*പ്രഭാത വാർത്തകൾ*2023 ജൂലൈ 24 തിങ്കൾ

◾കനത്ത മഴ ഭീഷണിമൂലം കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പ്രവേശന നടപടികള്‍ നാളത്തേക്കു മാറ്റി. പരീക്ഷകള്‍ക്കു മാറ്റമില്ല.

◾മഴമൂലം വടക്കന്‍ കേരളത്തില്‍ വന്‍ നാശം. താമരശേരിയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തുമാണ് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നത്. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി. മരം വീണ് വീടു തകര്‍ന്ന് പാലക്കാട് തൃത്താലയില്‍ ഒരാള്‍ക്കു പരിക്കേറ്റു. കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു.

◾കനത്ത മഴ ഇന്നും തുടരും. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് മൂന്നു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഇതേസമയം, ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നും പരിഗണിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ അറിയിച്ചു. ചാണ്ടി ഉമ്മനാണ് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

◾സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍. അപ്പ കഴിഞ്ഞാല്‍ സഹോദരന്‍ ചാണ്ടിയാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവുകൊണ്ട് പ്രവര്‍ത്തിക്കണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

◾ഏകീകൃത സിവില്‍ കോഡിനെതിരേ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്കു സിപിഎമ്മിനു ക്ഷണം. സിപിഎം പ്രതിനിധി പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോടു നടക്കുന്ന സെമിനാറിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മതസംഘടനകളുടേയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

◾മണിപ്പൂരിലെ സംഭവങ്ങളില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെയും ജനറല്‍ സെക്രട്ടറിയായി വി ആര്‍ രാജശേഖരനെയും വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക ബൈഠക്കിലായിരുന്നു തെരഞ്ഞെടുപ്പ്.

◾കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനു പണപ്പിരിവു നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് മാസംതോറും 20 രൂപ റിക്കവറി നടത്തുമെന്ന ഉത്തരവു വിവാദമായിരുന്നു. എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിലക്കിയതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പോലീസാണ് ഈ ക്ഷേത്രം നടത്തിക്കൊണ്ടുപോകുന്നത്.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എസി തകരാര്‍ മൂലം തിരുവനന്തപുരം- ദുബായ് എയര്‍ ഇന്ത്യ എക്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.

◾കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഇന്നു നാലിന്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

◾മണിപ്പൂരിലെ ഗോത്ര കലാപത്തെ ക്രൈസ്തവര്‍ക്കെതിരായ സംഘപരിവാര്‍ വംശഹത്യയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കലാപത്തെ മതത്തിന്റെ പേരിലാണെന്നു തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണു മുഖ്യമന്ത്രിയുടെ പാര്‍ട്ടി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾യുവമോര്‍ച്ച വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി കോഴിക്കോട് ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ കുന്നമംഗലം പോലീസ് കേസെടുത്തു. സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു.  

◾മാനസിക വെല്ലുവിളികളുള്ള അമ്മയെ മകന്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. കൊട്ടാരക്കര തലവൂര്‍ സ്വദേശിനി 47 കാരിയായ മിനിമോളാണ് കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കലയപുരത്തെ ആശ്രയ കേന്ദ്രത്തിലായിരുന്ന അമ്മയെ വിളിച്ചിറക്കി ബൈക്കില്‍ കൊണ്ടുപോയാണു കൊലപ്പെടുത്തിയത്.

◾താമരശേരിയില്‍ സെപ്റ്റിക് ടാങ്കിനുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുല്‍ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിര്‍ (7), മുഹമ്മദ് ആദി (13) എന്നിവരാണ് മരിച്ചത്.

◾തൃശൂര്‍ പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരില്‍ ഒരാളെ കാണാതായി. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ നെടുപുഴ സ്വദേശി ആഷിക്കിനായി തെരച്ചില്‍ നടത്തി.

