◾മണിപ്പൂര്‍ വിഷയത്തില്‍ രാജ്യമെങ്ങും പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി മറുപടി പറയണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര ചര്‍ച്ചയ്ക്കുള്ള നോട്ടീസ് സഭാധ്യക്ഷന്മാര്‍ തള്ളി. ഇതോടെയാണു പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചത്. ഇതോടെ ഇരു സഭകളുടേയും നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്‍കി.
◾പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 14 ാം ഗഡു ജൂലൈ 27 ന് വിതരണം ചെയ്യും. എട്ടര കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2000 രൂപ എത്തും. വര്‍ഷത്തില്‍ മൂന്നു തവണയായി 6,000 രൂപയാണു ലഭിക്കുക.
◾'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലൂടെ മമ്മൂട്ടി മികച്ച നടന്‍. 'രേഖ'യിലെ വിന്‍സി അലോഷ്യസ് മികച്ച നടി. മികച്ച ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്). അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍), സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക), സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്), മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്), മികച്ച ഛായാഗ്രാഹകന്‍- മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്), പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്സ്), മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ., വിഡ്ഢികളുടെ മാഷ്), പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്), എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല), മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട), മികച്ച ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്), മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്സ്). 154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. അവസാന റൗണ്ടില്‍ 44 ചിത്രങ്ങള്‍ എത്തി. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ജൂറി അധ്യക്ഷന്‍.
◾ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ അദ്ദേഹം 53 വര്‍ഷം പ്രതിനിധാനം ചെയ്ത പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ഉടനേ ആരംഭിക്കും. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയും സജീവമായി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചേക്കും.
◾ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി നല്‍കിയ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. അടുത്ത മാസം രാജ്യസഭയില്‍ അവതരിപ്പിക്കും. കൊളോണീയല്‍ സംസ്‌കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവര്‍ണര്‍ പദവി. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും ബില്ലില്‍ പറയുന്നുണ്ട്.
◾പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതി ഒക്ടോബര്‍ 18 വരെ സാവകാശം അനുവദിച്ചു. തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു.
◾പുരാവസ്തു തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു മോന്‍സണ്‍ മാവുങ്കല്‍. സംസ്ഥാനത്തെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കെണിയില്‍ കുടുക്കിയതാണെന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു പ്രതികരണം.
◾സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. മെയ് 17 മുതല്‍ 19 വരെ നടന്ന കണക്കെടുപ്പില്‍ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്ന് 84 കടുവകളുണ്ടെന്ന് വ്യക്തമായി. 2018 ല്‍ 120 കടുവകളുണ്ടായിരുന്നു. 1920 കാട്ടാനുകളുണ്ടെന്ന് കണ്ടെത്തി. 2017 ല്‍ 3322 ആനകളുണ്ടായിരുന്നു.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍ രാജേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്റെ നടപടി.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരേ വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പാര്‍ട്ടി എഴുതിക്കൊടുത്തത് അച്യുതാനന്ദന്‍ വായിക്കുകയാണു ചെയ്തത്. സിപിഎം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾പ്രതിപക്ഷത്തിന്റെ ഇന്ത്യയില്‍ കേരളമില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പ്രതിപക്ഷ സഹകരണമില്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാലിന്റേയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
◾ബിജെപിയില്‍നിന്നു തന്നെ പുറത്താക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രന്‍. ട്രൗസറിട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ശോഭ പറഞ്ഞു.
◾മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.
◾മദ്യപിച്ചു ലക്കുകെട്ട് റെയില്‍ പാളത്തിലേക്കു കാര്‍ ഓടിച്ചു കയറ്റിയയാള്‍ കണ്ണൂരില്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.
◾റാഗിംഗ് നടത്തിയതിന് കാലടി ശ്രീശങ്കര കോളേജിലെ കെഎസ്യു പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ വിഷ്ണു, ഡിജോണ്‍ പി ജിബിന്‍, ശരീഷ്, അനന്ത കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്.
