*പ്രഭാത വാർത്തകൾ_*```2023 | ജൂലൈ 23 | ഞായർ | 1198 | കർക്കടകം 7 | ഉത്രം```

◾മണിപ്പൂര്‍ കാക്ച്ചിങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നു. കാക്ച്ചിങ്ങിലെ സെറൗലില്‍ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവം. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 കാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇതേസമയം, മണിപ്പൂരില്‍ യുവതികളെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിലെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍, സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുന്നൂറോളം പേരടങ്ങുന്ന സംഘത്തിലെ ആറു പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.

◾അരിയുടെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനുമാണു കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. പേമാരിമൂലം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചിരിക്കേ, വിളവെടുപ്പു കുറയുമെന്നു മുന്നില്‍കണ്ടാണ് നിരോധനം. ബസ്മതി അരിയുടെ കയറ്റുമതിക്കു നിരോധനമില്ല. ആഗോള അരി വിപണിയുടെ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 554 ലക്ഷം ടണ്‍ അരി ഇന്ത്യ കയറ്റിയയച്ചിരുന്നു. ഗോതമ്പു കയറ്റുമതി കഴിഞ്ഞ വര്‍ഷംതന്നെ നിരോധിച്ചിരുന്നു.

◾അധികാരത്തിനുവേണ്ടി വിദ്വേഷം പ്രചരിപ്പിച്ച് മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം പുനസ്ഥാപിക്കേണ്ടവരാണു കലാപം ആളിക്കത്തിച്ചത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാന്‍ കഴിയൂ. മുഖ്യമന്ത്രി പറഞ്ഞു.

◾മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് 27 ന് സേവ് മണിപ്പൂര്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ നിയോജകമണ്ഡലങ്ങളിലും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കും.

◾സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് മൂന്നു മാസം മുതല്‍ 12 മാസം വരെ സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്.

◾കലാ - കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളില്‍നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

◾40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും 45 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കു മാത്രമായിരുന്നു സ്വകാര്യ ബസുകളില്‍ യാത്ര ഇളവ് അനുവദിച്ചിരുന്നത്.

◾ക്രിമിനല്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസ് എസ്ഐ അടക്കം രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരന്‍ നായര്‍, കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വസ്തു സംബന്ധമായ രേഖകള്‍ ശരിയാക്കാന്‍ മുഹമ്മദ് ഷാബിന്‍ എന്നയാളില്‍നിന്ന് പ്രഭാകരന്‍ നായര്‍ കൈക്കൂലി വാങ്ങിയെന്നാണു കേസ്.

◾കണ്ണൂര്‍ മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്ക് പി. തപസ്യയെ ഡിഎംഓ സസ്പെന്‍ഡ് ചെയ്തു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തി.

◾ഡിവിഷന്‍ നിലനിര്‍ത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും 21 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയെന്നു വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴു വര്‍ഷം തടവു ശിക്ഷ. കൊല്ലം ജോണ്‍ എഫ് കെന്നഡി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എസ്. രമാകുമാരിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

◾ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാജ്ഞലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പുതുപ്പള്ളിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശം നടത്തിയെന്ന കേസില്‍ പോലീസ് സിനിമാനടന്‍ വിനായകന്റെ മൊഴിയെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. വിനായകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് വിനായകന്‍ പറഞ്ഞു.

◾പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടത്തും. 2023- 24 അധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് മാസത്തിലെ ഒന്നാം വര്‍ഷ പൊതുപരീക്ഷകള്‍ക്കൊപ്പമാണു നടത്തുക.

◾തൃശൂര്‍ ചേറ്റുവയില്‍നിന്നു മത്സ്യബന്ധനത്തിനു പോയി എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ കാവടി എന്ന വള്ളവും അമ്പതു മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു.  

◾വിയ്യൂര്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ കൈയ്യേറ്റം ചെയ്ത കേസില്‍ ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ സ്വദേശികളായ ആകാശ് തില്ലങ്കേരി (29 ), കെ.വി. ജിജോ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. സെല്ലിനകത്തെ ദൃശ്യങ്ങള്‍ കാണാതിരിക്കാന്‍ സിസിടിവി കാമറ തുണിവച്ച് മറച്ചതും ഫോണ്‍ ഉപയോഗിക്കുന്നതും ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.

