പ്രഭാതവാർത്തകൾ 2023 / ജൂലൈ 21/ വെള്ളി.1998/ കർക്കിടകം 5 / ആയില്യം.

ഉമ്മൻചാണ്ടിക്ക് കേരളം കണ്ണീരോടെ വിടയേകി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അശ്രുപൂജകളുമായി ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ പൊതുദര്‍ശനവും സംസ്‌കാരവും മണിക്കൂറുകളോളം വൈകി. വൈകുന്നേരം മൂന്നരയ്ക്കു തുടങ്ങേണ്ടിയിരുന്ന ചടങ്ങുകള്‍ രാത്രി പത്തരയ്ക്കാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെ വിലാപയാത്രയില്‍ പങ്കെടുത്തു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവിധ ക്രൈസ്തവ സഭാധ്യക്ഷരും 20 ബിഷപ്പുമാരും പങ്കെടുത്തു. സ്വന്തം നാടായ പുതുപ്പള്ളിയിലെ തറവാട് വീട്ടിലും പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലും വെച്ച ശേഷമാണ് പൊതുദര്‍ശനത്തിന് എത്തിച്ചത്.

◾മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പൊലീസാണു തങ്ങളെ വീട്ടില്‍നിന്നു പിടികൂടി ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തതെന്ന് ഇരയായ പെണ്‍കുട്ടി. കേസില്‍ നാലു പേരെയാണ് അറസ്റ്റു ചെയ്തത്. നഗ്‌നരാക്കി നടത്തിച്ച വീഡിയോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്തു.

◾സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും കേസ് കെട്ടിച്ചമച്ചതാണെന്നു വിലയിരുത്തുകയുംചെയ്തിട്ടും ടീസ്ത സെതല്‍വാദിനെ മോചിപ്പിക്കാതെ അഹമ്മദാബാദ് സെഷന്‍സ് കോടതി. ഗുജറാത്ത് കലാപക്കേസില്‍ കള്ളത്തെളിവുണ്ടാക്കിയെന്ന പോലീസിന്റെ പരാതി നിലനില്‍ക്കുന്നുണ്ടെന്ന പേരില്‍ ടീസതയുടെ വിടുതല്‍ ഹര്‍ജി ജഡ്ജി എ.ആര്‍. പട്ടേല്‍ തള്ളി.

◾സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 19 ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനായിരുന്നതായിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് ലോകായുക്ത ഓഗസ്റ്റ് ഏഴിലേക്കു മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

◾കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഈ മാസം 27 ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.

◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.

◾വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിനുനേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

◾കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ ഇന്നു ചേരുന്ന യോഗത്തില്‍ ഏക സിവില്‍ കോഡിനെതിരേ പ്രമേയം അവതരിപ്പിക്കാനുള്ള അജണ്ട പിന്‍വലിക്കണമെന്നു ഹൈക്കോടതി. കോര്‍പറേഷന്റെ അധികാര പരിധിയിലില്ലാത്ത കാര്യമെന്നു ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  

◾തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരേ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും.

◾മണിപ്പൂരില്‍ കലാപകാരികള്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ചതുമായി ബന്ധപ്പെട്ടു പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാമൂഹ്യ മാധ്യമ മാനേജുമെന്റുകള്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരായ പോസ്റ്റാണെന്ന് ചൂണ്ടിക്കാട്ടി നീക്കംചെയ്തത്.

◾തൃശൂര്‍ വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേറ്റു ചത്ത കാട്ടാനയുടെ കൊമ്പ് അറുത്തെടുത്ത് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ടു പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി. മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്.

◾മണിപ്പൂരില്‍നിന്ന് അനാഥയരായി കേരളത്തിലെത്തിയ പിഞ്ചു ബാലികയെ ചേര്‍ത്ത് പിടിച്ച് കേരളം. തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയ ജേ ജെം എന്ന ബാലികയെ സ്‌കൂളില്‍ സന്ദര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. വീട് അക്രമികള്‍ കത്തിച്ചു. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ പാലായനം ചെയ്തതോടെ കുഞ്ഞ് അനാഥമാകുകയായിരുന്നു.

◾കാനഡയില്‍ ജോലി വാഗാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ മടത്തിപറമ്പ് സ്വദേശി പ്രഭാ ബാലന്‍ പണിക്കരെയാണ് (59) ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.