◾തിരുവനന്തപുരത്തു വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. നിധുന്‍, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണു നടപടി.
◾കാപ്പ കേസില്‍ അറസ്റ്റിലായ പ്രതി സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ ചിറയ്ക്ക സ്വദേശി സജീറാണ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരനെ കുത്തുകയും ചെയ്തത്.
◾മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ തട്ടിപ്പു നടത്തിയതിനു ജീവനക്കാരികള്‍ അടക്കം മൂന്നു സ്ത്രീകളെ അറസ്റ്റു ചെയ്തു. ഹരിപ്പാട്ടെ മയൂരാ മാര്‍ജിന്‍ ഫ്രീ യിലെ ക്യാഷ് കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയില്‍ പ്രഭ (36), ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതില്‍ വിദ്യ (32), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതില്‍വീട്ടില്‍ സുജിത (28) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യ പതിവായി കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചെന്നാണു പരാതി.
◾നോമ്പുകാലത്ത് പഴക്കച്ചവടത്തിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വാഗ്ദാനം നല്‍കി കൂറ്റനാട്ടെ വ്യാപാരിയില്‍നിന്നു മിനിലോറിയും ബൈക്കും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. തിരൂര്‍ കൂട്ടായി സ്വദേശി വലിയ വീട്ടില്‍ അബ്ദുള്‍ ജംഷീദിനെ (30) യാണ് ചാലിശേരി പൊലീസ് അറസ്റ്റു ചെയ്തത്.
◾കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആദിനാട് സ്വദേശി 34 വയസുള്ള വിഷ്ണുവാണ് പിടിയിലായത്.
◾ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പില്‍ ഇബ്രാഹിം (46) ആണ് പിടിയിലായത്.
◾വയനാട് മുട്ടിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദര്‍പടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകന്‍ അരുണ്‍കുമാര്‍ (27) ആണ് മരിച്ചത്. സമീപത്തുനിന്ന് ബൈക്കും മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തി.
◾മാനന്തവാടി തോണിച്ചാല്‍ ഇരുമ്പുപാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്കു മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയില്‍നിന്നു മെറ്റലുമായി വന്ന ടിപ്പറാണ് മറിഞ്ഞത്.
◾കര്‍ണാടകയില്‍ നന്ദിനി പാലിന് ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചു. അടുത്ത മാസം വില വര്‍ദ്ധന പ്രാബല്യത്തിലാകും. 39 രൂപ വിലയുണ്ടായിരുന്ന പാലിന് ഇനി 42 രൂപയാവും.
◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 295 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ 41 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് റെയില്‍വേ. ദുരന്തത്തിനു കാരണം സിഗ്നലിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണ്. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
◾നേരിട്ടു കേസ് വാദിക്കാന്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കാഷ്മീരിലെ വിഘടനാവാദി നേതാവ് യാസിന്‍ മാലിക്ക് എത്തിയതു കണ്ട് ഞെട്ടല്‍ പ്രകടിപ്പിച്ച് സുപ്രീം കോടതി. വാദിക്കാന്‍ അനുവദിക്കാതെ യാസിന്‍ മാലിക്കിനെ കോടതി തിരിച്ചയച്ചു. ഉത്തരവോ അനുമതിയോ ഇല്ലാതെ യാസിന്‍ മാലിക്കിനെ ഹാജരാക്കിയതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തും. ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കിയെന്ന കേസില്‍ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണു യാസിന്‍ മാലിക്ക്.
◾മണിപ്പൂരില്‍ ആക്രമികള്‍ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാള്‍ മുന്‍ സൈനികന്റെ ഭാര്യ. അക്രമത്തിനിരയായ 42 കാരി കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സുബേദാറിന്റെ ഭാര്യയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ടു ചെയ്തത്. അക്രമികള്‍ വീടു കത്തിച്ചതിനാല്‍ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.
