്കുന്നതെന്ന ആരോപണത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റം വ്യവസായ -നിക്ഷേപങ്ങള്‍കൊണ്ടാണെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത വ്യവസായ സൗഹാര്‍ദ അന്തരീക്ഷം അവിടെയുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂര്‍ എംപിയും തൊട്ടരികിലാണ് ഇരുന്നതെങ്കിലും പരസ്പരം സംസാരിച്ചതുപോലുമില്ല.

◾മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിനു പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പാകിസ്ഥാന്‍ കോടതി തള്ളി. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ചത്. 8,640 കിലോമീറ്റര്‍ 280 ദിവസം നടന്ന് അടുത്ത വര്‍ഷം മക്കയില്‍ എത്താനായിരുന്നു പരിപാടി. കാല്‍നടയായി 3000 കിലോമീറ്റര്‍ സഞ്ചരിച്ച ശിഹാബിന്റെ യാത്ര ഇപ്പോള്‍ വാഗാ അതിര്‍ത്തിയില്‍ തടസപ്പെട്ട നിലയിലാണ്.

◾’എന്റെ ഉസ്താദിന് ഒരു വീട്’ ഭവന പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘം മഞ്ചേരിയില്‍ പിടിയില്‍. ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്തെന്നാണ് പോലീസ് പറയുന്നത്. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന്‍, പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. 58.5 ലക്ഷം രൂപയും ഇവരില്‍നിന്നു പിടിച്ചെടുത്തു.

◾പത്തനംതിട്ടയില്‍ റവന്യു വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമന ഉത്തരവ് കൈമാറിയതില്‍ കൂടുതല്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ശേഷമാണ് അടൂര്‍ തഹസില്‍ദാര്‍ക്ക് നിയമന ഉത്തരവിന്റെ പകര്‍പ്പു കിട്ടിയത്. ശിരസ്തദാറിന്റെ നിര്‍ദേശ പ്രകാരമാണ് തഹസില്‍ദാര്‍ ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചത്. എല്‍ഡി ക്ലര്‍ക്ക് നിയമനം കിട്ടിയ 25 പേരുടെ പട്ടികയിലെ രണ്ടു പേരും അടൂര്‍ താലൂക്ക് ഓഫീസിലാണ് ജോലിയില്‍ പ്രവേശിച്ചത്.

◾വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◾തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രി പൂജ നടത്തിയ പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പൂജാരിയില്‍നിന്ന് എയര്‍ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി. പൂജാരി മുള്ളൂര്‍ക്കര സ്വദേശി സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലേലത്തില്‍ വാങ്ങിയ ഭൂമിയുടെ ദോഷം തീര്‍ക്കാനാണു പൂജ നടത്തിയതെന്നാണ് സതീശന്‍ പറഞ്ഞത്.

◾സീറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയിലെ കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ മെത്രാന്മാരുടെ സമിതി. ആര്‍ച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരങ്ങുന്നതാണ് കമ്മിറ്റി. എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായി ഈ സമിതി ചര്‍ച്ച നടത്തും.

◾ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ മലപ്പുറത്തെ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവിനെതിരെ പോലീസ് കേസെടത്തു. മോട്ടോര്‍ വാഹനവകുപ്പ് ഇയാളെ സസ്പെന്‍ഡു ചെയ്തു. പ്രതി ഒളിവിലാണ്.

◾പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ പി കെ ശശി വിഭാഗീയത വളര്‍ത്തുന്നതായി വിമര്‍ശനം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമര്‍ശനം ഉന്നയിച്ചത്. ജില്ലാ നേതൃത്വത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ശശി ശ്രമിക്കുന്നു. കെ ടി ഡി സി ചെയര്‍മാനായ ശശിയുടെ ഓഫീസ് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കിയെന്നും വിമര്‍ശനം.

◾പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തന്നെ സന്ദര്‍ശിക്കാന്‍ ആസാമിലുള്ള ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിയ്യൂര്‍ ജയിലിലുള്ള ഇയാള്‍ ജയില്‍മാറ്റം ആവശ്യപ്പെട്ടത്.

