*പ്രഭാത വാർത്തകൾ*2023 ജൂലൈ 25 ചൊവ്വ

◾കനത്ത മഴ തുടരുന്നതുമൂലം കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

◾പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നേതാക്കളുടെ യോഗം ഇന്ന്. മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ എന്തു ചെയ്യണമെന്നു ചര്‍ച്ച ചെയ്യും. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തിരിക്കേയാണ് യോഗം. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം.

◾മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസില്‍ ആള്‍ക്കൂട്ട ആക്രമണം. ഓഫീസില്‍നിന്നു മുഖ്യമന്ത്രിക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞു. ഓഫീസ് മന്ദിരത്തിനകത്തേക്കും ആളുകള്‍ ഇരച്ചുകയറി. ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സംഘടനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. ജനക്കൂട്ടം എത്തി കല്ലേറ് നടത്തിയശേഷം കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ടൂറയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

◾എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നിരക്ക് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ നിരക്ക് പ്രാബല്യത്തിലുണ്ടാകും.

◾ഓണക്കിറ്റ് എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും ഏതെല്ലാം വിഭാഗങ്ങള്‍ക്കു നല്‍കാനാകുമെന്നു തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഓണക്കാലം നന്നായി കൊണ്ടുപോകണം. സപ്ലൈകോക്ക് ഈ ആഴ്ചതന്നെ കുറച്ചു പണം നല്‍കും. ധനമന്ത്രി പറഞ്ഞു.

◾ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ സമിതിയില്‍നിന്ന് സംവിധായകന്‍ രാജീവ്കുമാറും നടി മഞ്ജു വാര്യരും പിന്മാറി. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആണു സമിതി അധ്യക്ഷന്‍. ബി. ഉണ്ണികൃഷ്ണന്‍, മുകേഷ് എംഎല്‍എ, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, പത്മപ്രിയ, നിഖില വിമല്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്.

◾ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ രംഗത്തെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിനായി മൂന്നു മാസത്തിനകം മെഗാ കോണ്‍ക്ലേവ് വിളിച്ചുകൂട്ടും. ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജസ്റ്റിസ് ഹേമ കമ്മീഷന്റെ ബൃഹത്തായ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

◾കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണെന്നും പിണറായി പറഞ്ഞു. പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. തരംതാണ രീതിയില്‍ വേട്ടയാടിയവരെ പോലും വാക്കുകൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

◾എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

◾നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് തുറന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു ദിലീപ്. കേസ് മൂലം തന്റെ ജീവിതം തകര്‍ന്നെന്നു ദിലീപ് പറഞ്ഞു. മെമ്മറി കാര്‍ഡ് പരിശോധിച്ചെങ്കില്‍ തെറ്റ് എന്താണെന്നു കോടതി ചോദിച്ചു.

◾ഹൈന്ദവ മത വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. ഗണപതി വെറും മിത്താണെന്ന് പ്രസംഗിച്ചത് അവഹേളനമാണെന്നാണ് ആരോപണം.

◾വൈക്കം സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മല്‍ ഹുസൈന്‍, പിആര്‍ഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതി തന്നിട്ടും കേസെടുക്കാന്‍ വൈകി, പരാതി കൈപ്പറ്റിയതിനു രസീത് കൈമാറിയില്ല തുടങ്ങിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണു നടപടി.

◾കണ്ണൂര്‍ അയ്യന്‍കുന്ന് വാളത്തോടില്‍ പ്രകടനവുമായി മാവോയിസ്റ്റുകള്‍. ഒരു വനിത ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘമാണ് എത്തിയത്. 'ലോക ബാങ്ക് നിര്‍ദേശാനുസരണം റേഷന്‍ നിര്‍ത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക' എന്നലഘുലേഖയും ഇവര്‍ വിതരണം ചെയ്തു. തണ്ടര്‍ബോള്‍ട്ട് അടക്കം പോലീസ് സേനാംഗങ്ങള്‍ എത്തി പരിശോധന നടത്തി.

◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പിഎസ് ആയ സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്.

◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കു പനിയും രക്തസമ്മര്‍ദം മൂലമുള്ള ശാരീരിക അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾കെഎസ്ഇബി നടപ്പാക്കേണ്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണു കേരളം നിസഹകരിക്കുന്നത്. ഇതോടെ കേരളം രാജ്യത്തെ പ്രസരണ വിതരണ നവീകരണ പദ്ധതിയില്‍നിന്നു പുറത്താകും. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റും ഇതോടെ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

◾ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം. പള്ളി പുതുക്കി പണിതതില്‍ ക്രമേക്കേട് ആരോപിച്ചാണ് രണ്ടു വിഭാഗക്കാര്‍ തമ്മില്‍ തല്ലിയത്.