◾മണിപ്പൂര്‍ കലാപം ഒതുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടാതിരുന്നത് കലാപത്തെ ആളിക്കത്തിച്ചെന്നും അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ ബിജെപി എംഎല്‍എ. കുക്കി വംശജനായ പൗലിയന്‍ലാല്‍ ഹാക്കിപ്പ് ആണ് പ്രധാനമന്ത്രിയുടെ നിലപാടിനേയും സര്‍ക്കാര്‍ നടപടികളെയും നിശിതമായി വിമര്‍ശിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.

◾ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ മണിപ്പൂര്‍ കലാപത്തിനെതിരെ മെഴുകുതിരി തെളിച്ച് പ്രതിഷേധം. ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ അടക്കമുള്ളവര്‍ പങ്കെടുത്തു.

◾വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളുമാണ് മണിപ്പൂരില്‍ കലാപം ആളിക്കത്തിച്ചതെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മേയ് രണ്ടിനു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ 160 പേരാണു കൊല്ലപ്പെട്ടത്. ആദ്യ മൂന്നു ദിവസമാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ സംഭവിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയം. യമുനാ നദി കവിഞ്ഞൊഴുകി. ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട്. വാഹനങ്ങള്‍ ഒലിച്ചുപോയി. മരങ്ങള്‍ വീണും വന്‍നാശം. ഹരിയാന, ഗുജറാത്ത് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ ഡാമുകളിലെ വെള്ളം തുറന്നുവിട്ടു.

◾ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. റണ്‍വേ മുങ്ങാത്തതിനാല്‍ വിമാനത്താവളം അടച്ചിട്ടില്ല. എന്നാല്‍, മുട്ടോളം വെള്ളമുള്ള ഇവിടെ വാഹന പാര്‍ക്കിംഗ് നിരോധിച്ചു.

◾ടാക്സി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തെന്നും ഫോണിലൂടെയും വാട്സ്ആപിലൂടെയും ശല്യം ചെയ്തെന്നും ബംഗളുരു സ്വദേശിയായ യുവതിയുടെ പരാതി. ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടതിനു പിറകേ, ബംഗളുരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

◾ട്വിറ്ററിന്റെ പേരും ചിഹ്നവും മാറ്റുമെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്സ് എന്നാക്കുമെന്ന് മസ്‌ക് ആവര്‍ത്തിച്ചു. നല്ല ഒരു ലോഗോ തയ്യാറായാലുടനെ ട്വിറ്ററിന്റെ ട്രേഡ് മാര്‍ക്കായ നീലക്കിളി ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപനം.

◾കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം. ഇന്‍ഡൊനീഷ്യയുടെ ലോക ഒന്നാം നമ്പറായ ഫജാര്‍ ആല്‍ഫിയാന്‍ - മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സംഘം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവിലാണ് ഇന്ത്യന്‍ സഖ്യത്തിന് വിജയത്തിലെത്താനായത്.

◾ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഏഷ്യന്‍ ഗെയിംസിനയയ്ക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ആദ്യ എട്ടുറാങ്കിലുള്ള ടീമുകളെ മാത്രമേ ഏഷ്യന്‍ ഗെയിംസിനയക്കൂ എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ 18-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കണമെന്ന ആവശ്യവുമായി പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 23 ന് ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.

◾ഇന്ത്യക്കെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കേ വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്. നാലാം ദിനം 229 ന് 5 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന്റെ ശേഷിച്ച അഞ്ച് വിക്കറ്റുകളും 26 റണ്‍സെുക്കുന്നതിനിടെ നഷ്ടപ്പെട്ടു. വിന്‍ഡീസിനെ 255 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 181 ന് 2 എന്ന നിലയില്‍ രണ്ടാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യ വെറും 24 ഓവറിലാണ് 181 റണ്‍സ് നേടിയത്. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 76 ന് 2 എന്ന നിലയിലാണ്.