◾അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. കാട്ടാന കബാലി റോഡില്‍ വാഹനങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റുകളെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. രാത്രി യാത്രക്കു നേരത്തെതന്നെ നിയന്ത്രണം ഉണ്ടായിരുന്നു. ആനയുടെ സഞ്ചാരം വനം വകുപ്പ് നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

◾സ്‌കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ് കണ്ണില്‍ മുളക് സ്പ്രേ അടിച്ച് ഒമ്പതു ലക്ഷം രൂപ കവര്‍ച്ച നടത്തിയ ആറംഗ സംഘം പൊലീസ് പിടിയില്‍. കോഴിക്കോട് പാലക്കാട് ഹൈവേയില്‍ നെടിയിരുപ്പിലാണു കവര്‍ച്ച നടത്തിയത്. തൃശൂര്‍ കൊടകര സ്വദേശി ബിനു, നെല്ലായി സ്വദേശി ഹരിദാസന്‍, നിശാന്ത്, അമ്മാടം സ്വദേശി കളായ കിഴക്കേ കുണ്ടില്‍ നവീന്‍, ആനക്കാരന്‍ സുധി എന്നിവരാണ് പിടിയിലായത്.

◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സൈദ് അബു, താഹിര്‍ എന്നിവരാണ് പിടിയിലായത്. ബാഗുകളില്‍ 10 ക്യാപ്സൂളുകളായി 6454 ഗ്രാം സ്വര്‍ണമാണു പിടിച്ചെടുത്തത്.

◾ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്വാമി സന്ദീപാനന്ദഗിരിയും തമ്മില്‍ ഫേസ് ബുക്കില്‍ പോര്. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി ഉദ്ഘാടനത്തിനിടെ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സന്ദീപാനന്ദഗിരിയാണ് ആദ്യം പോസ്റ്റു ചെയ്തത്. ‘സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്നേഹം നീക്കീടു,മോര്‍ക്ക നീ”എന്ന കുറിപ്പോടെയാണു പോസ്റ്റിട്ടത്. കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ: ‘പൊതുചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ….. ഉദരനിമിത്തം ബഹുകൃതവേഷം.’ എന്നാണു സുരേന്ദ്രന്‍ പരിഹസിച്ചത്.

◾മൈക്രോഫിനാന്‍സ് പണമിടപാട് സ്ഥാപനത്തില്‍നിന്ന് എടുത്ത വായ്പത്തുക തിരിച്ചടച്ചിട്ടും ബാധ്യത പട്ടികയില്‍ നിന്ന് ഒഴിവാക്കാത്തതിനെതിരേ പൊലീസില്‍ പരാതി. പുന്നപ്രയിലെ ആശീര്‍വാദ് മൈക്രോഫിനാന്‍സിനെതിരെയാണ് പുന്നപ്ര സ്വദേശിനി പരാതി നല്‍കിയത്. പത്തുപേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് 2016 ല്‍ ഒന്നരലക്ഷം രൂപ വായ്പയായി നല്‍കിയിരുന്നു. തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവാക്കിയില്ലെന്നാണു പരാതി.

◾വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയി കാണാതായയാളുടെ മൃതദേഹം കക്കി അണക്കെട്ടില്‍നിന്നു കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയില്‍ പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

◾പാലക്കാട് വടക്കഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചതിനെ യുവാവിനെ വെട്ടി. വടക്കഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. രഞ്ജിത് എന്ന യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു.

◾വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച നേമം സ്വദേശി ശ്രീജിത്തിനെ അറസ്റ്റു ചെയ്തു. ബൈക്കിലെത്തിയ ഇയാള്‍ സ്ത്രീയെ തള്ളിയിടുകയായിരുന്നു.

◾ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണമെന്നു ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. വളച്ചൊടിക്കപ്പെട്ട ചരിത്രമാണെന്ന് ഒരുപാടു തവണ കേട്ടിട്ടുണ്ട്. ഇപ്പോഴെങ്കിലും അതു തിരുത്തണമെന്ന് ആസാം സര്‍ക്കാരിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.