◾കോവിഡ് വാക്‌സന്‍ എടുത്തശേഷം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 11 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേരള ഹൈക്കോടതിയിലടക്കം ഹര്‍ജികളുണ്ട്. ഹൈക്കോടതികളിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്തു.

◾കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി. ഹൈക്കോടതി പ്രസ് റിലേഷന്‍സ് ഓഫീസറായ കെ മുരളീധറിന്റെ നമ്പറിലേക്കാണ് ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. പാകിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും 'ദുബായ് ഗ്യാംഗ്' എന്നവകാശപ്പെട്ട സംഘം സന്ദേശത്തില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

◾വാരണാസി- കൊല്‍ക്കത്ത എക്‌സ്പ്രസ് വേയ്ക്ക് എന്‍എച്ച് 319 ബി എന്നു നാമകരണം ചെയ്ത് ദേശീയപാതാ അതോറിറ്റി. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴു മണിക്കൂറുകൊണ്ട് യാത്ര നടത്താം. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ.

◾കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24 കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം മോഷ്ടിക്കാനെത്തിയവരുടെ മര്‍ദനമേറ്റാണു മരിച്ചത്.

◾ട്വിറ്ററിനേയും നീലകിളിയെയും പറത്തിവിടുന്നു. ട്വിറ്റിന്റെ പേരും ലോഗോയും മാറ്റി എക്സ് എന്നാക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

◾ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു. അഞ്ചാം ദിനം മത്സരം തുടങ്ങാനിരിക്കെയാണ് മഴ പെയ്തത്. 8 വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് ജയിക്കാന്‍ 289 റണ്‍സ് വേണമായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

◾ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും സൗദിയിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. പിഎസ്ജി താരമായ എംബാപ്പെയെ സ്വന്തമാക്കാന്‍ 300 മില്യണ്‍ യൂറോ (ഏകദേശം 2725 കോടി രൂപ) നല്‍കാന്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ നടപ്പിലായാല്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന നിലവിലെ ഏറ്റവും വലിയ തുകയാണിത്.

◾ശതകോടീശ്വരനായ ഗൗതം അദാനിയുടെ സാമ്പത്തിക സേവന ബിസിനസായ അദാനി ഫിന്‍സെര്‍വ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബെയിന്‍ ക്യാപിറ്റലിന് വില്‍ക്കുന്നു. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച അദാനി ഫിന്‍സെര്‍വിന് കീഴിലുള്ള അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും 90% ഓഹരികളും ബെയിന്‍ ക്യാപിറ്റലിന് വിറ്റഴിക്കും. 4,100 കോടി രൂപ ആസ്തി കൈകാര്യം ചെയ്യുന്ന അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും ബാക്കി 10% ഗൗരവ് ഗുപ്തയുടെ ഉടമസ്ഥതയിലുണ്ടാകും. കരാറിന്റെ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് അദാനി ക്യാപിറ്റല്‍. അതേസമയം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് താങ്ങാനാവുന്ന ഭവന വായ്പ ഓപ്ഷനുകള്‍ നല്‍കുന്ന കമ്പനിയാണ് അദാനി ഹൗസിംഗ്. അദാനി ഫിന്‍സെര്‍വില്‍ ബെയ്ന്‍ 1,394 കോടി രൂപ നിക്ഷേപിക്കും. ആര്‍.ബി.ഐയില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതുള്‍പ്പെടെ നിയമപരമായ മാറ്റങ്ങളുണ്ടാകുന്നത് വരെ അദാനി എന്ന പേര് കമ്പനി ഉപയോഗിക്കുന്നത് തുടരും. അദാനി-ബെയിന്‍ കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ അദാനി ഗ്രൂപ്പ് കഴിഞ്ഞ കുറച്ചു നാളുകളായി കരകയറാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചുപോരുകയാണ്. ഇതും ഗ്രൂപ്പിന്റെ ഇത്തരത്തിലുള്ള വിപുലമായ ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.