◾അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജന്‍ സിബിഐക്ക് കത്തയച്ചു. കെ.സുധാകരന്‍ പൊലീസിനെ വിരട്ടിയാണ് കേസില്‍ എഫ്ഐആര്‍ ഇട്ടതെന്ന ബിആര്‍എം ഷെഫിറിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം.

◾ഒന്നര മാസംകൊണ്ട് 5,516 ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. ഈ കാലയളവില്‍ 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്.

◾ആലപ്പുഴ തായങ്കരയില്‍ കാര്‍ കത്തി മരിച്ചത് കാറുടമ എടത്വാ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) ആണെന്നു സ്ഥിരീകരിച്ചു. മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കി ഇറങ്ങിപ്പോകാറുള്ള ഇയാള്‍ വീടിന്റെ ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിക്കുമെന്നു ഭീഷണിപ്പെടുത്താറുണ്ട്. ഈ രേഖകളെല്ലാം കാറിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു.

◾സ്‌കൂളിനു മുന്നിലെ റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാണെന്നും പോലീസിനെ നിയോഗിച്ചു സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്തില്‍ നടപടിയെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോട് വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നാലാം ക്ലാസ് ബി യില്‍ പഠിക്കുന്ന ആര്‍. ശിവാനി അയച്ച കത്തനുസരിച്ച് സ്‌കൂളിനു മുന്നില്‍ പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചു.

◾താമരശേരി രൂപതയിലെ വൈദികന്‍ തോമസ് പുതിയപറമ്പിലിനെ സസ്പെന്‍ഡു ചെയ്തു. സഭാ നേതൃത്വത്തെ വിമര്‍ശിച്ചതിനും ചുമതലകള്‍ ഏറ്റെടുക്കാത്തതിനുമാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നടപടിയെടുത്തത്.

◾പൊന്നാനിയില്‍ ഭാര്യ സുലൈഖയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് തിരൂര്‍ പടിഞ്ഞാറെ കരയിലെ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

◾മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സഹോദരി വൈ എസ് ശര്‍മിള രഹസ്യ മൊഴി നല്‍കി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛന്‍ ഭാസ്‌കര്‍ റെഡ്ഡിക്കുമെതിരെയാണ് ശര്‍മിളയുടെ മൊഴി.

◾ചത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ കൃഷിവകുപ്പു ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചര കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.

◾തിഹാര്‍ ജയിലില്‍നിന്ന് കാഷ്മീര്‍ വിഘടനാവാദി നേതാവ് യാസിന്‍ മാലിക്കിനെ അനുമതിയില്ലാതെ സുപ്രീം കോടതിയില്‍ എത്തിച്ച സംഭവത്തില്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പെടെ നാലു ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. സ്വയം കേസ് വാദിക്കാനെന്ന പേരില്‍ കോടതിയില്‍ എത്തിയ യാസിന്‍ മാലിക്കിനെ കണ്ട് സുപ്രീം കോടതി ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.

◾റെയില്‍ സുരക്ഷയ്ക്ക് അഞ്ചു വര്‍ഷം കേന്ദ്രം ചെലവഴിച്ചത് ലക്ഷം കോടി രൂപ. 2017 - 18 മുതല്‍ 2021 - 22 വരെയുള്ള കണക്കാണിതെന്ന് രാജ്യസഭയിലെ ചോദ്യത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലം മറുപടി നല്‍കി.

◾ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയ്ക്കു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.  

◾സാത്വിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സ് ഫൈനലില്‍. രണ്ടാം സീഡായ ചൈനയുടെ വെയ് കെങ് ലിയാങ്-ചാങ് വാങ് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ അലിഫാന്‍-അര്‍ഡിയാന്റോ സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി.

◾ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് തിരിച്ചടിക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ ഒന്നാമിന്നിംഗ്സ് സ്‌കോറായ 438 റണ്‍സിനെതിരെ വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. വിന്‍ഡീസ് ഓപ്പണറായ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് നേടിയ 75 റണ്‍സാണ് വിന്‍ഡീസിന്റെ സ്‌കോറിന് കരുത്തേകിയത്.