◾ലൈംഗിക പീഡനകേസുകളില്‍ ഒരിക്കല്‍ അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുത്താല്‍ കേസിന്റെ തുടര്‍ നടപടികള്‍ക്ക് ആ മൊഴി ആധികാരികമാണെന്ന് സുപ്രീംകോടതി. ഛത്തീസ്ഗഡ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ ഫോറന്‍സിക് പരിശോധനയില്‍ വീഴ്ചയുണ്ടായാലും കേസില്‍ അതിജീവിതയുടെ മൊഴി മതിയാകുമെന്നാണ് കോടതി നിരീക്ഷിച്ചത്.

◾ഡല്‍ഹി ജുമാ മസ്ജിദില്‍ സ്ത്രീകള്‍ക്കു പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ ‘ നിയന്ത്രണം വിവാദമായതോടെ പിന്‍വലിച്ചു. സ്ത്രീകള്‍ കുടുംബത്തിലെ പുരുഷന്റെ കൂടെ മാത്രമേ പള്ളിയിലേക്കു പ്രവേശിക്കാവൂവെന്നാണ് മസ്ജിദ് മാനേജുമെന്റ് കമ്മിറ്റി നോട്ടീസിട്ടത്. സ്ത്രീകള്‍ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തില്‍ പ്രവേശിക്കുന്നതാണു വിലക്കിയത്. വിവാദമാകുകയും വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തതോടെ പ്രവേശന വിലക്കു പിന്‍വലിക്കുമെന്ന് ജുമാ മസ്ജിദ് ഇമാം അറിയിച്ചു.

◾തൊഴിലില്ലായ്മ നിരക്കു കുറഞ്ഞെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ നഗരങ്ങളിലെ 15 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 9.8 ശതമാനമായിരുന്നു.

◾ഭാരത് ജോഡോ യാത്രയുമായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ മധ്യപ്രദേശിലെ നഗ്ദയില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായത്.

◾മംഗളുരു സ്ഫോടനക്കേസ് എന്‍ഐഎക്കു കൈമാറണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നു.

◾ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിലെ ബഗീരത് പാലസ് മാര്‍ക്കറ്റില്‍ തീപിടുത്തം. രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മുപ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

◾മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും സച്ചിന്‍ പൈലറ്റിന് അവസരം നല്‍കില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്ന് ഗെലോട്ട് ചോദിച്ചു. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് എംഎല്‍എമാര്‍ പറയുന്നതെന്നും ഗലോട്ട് പറഞ്ഞു.

◾ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മോദി’ സര്‍ക്കാര്‍ നോട്ടു നിരോധിച്ചതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍. റിസര്‍വ്വ് ബാങ്ക് ചട്ടമനുസരിച്ച് നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളു. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ നിയമമില്ല. നോട്ടു നിരോധിക്കാന്‍ ആദ്യം ശുപാര്‍ശ നല്കേണ്ടത് റിസര്‍വ് ബാങ്കാണ്. നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മൗലികാവകാശത്തില്‍ കടന്നുകയറ്റം നടത്തിയെന്നും ചിദംബരം ആരോപിച്ചു.

◾കനത്ത മഴയില്‍ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. നിരവധിയാളുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. രണ്ടു പേര്‍ മരിച്ചു. നൂറുകണക്കിനു വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പ്രളയം വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

◾കാമറൂണ്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ വിജയിച്ചത് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് കാമറൂണിനെ ഒരു ഗോളിനാണ് തോല്‍പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രീല്‍ എംബോളോ നേടിയ ഗോളിനായിരുന്നു സ്വിറ്റ്്സര്‍ലാന്‍ഡിന്റെ വിജയം.