◾റഹ്‌മാന്‍ നായകനായി എത്തുന്ന' സമാറ'യെന്ന ചിത്രത്തിനു വേണ്ടി അന്തരിച്ച പ്രശസ്ത ഗായകന്‍ കെ കെ പാടിയ ഗാനം പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെ കെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് 'സമാറ' യിലെ 'ദില്‍ബറോ' എന്ന ഗാനം. കെ കെ അവസാനമായി പാടിയത് 'സമാറ'യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. നവാഗതനായ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സമാറയ്ക്കായി ദീപക് വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 'ദില്‍ബറോ' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്ഗ്, ശരത് നാഥ്, മഗുവി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ഒരിക്കല്‍ കൂടി പാടാന്‍ ആഗ്രഹിച്ച കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്മിരില്‍ ചിത്രീകരിച്ചെതിനാല്‍ തന്നെ 'സമാറ' യിലെ ഹിന്ദി ഗാനമായിരുന്നു. ഇതേ പാട്ട് തന്നെ 'സമാറ'യെന്ന ചിത്രത്തിനായി മലയാളത്തിലും തമിഴിലും കെ കെ യോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്മി മോഹന്‍ ആണ്. ബോളിവുഡ് നടന്‍ മീര്‍ സര്‍വാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടന്‍ ഭരത്, 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. റഹ്‌മാന്‍ നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധര്‍മ്മശാല, ജമ്മു കശ്മിര്‍ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. സമാറ ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളിലെത്തിക്കും.

◾ബോളിവുഡും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം അടങ്ങുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളുമാണ് ഇന്ത്യയിലെ മുന്‍നിര ചലച്ചിത്ര വ്യവസായങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതല്ലാതെ മറ്റ് നിരവധി ഭാഷകളിലും ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങളുടെ പേരില്‍ അവ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് കുറവാണെങ്കിലും. എന്നാല്‍ ഈയിടെ മറ്റ് രണ്ട് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയ കളക്ഷന്റെ പേരില്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നുണ്ട്. ഒന്ന് പഞ്ചാബി ചിത്രം കാരി ഓണ്‍ ജട്ട 3 ആണ്. മറ്റൊന്ന് മറാഠി ചിത്രം 'ബയ്പണ്‍ ഭാരി ദേവയും'. ജൂണ്‍ 29 ന് തിയറ്ററുകളിലെത്തിയ കാരി ഓണ്‍ ജട്ട 3 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 'ബയ്പണ്‍ ഭാരി ദേവ'യുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നര ആഴ്ച പിന്നിടുമ്പോള്‍ 65.61 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ജൂണ്‍ 30 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. വെറും അഞ്ച് കോടി മാത്രമാണ് ചിത്രത്തിന്റെ ബജറ്റ്. മുതല്‍മുടക്കിന്റെ 13 മടങ്ങാണ് തിയറ്റര്‍ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

◾വിപണി സാന്നിധ്യം കൂട്ടാന്‍ ഒല വിലകുറഞ്ഞ മോഡലായ ഒല എസ്.1 എയര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വാഹനത്തിന്റെ ലോഞ്ച് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഒല എസ്1 എയറിന്റെ പര്‍ച്ചേയ്സ് വിന്‍ഡോ ജൂലായ് 28 മുതല്‍ ഓപ്പണ്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. ഇ.വിയുടെ ഡെലിവറി ആഗസ്റ്റ് ആദ്യം മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഒല കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ജൂലായ് 28ന് മുമ്പ് തന്നെ ബുക്കിംഗ് നടത്താമെന്നും പ്രാരംഭ വിലയായ 1.09 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു. പരിമിതമായ പര്‍ച്ചേസ് വിന്‍ഡോ ജൂലൈ 28നും 30നും ഇടയില്‍ തുറന്നിരിക്കും. അതിനുശേഷം വാങ്ങുന്നവര്‍ സ്‌കൂട്ടറിന് 1.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയായും നല്‍കേണ്ടി വരും. 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായാണ് ഓല എസ് എയര്‍ വിപണിയിലേക്ക് എത്തുന്നത്. പൂര്‍ണ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് വരെ ഓടിക്കാനാവും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍.