◾മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടിയാകുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാലാ റോയിയാണ് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം മുസ്ലീം ജനസംഖ്യ 17.2 കോടിയാണ്. മൊത്തം ജനസംഖ്യയുടെ 14.2 ശതമാനമാണിത്. 2023 ല്‍ മുസ്ലീം ജനസംഖ്യാ ശതമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രിപറഞ്ഞു.
◾കര്‍ണാടക നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. എന്നാല്‍ സഖ്യകാര്യത്തില്‍ തീരുമാനമായില്ല.
◾പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളോട് അസഹിഷ്ണുത വേണ്ടെന്നു സുപ്രീംകോടതി. ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.
◾ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വാപി പള്ളി പരിസരത്തു ശാസ്ത്രീയ പരിശോധനയ്ക്കു കോടതി അനുമതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടാണ് വാരാണസി ജില്ലാ കോടതി പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഗര്‍ഭഗൃഹം ഒഴികേയുള്ള ഭാഗത്താണു പരിശോധന നടത്തേണ്ടത്.
◾യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയാണ് വര്‍ധിപ്പിച്ചത്.
◾ഭൂമയില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലേക്ക് ചൈന കുഴിയ്ക്കുന്നു. പ്രകൃതിവാതക ശേഖരം കണ്ടെത്താനാണ് കുഴിക്കല്‍ പദ്ധതി നടപ്പാക്കുന്നത്.
◾വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യ 438 റണ്‍സിന് പുറത്ത്. 288 ന് 4 എന്ന നിലയില്‍ കളി ആരംഭിച്ച രണ്ടാം ദിനം ഇന്ത്യയ്ക്കായി വിരാട് കോലി സെഞ്ചുറി നേടി. 29-ാം ടെസ്റ്റ് സെഞ്ചുറി നേടിയ കോലി 121 റണ്‍സെടുത്ത് ഒടുവില്‍ റണ്ണൗട്ടാകുകയായിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസ് 86 ന് 1 എന്ന നിലയിലാണ്.
◾തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 132.23 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 114.52 കോടി രൂപയേക്കാള്‍ 15.46 ശതമാനം അധികമാണിത്. അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 156.34 കോടി രൂപയേക്കാള്‍ 15.42 ശതമാനം കുറവുമാണിത്. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 154.72 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിച്ച് 181.43 കോടി രൂപയായി. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 590.78 കോടി രൂപയില്‍ നിന്ന് 36.27 ശതമാനം വര്‍ദ്ധിച്ച് 805.04 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 2022-23 ജൂണ്‍പാദത്തിലെ 310.69 കോടി രൂപയില്‍ നിന്ന് 17 ശതമാനം ഉയര്‍ന്ന് 364.01 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5.17 ശതമാനത്തില്‍ നിന്ന് 5.40 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 24,475 കോടി രൂപയായി. വായ്പകള്‍ 29 ശതമാനം വര്‍ദ്ധിച്ച് 21,945 കോടി രൂപയിലുമെത്തി. ഇതോടെ മൊത്തം ബിസിനസ് 24 ശതമാനം മുന്നേറി 46,420 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 7,107 കോടി രൂപയില്‍ നിന്ന് 42 ശതമാനം ഉയര്‍ന്ന് 10,072 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളില്‍ 16 ശതമാനം, റീട്ടെയില്‍ വായ്പകളില്‍ 41 ശതമാനം, ചെറുകിട സംരംഭ വായ്പകളില്‍ 6 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2022-23 ജൂണ്‍പാദത്തിലെ 1.79 ശതമാനത്തില്‍ നിന്ന് ഇക്കുറി ജൂണ്‍പാദത്തില്‍ 1.27 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 0.60 ശതമാനത്തില്‍ നിന്ന് 0.32 ശതമാനമായി കുത്തനെ കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.