◾യുറുഗ്വായെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. ഖത്തര്‍ ലോകകപ്പില്‍ യുറുഗ്വായ്ക്കും ദക്ഷിണ കൊറിയക്കും ഗോള്‍ രഹിത സമനില. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ച മത്സരത്തില്‍ ഗോള്‍ മാത്രം പിറന്നില്ല. സൂപ്പര്‍ താരം ലൂയിസ് സുവാരസിന് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിയാതിരുന്നത് യുറുഗ്വായ്ക്ക് തിരിച്ചടിയായി.

◾അടിക്ക് തിരിച്ചടി നല്‍കി പൊരുതി വീണ് ഘാന. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഘാന പൊരുതി വീണത് . വിരസമായ, ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാംപകുതിയില്‍ കളി ആര്‍ത്തിരമ്പി. പെനാല്‍റ്റി ഗോളിലൂടെ റൊണാള്‍ഡോ തുടക്കമിട്ടപ്പോള്‍ എട്ട് മിനിറ്റിനുള്ളില്‍ ഘാന തിരിച്ചടിച്ചു. പക്ഷേ രണ്ടു ഗോളുകള്‍ കൂടി നേടി പോര്‍ച്ചുഗല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഘാനക്ക് തിരിച്ചടിക്കാനായത് ഒരു ഗോള്‍ കൂടി മാത്രം.

◾വേള്‍ഡ് കപ്പ് റെക്കോര്‍ഡുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമായതോടെയാണ് റൊണാള്‍ഡോ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇന്നലെ ഘാനയുമായി നടന്ന മത്സരത്തില്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ക്രിസ്റ്റിയാനോ ഈ നേട്ടത്തിനര്‍ഹനായത്.

◾അര്‍ജന്റീനക്കും ജര്‍മനിക്കും സംഭവിച്ചത് ബ്രസീലിന് സംഭവിച്ചില്ല. സെര്‍ബിയ തീര്‍ത്ത പ്രതിരോധം രണ്ട് തവണ തകര്‍ത്ത് റിച്ചാര്‍ലിസണ്‍ താരമായപ്പോള്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. സെര്‍ബിയ ഉയര്‍ത്തിയ പ്രതിരോധത്തില്‍ ആദ്യ പകുതിയിലെ ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങള്‍ പാഴായിരുന്നു. എന്നാല്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോള്‍ നേട്ടത്തില്‍ സെര്‍ബിയ ഉയര്‍ത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയില്‍ പൊളിച്ചടുക്കാന്‍ ബ്രസീലിനായി. 73-ാം മിനിറ്റിലെ റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാകുമെന്നുറപ്പിക്കാം.

◾ഖത്തര്‍ ലോകകപ്പിലെ ടീമുകളുടെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് ആരംഭം. ഗ്രൂപ്പ് ബിയിലെ വെയില്‍സും ഇറാനും 3.30 ന് ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലണ്ടിന്റേയും യു.എസ്.എയുടേയും മത്സരം നാളെ വെളുപ്പിന് 12.30 നാണ്. ആദ്യ കളിയില്‍ ജയിച്ച ഇറാനെ തോല്‍പിച്ച ഇംഗ്ലണ്ട് 3 പോയിന്റുമായി മുന്നിട്ടു നില്‍ക്കുമ്പോള്‍ സമനില പാലിച്ച യു.എസ്.എക്കും വെയില്‍സിനും ഒരു പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ തോറ്റ ഖത്തറും സെനഗലും വൈകുന്നേരം 6.30 ന് കളത്തിലിറങ്ങുമ്പോള്‍ ആദ്യ കളിയില്‍ ജയിച്ച നെതര്‍ലണ്ട്സും ഇക്വഡോറും രാത്രി 9.30 ന് ഏറ്റുമുട്ടും.