◾കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.5 ലക്ഷം കോടി രൂപ. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ലോകത്ത് ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ ഓഹരികളാണ്. തായ്വാനാണ് എഫ്.പി.ഐ നിക്ഷേപം നേടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇന്ത്യയേക്കാള്‍ 600 കോടി ഡോളര്‍ (ഏകദേശം 49,000 കോടി രൂപ) കുറവാണ് തായ്വാനിലേക്ക് എത്തിയത്. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥ, ആഗോള പ്രതിസന്ധികളില്‍ ഉലയാതെയുള്ള ഓഹരികളുടെ റെക്കോഡ് കുതിപ്പ്, ആഭ്യന്തര തലത്തില്‍ നിന്നുള്ള അനുകൂല ട്രെന്‍ഡ് തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യന്‍ ഓഹരികളിലേക്ക് വന്‍തോതില്‍ നിക്ഷേപമൊഴുക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെ നിഫ്റ്റി 50 ഇടിഞ്ഞത് ഏകദേശം 10 ശതമാനമാണ്. അതിനുശേഷം പക്ഷേ, വലിയ മുന്നേറ്റമാണ് സൂചിക നടത്തിയത്. വിദേശ നിക്ഷേപം കുതിച്ചെത്തിയതോടെ കഴിഞ്ഞവാരങ്ങളില്‍ റെക്കോഡുകള്‍ തിരുത്തി പുതിയ ഉയരവും കുറിച്ചു. മാര്‍ച്ചിന് ശേഷം ഇതുവരെ നിഫ്റ്റി 50യുടെ മുന്നേറ്റം 17 ശതമാനമാണെങ്കില്‍ നിഫ്റ്റി സ്‌മോള്‍ക്യാപ്പ് സൂചിക കുതിച്ചത് 30 ശതമാനമാണ്. കഴിഞ്ഞമാസത്തെ (ജൂണ്‍) കണക്കെടുത്താല്‍ സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട്‌സ് നേടിയ നിക്ഷേപം മേയിലെ 3,300 കോടി രൂപയില്‍ നിന്ന് 5,500 കോടി രൂപയായി ഉയര്‍ന്നു. 2022ല്‍ ആകെ 20,000 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍ക്യാപ്പ് ഫണ്ടുകള്‍ നേടിയതെങ്കില്‍ 2023ന്റെ ആദ്യ ആറുമാസത്തില്‍ തന്നെ നിക്ഷേപം 18,000 കോടി രൂപയിലെത്തിയിട്ടുണ്ട്.

◾പേര് വിവാദത്തില്‍പെട്ട ധ്യാന്‍ ശ്രീനിവാസന്റെ 'ജയിലര്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ധ്യാനിനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പേരും ജയിലര്‍ എന്നാണ്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ മറുപടി എന്ന് സക്കീര്‍ മഠത്തില്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. രജനി ചിത്രം ജയിലറിനൊപ്പം ഓഗസ്റ്റില്‍ തന്നെയാണ് ധ്യാനിന്റെ ജയിലറും റിലീസിനെത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് ചിത്രം പറയുന്നത്. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

◾ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനം ആരംഭിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രം ഓപ്പണ്‍ഹെയ്മറും ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും. മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന രണ്ട് ചിത്രങ്ങളുടെയും ഇനിഷ്യല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തി തുടങ്ങിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ബാര്‍ബിയാണ് ഓപ്പണ്‍ഹെയ്മറേക്കാള്‍ ബഹുദൂരം മുന്നില്‍. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചു. 51 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച മാത്രം ബാര്‍ബി നേടിയിരിക്കുന്നത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി) ആണ്. അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്യപ്പെട്ടെങ്കിലും ബാര്‍ബി നേടിയതിന്റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹെയ്മര്‍ക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും വന്‍ ഓപണിംഗ് തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം ചിത്രം നേടിയിരിക്കുന്നത് 15.7 മില്യണ്‍ ഡോളര്‍ (129 കോടി രൂപ) ആണ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ 13.50 കോടി രൂപയാണ് ഓപ്പണ്‍ഹൈമര്‍ ചിത്രത്തിന് ലഭിച്ച ഓപ്പണിംഗ് കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷനാണിത്.