◾പ്രഭാസ് നായകനായെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'കല്‍ക്കി 2898' ആദ്യ ടീസര്‍ എത്തി. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നേരത്തെ പ്രോജക്ട് കെ എന്നായിരുന്നു ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. 2898 ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്തമായ സാന്‍ ഡിയാഗോ കോമിക്-കോണ്‍ 2023-ല്‍ വച്ചായിരുന്നു ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്തത്. സാന്‍ ഡിയാഗോ കോമിക്-കോണില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജ്കട് കെ' ഇതോടെ സ്വന്തമാക്കി കഴിഞ്ഞു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പന്‍ ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്ത് നിര്‍മിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പെടുന്നു. സംക്രാന്തി നാളില്‍ ജനുവരി 12, 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തും.
◾പതിനൊന്ന് നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വാലാട്ടി' എന്ന ചിത്രത്തിന്റെ തീം ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കൃഷ്ണയാണ് ആലപിച്ചത്. വരുണ്‍ സുനില്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയില്‍ ഈണമിട്ടത്. ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് 'വാലാട്ടി'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്കു ശബ്ദം നല്‍കുന്നത്.
◾കിയ മോട്ടോഴ്‌സിന്റെ മിഡ് സൈസ് എസ്.യു.വിയായ സെല്‍റ്റോസിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളിലാണ് പുതിയ സെല്‍റ്റോസ് അവതരിപ്പിച്ചിരിക്കുന്നത്. ലെവല്‍ 2 ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍, നൂതനമായ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേര്‍ന്ന് പുതിയ കാലത്തെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് മുഖം മിനുക്കിയ സെല്‍റ്റ്‌സിന്റെ വരവ്. ജൂലൈ 14 ന് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ 13,000 ത്തിലധികം ബുക്കിംഗുകളാണ് സെല്‍റ്റോസ് 2023 നേടിയത്. സ്മാര്‍ട്ട് സ്ട്രീം 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, ടര്‍ബോചാര്‍ജ്ഡ് 1.5 ലിറ്റര്‍ ജിഡിഐ എന്‍ജിന്‍, 1.5 ലിറ്റര്‍ സി.ആര്‍.ഡിഐ ഡീസല്‍ എന്‍ജിന്‍ എന്നീ മുന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്. 1482 സിസി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 157.81 ബി.എച്ച്.പി കരുത്തും 253എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യുമ്പോള്‍ 1493 സിസി ഡീസല്‍ എന്‍ജിന്‍ 114.41 ബിഎച്ച് പി കരുത്തും 250 എന്‍.എം ടോര്‍ക്കും നല്‍കുന്നു. അടിസ്ഥാന പെട്രോള്‍ വകഭേദത്തിന് 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉണ്ടാകുക. ഉയര്‍ന്ന വകഭേദത്തിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റീക് ഗിയര്‍ബോക്‌സുമായാണ് വരുന്നത്. എട്ട് മോണോ ടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും കൂടാതെ എക്‌സ്‌ക്ലൂസീവ് മാറ്റെ ഗ്രാഫൈറ്റ് നിറത്തിലും വാഹനം ലഭ്യമാണ്.
◾ഓര്‍മ്മകള്‍ തപിപ്പിക്കുന്ന ഹൃദയമുറിവുകളില്‍ നിന്നു കണ്ണിരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവും കൊണ്ട് നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തു നിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ഒരു ജന്മം കൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം എന്ന് പഠിപ്പിക്കുന്നു. നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്വരപോലെ കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടം പോലെ വായനക്കാരന്റെ വൈകാരിക മണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍. 'തൃഷ്ണ'. പെരുമ്പടവം. എച്ച്ആന്‍ഡ്സി ബുക്സ്. വില 237 രൂപ.