◾സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയര്‍ന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ വര്‍ഷം 81.16കോടിയായിരുന്നു. പ്രവര്‍ത്തന ലാഭം 1.16കോടി രൂപയില്‍ നിന്ന് 12.87കോടി രൂപയായി ഉയര്‍ന്നു. സൗരോര്‍ജ്ജ പദ്ധതികളുള്‍പ്പെടെ പുനരുപയോഗ ഊര്‍ജ്ജപദ്ധതികള്‍ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. സൗരോര്‍ജ്ജ മേഖലയില്‍ 45കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇന്‍കെല്‍ ഏറ്റെടുത്ത കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പുവര്‍ഷം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. വെയര്‍ഹൗസുകള്‍, സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയ പുതിയ സംരംഭങ്ങളില്‍ 487 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. 25 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കുന്നതിനായി ഇന്‍കെലിന്റെ പാലക്കാട്ടെ ഭൂമിയില്‍ 14 മെഗാവാട്ട് വിന്‍ഡ് എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി മാറാനും ഇന്‍കെല്‍ തീരുമാനിച്ചു. 2023- 24 സാമ്പത്തിക വര്‍ഷം 190കോടിയുടെ വിറ്റുവരവും 18.32കോടിയുടെ ലാഭം നേടുകയുമാണ് ലക്ഷ്യം.

◾ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയ്ക്ക് ശേഷം ആര്‍.എസ് വിമല്‍ അവതരിപ്പിക്കുന്ന പുതിയ സിനിമയായ 'ശശിയും ശകുന്തളയും' ട്രെയിലര്‍ എത്തി. 1970 - 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയല്‍ കോളേജുകളും അവിടുത്തെ പ്രണയവും പകയും മത്സരവുമെല്ലാം പശ്ചാത്തലമാക്കിയെത്തുന്നതാണ് ചിത്രം. ശശിമാഷായി നടന്‍ സിദ്ദീഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദീഖ് എത്തുന്ന സിനിമയില്‍ പരമു എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത് ആര്‍.എസ്. വിമലാണ്. രണ്ടു പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തമ്മിലുള്ള പകയും അവിടെ അധ്യാപകരായ ഇംഗ്ലീഷ് അധ്യാപകന്‍ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ പ്രമേയം. കോഴിക്കോട് വടകരയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം 'എന്ന് നിന്റെ മൊയ്തീന്‍' ഷൂട്ട് ചെയ്ത കൊല്ലംങ്കോട് തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അശ്വിന്‍കുമാര്‍ സുധാകരന്‍, സിദ്ദീഖ്, നേഹ (ആമി), രസ്ന പവിത്രന്‍, ബാലാജി ശര്‍മ, ബിനോയ് നമ്പ്യാല, സൂര്യകൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ആമി ഫിലിംസിന്റെ ബാനറില്‍ ആര്‍ എസ് വിമല്‍ കഥയും തിരക്കഥയുമൊരുക്കി ബിച്ചാള്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ശശിയും ശകുന്തളയും' ഓഗസ്റ്റ് നാലിനാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.

◾ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്'. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ സ്ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയോടുമൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. ദുല്‍ഖര്‍ നായകനായി വേഷിടുന്ന പുതിയ ചിത്രമായി ഇനി എത്താനുള്ളത് 'കിംഗ് ഓഫ് കൊത്ത'യാണ്.

◾ഔഡി യുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ഓഡി ക്യൂ8 ഇ-ട്രോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഓഡി ക്യു8 600 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ പ്രീമിയം ഇലക്ട്രിക് കാര്‍ ഓഗസ്റ്റ് 18ന് വിപണിയില്‍ എത്തും. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോണിന്റെ ഫെയ്സ്ലിഫ്റ്റായി ഓഡി ക്യൂ8 ഇ-ട്രോണിനെ കണക്കാക്കാം. ക്യു8 ഇ-ട്രോണ്‍ എസ്യുവി, ക്യു8 ഇ-ട്രോണ്‍ കൂപ്പെ എന്നീ രണ്ട് ബോഡി ശൈലികളിലും ഇത് വാഗ്ദാനം ചെയ്യുന്നു. ഓഡി ക്യു8 ഇ-ട്രോണിന് 114കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുണ്ട്, അത് 600കിമീ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 408 എച്ച്പി പവറും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് നല്‍കുന്നത്. 5.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് കഴിയും. 170 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുമ്പോള്‍ 22 കിലോവാട്ട് എസി ചാര്‍ജറാണ് കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ചാര്‍ജറിന് ആറ് മണിക്കൂറിനുള്ളില്‍ കാര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കിലും, ഡിസി ചാര്‍ജറിന് 31 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ കാര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