◾മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായി കഥാകൃത്ത് വി.ആര്‍. സുധീഷ് രണ്ടു കാലങ്ങളിലായി നടത്തിയ സംഭാഷണങ്ങള്‍. സാഹിത്യം, സിനിമ, സംഗീതം, കല, യാത്ര, രാഷ്ട്രീയം, സമൂഹം, സൗഹൃദം തുടങ്ങി പല മേഖലകളിലേക്കും കടന്നുചെല്ലുന്നു. ജീവിതത്തിലെ പല നിര്‍ണായക നിമിഷങ്ങളും സന്തോഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്നു. എം.ടി. എന്ന എഴുത്തുകാരനിലേക്കും വ്യക്തിയിലേക്കുമുള്ള ഒരു സഞ്ചാരമായിത്തീരുന്ന സംഭാഷണങ്ങളുടെ പുസ്തകം. 'സംഭാഷണങ്ങള്‍'. എം ടി , വി ആര്‍ സുധീഷ്. മാതൃഭൂമി ബുക്സ്. വില 160 രൂപ.

◾തക്കാളി സോസും കെച്ചപ്പും രണ്ടും ഒന്നല്ലേ! എന്നാണോ ചോദ്യം? എങ്കില്‍ അല്ല എന്നാണ് ഉത്തരം. സംഭവം സോസിന്റെയും കെച്ചപ്പിന്റെയും പ്രധാന ചേരുവ ഒന്നാണെങ്കിലും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. പാസ്ത, പിസ പോലുള്ള മെയിന്‍ കോഴ്‌സ് വിഭവങ്ങളുടെ ചേരുവയായാണ് തക്കാളി സോസ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും പാചകത്തിനിടെ ഫ്രഷ് ആയി തയ്യാറാക്കുകയാണ് പതിവ്. അതേസമയം, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, നഗ്ഗറ്റ്‌സ് എന്നിവയ്‌ക്കൊപ്പം സൈഡ് ആയി വിളമ്പുന്നതാണ് കെച്ചപ്പ്. സോസും കെച്ചപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവ രണ്ടിലുമുള്ള പഞ്ചസാരയുടെ അളവാണ്. തക്കാളി സോസ് തയ്യാറാക്കാന്‍ തക്കാളിയും കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും മാത്രം മതി. ഇതില്‍ പഞ്ചസാര ഉപയോഗിക്കുകയേ ഇല്ല. അതേസമയം, കെച്ചപ്പില്‍ പഞ്ചസാര തക്കാളിക്കൊപ്പം തന്നെ പ്രാധാന്യമുള്ള ചേരുവയാണ്. അതുകൊണ്ട് സോസും കെച്ചപ്പും തിരിച്ചറിയാനുള്ള എളുപ്പവഴികളിലൊന്നാണ് പഞ്ചസാര. കെച്ചപ്പിനെ അപേക്ഷിച്ച് സോസിന് കുറച്ചുകൂടി കട്ടിയുണ്ടാകും. സോസില്‍ തക്കാളി കഷ്ണങ്ങളോ മറ്റ് ചേരുവകളോ ചിലപ്പോള്‍ കണ്ടേക്കാം. അതേസമയം കെച്ചപ്പിന് വളരെ സമൂത്ത് ആയിട്ടുള്ള കണ്‍സിസ്റ്റന്‍സി ആണ്. കെച്ചപ്പ് തയ്യാറാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ഈ പരുവത്തിലേക്ക് എത്തിക്കേണ്ടതുകൊണ്ടാണ്. ഇവ രണ്ടും തയ്യാറാക്കുന്ന വിധവും വ്യത്യസ്തമാണ്. ടൊമാറ്റോ സോസ് എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാവുന്നതാണെങ്കില്‍ കെച്ചപ്പ് അങ്ങനെയല്ല. ഇത് പൊതുവേ വാണിജ്യാടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുന്നത്. കെച്ചപ്പ് കൂടുതല്‍ കാലം കേടുകൂടാതെയിരിക്കാനുള്ള ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോസും കെച്ചപ്പും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയണമെങ്കില്‍ നിറം നോക്കുന്നതാണ് നല്ലത്. നല്ല ഡാര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതാണെങ്കില്‍ അത് കെച്ചപ്പ് ആയിരിക്കും. അതേസമയം, ഇളം ചുവപ്പ് നിറത്തിലുള്ളതാണെങ്കില്‍ സോസായിരിക്കും. ഇവ രണ്ടും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അസിഡിറ്റി ലെവലാണ്. കെച്ചപ്പില്‍ വിനാഗിരി അടങ്ങിയിട്ടുള്ളതുകൊണ്ട് ഒരു ചെറിയ കിക്ക് കിട്ടും. അതേസമയം സോസില്‍ വിനാഗിരി ഇല്ലാത്തതുകൊണ്ടുതന്നെ കെച്ചപ്പിനെ അപേക്ഷിച്ച് ആസിഡ് നില കുറവായിരിക്കും.