◾ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ബജാജും അടുത്തിടെ സംയുക്തമായി പുറത്തിറക്കിയ ട്രയംഫ് സ്പീഡ് 400-ന്റെ ബുക്കിംഗ് തുക 10,000 രൂപയായി ഉയര്‍ത്തി . നേരത്തെ ഇത് 2000 രൂപയായിരുന്നു . ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യാവുന്നതാണ്, ട്രയംഫ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് മാത്രമേ ബൈക്ക് ഇപ്പോഴും ബുക്ക് ചെയ്യാന്‍ കഴിയൂ. ആദ്യ 10,000 ബൈക്കുകള്‍ക്ക് ബുക്കിംഗ് ലഭിച്ചതിന് പിന്നാലെ ബൈക്കിന്റെ ലോഞ്ച് വിലയും കമ്പനി ഉയര്‍ത്തി. 2.23 ലക്ഷം രൂപയില്‍ നിന്ന് 2.33 ലക്ഷം രൂപയായിട്ടാണ് വില കമ്പനി ഉയര്‍ത്തിയത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ സ്പീഡ് 400-ന് ട്രയംഫ് ഇന്ത്യയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. മോട്ടോര്‍സൈക്കിളിനായുള്ള കാത്തിരിപ്പ് കാലയളവ് ശരാശരി മൂന്നോ നാലോ മാസത്തേക്ക് ഉയര്‍ത്തി. ജൂലൈ അവസാനത്തോടെ ഡെലിവറികള്‍ ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍, ഡീലര്‍ഷിപ്പുകള്‍ ലൊക്കേഷന്‍ അനുസരിച്ച് 12 മുതല്‍ 16 ആഴ്ചത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ണിവല്‍ റെഡ്, കാസ്പിയന്‍ ബ്ലൂ, ഫാന്റം ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ട്രയംഫ് സ്പീഡ് 400 ബുക്കിംഗിന് ലഭ്യമാണ്. 39.5 ബിഎച്ച്പിയും 37.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 398.15 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു കൂടാതെ ഒരു ഷോര്‍ട്ട് സ്ട്രോക്ക് സജ്ജീകരണവും ലഭിക്കുന്നു.

◾കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. ഇതിഹാസ കാവ്യത്തെ സാന്ദ്രവും ഗാഢവും ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ രുചിരവും നിപുണവുമായ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ശുകതരുണിയുടെ ആ വചനപീയൂഷത്തിന് 'കര്‍ണപര്‍വ'മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ. 'കര്‍ണപര്‍വം'. എഴുത്തച്ഛന്‍. വ്യാഖ്യാനം - പ്രൊഫ. കെ.പി. ശങ്കരന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 104 രൂപ.