◾ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകള്‍ക്കും ശേഷം തുടര്‍ന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തില്‍ സ്ത്രീജീവിതം എപ്പോഴും സംഘര്‍ഷഭരിതം ആകുന്നത് എങ്ങനെയെന്ന് എച്ച്മുക്കുട്ടി ഇതില്‍ വിവരിക്കുന്നു. നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതം എങ്ങനെയെല്ലാം സമരോത്സുകമാകുന്നുവെന്നും ഈ വിചാരങ്ങളില്‍നിന്ന് ബോധ്യമാകുന്നു. 'ശേഷം ഞാന്‍'. ഡിസി ബുക്സ്. വില 113 രൂപ.

◾പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം. അത്തരക്കാര്‍ തലമുടി കഴുകുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില തെറ്റുകളുണ്ട്. ഒരിക്കലും മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുടി കഴുകുക. കണ്ടീഷണര്‍ ഒരിക്കലും തലയോട്ടിയില്‍ പുരട്ടരുത്. മുടിയില്‍ മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ ഒരുപാട് വെള്ളം നിലനിര്‍ത്തേണ്ട ആവശ്യമില്ല. മുടിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ചെറിയ നനവില്‍ കണ്ടീഷണര്‍ പുരട്ടുക. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ നിര്‍ബന്ധമായും അപ്ലൈ ചെയ്യുക. ഷാംപൂ ചെയ്യുമ്പോള്‍ ഡ്രൈ ആകുന്ന മുടിക്ക് ഒതുക്കം കിട്ടാന്‍ കണ്ടീഷണര്‍ സഹായിക്കും. ഷാംപൂ ഒരിക്കലും മുടിയുടെ നീളത്തില്‍ പുരട്ടരുത്. ഒരു കപ്പില്‍ പകുതി വെള്ളം എടുത്ത ശേഷം അതിലേക്ക് ആവശ്യമായ അളവില്‍ ഷാംപൂ ഒഴിച്ച് പതപ്പിച്ചു മുടിയുടെ തലയോട്ടിയില്‍ മാത്രം പുരട്ടി നന്നായി അഴുക്ക് പോയി കഴിഞ്ഞ് കഴുകുക. മുടിയുടെ അറ്റത്തെക്ക് ഷാംപൂ ഉപയോഗിക്കരുത്. മുടി പൊട്ടിപ്പോകാന്‍ ഇത് കാരണമാകും. കുളിക്കാന്‍ പോകുമ്പോള്‍ മുടി ചീകി ഒതുക്കാതെ കുരുങ്ങിയ മുടിയുമായി തല കഴുകരുത്. തല കഴുകുന്നതിന് മുമ്പ് എപ്പോഴും മുടി നന്നായി ചീകി കുരുക്കുകള്‍ കളഞ്ഞ് ഒതുക്കുക. കുരുക്കുകള്‍ ഉള്ള മുടി കഴുകിയാല്‍ മുടി ഊരാന്‍ സാധ്യത കൂടുതലാണ്. ഇനിയുള്ള കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. പലപ്പോഴും ആവര്‍ത്തിക്കുന്ന ഈ തെറ്റ് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. മാത്രമല്ല, മുടി ചീകുമ്പോള്‍ വലിയ പല്ലുകള്‍ ഉള്ള ചീപ്പ് തെരഞ്ഞെടുക്കുക.