◾ഇന്ത്യയിലെ പ്രമുഖ കുപ്പിവെള്ള വിതരണ കമ്പനിയായ ബിസ്ലേരിയെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ. 7,000 കോടി രൂപയ്ക്കാണ് ബിസ്ലേരിയെ ടാറ്റ ഏറ്റെടുക്കുക. കമ്പനി ഉടമ 82വയസായ ചൗഹാന്റെ മകള്‍ ജയന്തിക്ക് ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലത്രേ. ഇതാണ് വില്‍പനയ്ക്ക് പ്രേരിപ്പിച്ചതെന്ന് കമ്പനിയുടെ വിശദീകരണമായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റയെ കൂടാതെ റിലയന്‍സ് റീടെയില്‍, നെസ്ലേ, ഡാനോണ്‍ തുടങ്ങി നിരവധി കമ്പനികള്‍ ബിസ്ലേരിയെ വാങ്ങാന്‍ ചര്‍ച്ച നടത്തിയിരുന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇടപാട് സംബന്ധിച്ച് അന്തിമ ധാരണയായത്. നേരത്തെ ഗോള്‍ഡ് സ്പോട്ട്, തംസപ്പ്, ലിംക തുടങ്ങിയ ബ്രാന്‍ഡുകള്‍ ചൗഹാന്‍ കൊക്കകോളക്ക് വിറ്റിരുന്നു.

◾ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ എസ്ബിഐ. ഇത്തരം ആപ്പുകളുടെ കെണിയില്‍ വീഴാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചില സുരക്ഷാ മാര്‍ഗങ്ങളും എസ്ബിഐ പങ്കുവെച്ചു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബാങ്ക് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ കമ്പനിയായി കാണിക്കുന്ന കമ്പനികള്‍ക്ക് നല്‍കാതിരിക്കുക. ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ഏതൊരു ആപ്പിന്റെയും ആധികാരികത പരിശോധിക്കുക. സംശയാസ്പദമായ പണമിടപാട് ആപ്പുകള്‍ കണ്ടാല്‍ ലോക്കല്‍ പോലീസ് അധികാരികളെ അറിയിക്കുക. നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും http://bank.sbi സന്ദര്‍ശിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ https://cybercrime.gov.in എന്ന വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു.

◾മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ് ഒരുക്കി വാസുദേവ് സനല്‍ സംവിധാനം ചെയ്ത ‘ഹയ’ എന്ന ചിത്രം. സിനിമയുടെ ക്ലൈമാക്സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് അത്യന്തം ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. ‘കാന്താര’ യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്നു.

◾റിഷബ് ഷെട്ടി നായകനായ ‘കാന്താര’ ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. നവംബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ചിത്രം 400 കോടി ക്ലബില്‍ കയറിക്കഴിഞ്ഞു. 400.09 കോടിയാണ് കാന്താരയുടെ കളക്ഷന്‍. കര്‍ണാടകയില്‍ മാത്രം ചിത്രം 168.50 കോടിയാണ് നേടിയത്. ആന്ധ്ര / തെലങ്കാന: 60 കോടി, തമിഴ്‌നാട്: 12.70 കോടി, കേരളം: 19.20 കോടി, ഓവര്‍സീസ്: 44.50 കോടി, ഉത്തരേന്ത്യ: 96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകള്‍.

◾ടാറ്റാ ടിഗോര്‍ ഇവിയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ഓടുന്ന മോഡലാണ് ടാറ്റ പുറത്തിറക്കിയത്. നാലു മോഡലുകളായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഇ വകഭേദത്തിന് 12.49 ലക്ഷം രൂപയും എക്സ്ടി വകഭേദത്തിന് 12.99 ലക്ഷം രൂപയും എക്സ് ഇസഡ് പ്ലസിന് 13.49 ലക്ഷം രൂപയും എക്സ് ഇസഡ് പ്ലസ് ലക്സിന് 13.75 ലക്ഷം രൂപയുമാണ് വില. ഒരു സോഫ്റ്റ് വെയര്‍ അപ് ഡേറ്റിലൂടെ ടിഗോര്‍ ഇവി സൗജന്യ ഫീച്ചര്‍ അപ്ഡേറ്റ് പാക്കും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 20 മുതല്‍ നിലവിലെ ടിഗോര്‍ ഇവി ഉടമകള്‍ക്ക് അപ്ഡേഷനുകള്‍ ലഭിക്കും.