◾ഒരു കുഴപ്പമില്ലാതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. അലസമായ ജീവിതശൈലിയുടെ ഭാഗമായി ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയം സ്തംഭിക്കുന്നത് പെട്ടെന്നായിരിക്കുമെങ്കിലും ഇതിന്റെ ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കുന്നതാണ്. പ്രത്യേകിച്ച് ശാരീരിക അധ്വാനമൊന്നും ചെയ്യാതെ തന്നെ ശരീരം ക്ഷീണിക്കുന്നത് ഹൃദയസ്തംഭനം വരാന്‍ പോകുന്നതിന്റെ സൂചനയാണ്. നന്നായി വിശ്രമിച്ചാലും ഈ ക്ഷീണം മാറിയെന്ന് വരില്ല. നിരവധി ദിവസങ്ങളോ ആഴ്ചകളോ ഈ ക്ഷീണം നീണ്ടു നില്‍ക്കാം. വെറുതേ ഇരിക്കുമ്പോള്‍ പോലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഹൃദയം തകരാറിലാണെന്നതിന്റെ സൂചനയാണ്. ഈ ശ്വാസംമുട്ടല്‍ പെട്ടെന്ന് വരുന്നതോ പതിയെ പതിയെ വര്‍ധിക്കുന്നതോ ആകാം. നെഞ്ചിന് പിടുത്തം, നെഞ്ചിന് മുകളില്‍ ഭാരമെടുത്ത് വച്ച തോന്നല്‍, വേദന എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ശാരീരിക അധ്വാനമുള്ള കാര്യങ്ങളൊന്നും ചെയ്യാത്തപ്പോള്‍ പോലും ഈ അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതും ഇസിജി പോലുള്ള പരിശോധനകള്‍ നടത്തേണ്ടതുമാണ്. തലയ്ക്ക് ഭാരം കുറഞ്ഞ തോന്നല്‍, തല കറക്കം എന്നിവയും ഹൃദയസ്തംഭനത്തോട് അനുബന്ധിച്ച് അനുഭവപ്പെടാം. അകാരണമായ അമിത വിയര്‍പ്പ്, ഇടയ്ക്കിടെ ബോധം കെടല്‍ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാകാം. ത്വരിത ഗതിയിലുള്ള ഹൃദയമിടിപ്പ്, ഇടയ്ക്ക് മിടിപ്പ് നിന്നു പോകല്‍ എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് തൊട്ടു മുന്‍പ് വരുന്ന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്താനോ പ്രഥമചികിത്സ തേടാനോ ഉള്ള സാധ്യതകള്‍ വേഗം ആരായേണ്ടതാണ്. നാലു മുതല്‍ ആറ് മിനിറ്റിനുള്ളിലാണ് ഹൃദയസ്തംഭനങ്ങള്‍ സംഭവിക്കാറുള്ളത്. ഈ സമയം സിപിആര്‍ കൊടുത്ത് രോഗിയുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കാനും ശ്രമിക്കേണ്ടതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ മാധ്യമപ്രവര്‍ത്തകന്‍ ദൈവത്തെ ഇന്റര്‍വ്യൂചെയ്യുന്നതായി അന്ന് രാത്രി സ്വപ്നം കണ്ടു. അയാള്‍ ആദ്യചോദ്യം ചോദിച്ചു: മനുഷ്യരാശിയെക്കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്? ദൈവം പറഞ്ഞുതുടങ്ങി: ചെറുപ്പത്തില്‍ അവര്‍ വളരാന്‍ തിരക്ക് കൂട്ടുന്നു. പക്ഷേ, മുതിര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും കുട്ടികളാകാന്‍ ആഗ്രഹിക്കുന്നു. പണം ഉണ്ടാക്കാന്‍ ആരോഗ്യം നശിപ്പിച്ചും പണിയെടുക്കുന്നു. പിന്നീട് അതേ ആരോഗ്യം തിരച്ചുകിട്ടാന്‍ അതെ പണം മുടക്കുന്നു. ഭാവിയെകുറിച്ച് എപ്പോഴും ഉത്കണ്ഠാകുലരായി വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ മറക്കുന്നു. മാത്രമല്ല, കഴിഞ്ഞുപോയവയെ കുറിച്ച് ഓര്‍ത്ത് വര്‍ത്തമാനകാലം വെറുതെ കളയുന്നു. പിന്നീട് അയാള്‍ അടുത്ത ചോദ്യം ചോദിച്ചു. മാതാപിതാക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട പാഠമെന്താണ്? ദൈവം പറഞ്ഞു: കുട്ടികളോട് മറ്റുളളവരെ സ്‌നേഹിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാതെ, നിങ്ങളിലൂടെ അവര്‍ തനിയെ എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിക്കണം. നിങ്ങളാണ് അവര്‍ക്ക് മാതൃകയാകേണ്ടത്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പഠിപ്പിക്കണം, പലര്‍ക്കും പലകഴിവാണ്. അവരെ ക്ഷമിക്കാന്‍ പഠിപ്പിക്കാതെ, സ്വയം ക്ഷമിച്ചുകൊണ്ട് പരിശീലിച്ചു വളരാന്‍ വിടുക, സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്താന്‍ വളരെ കുറച്ച് സമയം മതി.. പക്ഷേ, ആ മുറിവുണങ്ങാന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം എന്ന് അവരെ പഠിപ്പിക്കുക, ഒന്നുകൂടി, രണ്ടു വ്യക്തികള്‍ ഒരേ കാര്യങ്ങള്‍ കാണുന്നത് രണ്ടുതരത്തിലായിരിക്കുമെന്നും അവരെ പഠിപ്പിക്കുക. ദൈവം പറഞ്ഞു നിര്‍ത്തി.. തലമുറകള്‍ മാറിവരും, ജീവിത സാഹചര്യങ്ങളും... ജീവിച്ചു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നുപോകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - *ശുഭദിനം.*