◾ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഗുണമുണ്ടാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം. മിതമായ വ്യായാമം ആണെങ്കില്‍പ്പോലും ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് (രണ്ടര മണിക്കൂര്‍) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തിരക്കിട്ട ദിവസങ്ങളില്‍ വ്യായാമത്തിനായി നീക്കിവയ്ക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ക്ക് ഈ രീതി ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. 89,573 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ആഴ്ചയിലുടനീളമുള്ള ഇവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. വ്യായാമത്തില്‍ നിന്ന് വിട്ടുനിന്നവര്‍ 33.7 ശതമാനവും ( ആഴ്ചയില്‍ 150 മിനിറ്റില്‍ കുറവ് വ്യായാമം ചെയ്തവര്‍), ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രം വ്യായാമം ചെയ്തവര്‍ 42.2 ശതമാനവും (150 മിനിറ്റ് വ്യായാമം ചെയ്തവര്‍), ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെട്ടവര്‍ 24 ശതമാനവുമായിരുന്നു. ആഴ്ചയില്‍ വ്യായാമം ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരില്‍ 35 ശതമാനവും കുറവാണെന്ന് കണ്ടെത്തി.
*ശുഭദിനം*
അയാള്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ എല്ലാ നല്ല പഴങ്ങളും കൊത്തിതിന്നുന്ന ഒരു പക്ഷിയെ അയാള്‍ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാല്‍ മൂന്ന് ജ്ഞാനപ്രബോധനങ്ങള്‍ നല്‍കാമെന്ന് പക്ഷി പറഞ്ഞു. അയാള്‍ സമ്മതം മൂളി ആ പക്ഷിയെ തുറന്നുവിട്ടു. തോട്ടക്കാരന്‍ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പക്ഷി പറഞ്ഞു: തിരിച്ചെടുക്കാനാവാത്തതിനെ ഓര്‍ത്ത് ഖേദിക്കരുത്, അസാധ്യമായതില്‍ വിശ്വസിക്കരുത്, അപ്രാപ്യമായതിനെ തേടിപ്പോകരുത്. അയാളെ നോക്കി ചിരിച്ചുകൊണ്ട് ഇതുകൂടി പറഞ്ഞു: നിങ്ങള്‍ എന്നെ തുറന്നുവിട്ടാല്ലായിരുന്നുവെങ്കില്‍ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള മുത്ത് എന്റെയുള്ളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയേനെ.. ഇത് കേട്ടതും അയാള്‍ ആ പക്ഷിയെ പിടിക്കാന്‍ മരത്തില്‍ കയറി. പക്ഷി ആ മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നു. അയാള്‍ അവിടെയെത്തിയതും പക്ഷി പറന്നുപോവുകയും ആ ചില്ല ഒടിഞ്ഞ് അയാള്‍ താഴെ വീഴുകയും ചെയ്തു. പക്ഷി അയാളോട് പറഞ്ഞു: ജ്ഞാനം വിവേകികള്‍ക്ക് ഉള്ളതാണ്. തിരിച്ചുകിട്ടാത്തിനെ ഓര്‍ത്ത് ഖേദിക്കരുതെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, നിങ്ങള്‍ തുറന്നുവിട്ടയുടനെ എന്നെ തേടി വന്നു. അസംഭവ്യമായതു വിശ്വസിക്കരുതെന്ന് പറഞ്ഞു, എന്നിട്ടും ഈ ഇത്തിരിപോന്നയെന്റെയുള്ളില്‍ ചെറുനാരങ്ങാ വലുപ്പത്തില്‍ ഒരു മുത്തുണ്ടെന്ന് നിങ്ങള്‍ വിശ്വസിച്ചു. അപ്രാപ്യമായതിന്റെ പിന്നാലെ പോകരുതെന്ന് പറഞ്ഞിട്ടും ഒരു പക്ഷിയെപിടിക്കാന്‍ നിങ്ങള്‍ മരക്കൊമ്പില്‍ കയറി ഇത്രയും പറഞ്ഞ് ആ പക്ഷി പറന്നുപോയി. നമ്മളില്‍ പലരും ഇങ്ങനെയാണ്.. മറ്റുള്ളവര്‍ പറയുന്നതിന് പിന്നാലെപോയി സമയവും, പണവും നഷ്ടപ്പെടുത്തും. യുക്തിഭദ്രമാകട്ടെ ജീവിതം - *ശുഭദിനം.*