◾അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. മലപ്പുറം കുന്നുകാവ് നോത്തിയില്‍ കുന്നത്ത് വീട്ടില്‍ ഹബീബ് അബൂബക്കര്‍ (34) ആണ് അറസ്റ്റിലായത്.

◾ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ കാറില്‍ കടത്തുകയായിരുന്ന 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്‌ക്കര്‍ (39) എന്നിവരെ അറസ്റ്റു ചെയ്തു.

◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകുമെന്ന് അനില്‍ ആന്റണി പറഞ്ഞു.

◾മണിപ്പൂര്‍ കലാപത്തിലും കലാപത്തിനിടെ യുവതികളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികം പൊറുക്കാനാകാത്ത നിശബ്ദതയ്ക്കു ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കന്‍ഡ് സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

◾മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നതിനെതിരേ ട്വിറ്ററിനു നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.

◾ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം. ഇനി ഒരു ഭ്രമണപഥ മാറ്റം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 25 ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഉയര്‍ത്തല്‍ നടക്കുക. ആഗസ്റ്റ് ഒന്നിനുശേഷം പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലാകും.

◾അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുണ്ടെ'ന്നു പ്രസംഗിച്ചതാണ് കേസിനാധാരം.

◾ഡല്‍ഹിയില്‍ ഉദ്യോഗസ്ഥ നിയമന അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈക്കലാക്കുന്ന ഓര്‍ഡിനന്‍സിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു.

◾തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് അംഗീകരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

◾നാഗാലാന്‍ഡിലും എന്‍സിപി പിളര്‍ന്നു. ഏഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു.

◾രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍. ആസ്തി 1,413 കോടി രൂപ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരം.

◾മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാത്തുപോകുന്നത് എന്തുകൊണ്ടാണെന്നു സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തതു സംരക്ഷണത്തിലെ വീഴ്ചയാണെന്നും പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും കോടതി.

◾നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. മികച്ച കോച്ചുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, മികച്ച ഭക്ഷണം എന്നിവ ഏര്‍പ്പെടുത്താനാണ് പദ്ധതി. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, സൂററ്റ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കാനാണ് പദ്ധതി.

◾ലൈംഗിക അതിക്രമ കേസുകളില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനു കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തെ സര്‍ക്കാരോ പോലീസോ എതിര്‍ത്തില്ല.

◾ബി എസ് സി നഴ്സിംഗ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്. എബിവിപിയുടെ പ്രവര്‍ത്തകനും റാക്കറ്റില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലോക്കര്‍ റൂമില്‍നിന്ന് നാലാം വര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ 28 ഉത്തരക്കടലാസുകളാണു മോഷണം പോയത്.

◾ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15 ലെ ജിംനേഷ്യത്തിലാണ് സാക്ഷന്‍ പൃതി എന്ന 24 കാരന്‍ ഷോക്കടിച്ച് മരിച്ചത്.

◾വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 288 ന് 4 എന്നനിലയിലാണ്. 57 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 80 റണ്‍സെടുത്ത രോഹിത് ശര്‍മയും തീര്‍ത്ത സെഞ്ച്വറി ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഇവര്‍ പുറത്തായതിനു ശേഷം വന്ന ശുഭ്മാന്‍ ഗില്ലിനും അജിങ്ക്യ രഹാനെക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും 87 റണ്‍സെടുത്ത വിരാട് കോലിയും 36 റണ്‍സെടുത്ത രവിന്ദ്ര ജഡേജ യും പുറത്താകാതെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

◾മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ പോളി വിനൈല്‍ ക്ലോറൈഡ് പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം ധനസഹായമായി നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാകും ഇത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ധനസമാഹരണം പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും. ഇത് ഏകദേശം 14,500 കോടി രൂപ വരും. ബാക്കി സ്വകാര്യ വായ്പാദാതാക്കളില്‍ നിന്നും സമാഹരിക്കും. അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയായ മുന്ദ്ര പെട്രോകെം നടത്തുന്ന ഈ പദ്ധതിയില്‍ ആദ്യം 10 ലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഏകദേശം 20,500 കോടി രൂപ ചെലവ് വരും. 2025-26 ഓടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്ത ശേഷം രണ്ടാം ഘട്ടത്തില്‍ ശേഷി ഇരട്ടിയാക്കും. പെട്രോകെം പദ്ധതി ഉള്‍പ്പെടെ നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് മാര്‍ച്ചില്‍ നാല് ഗ്രൂപ്പ് കമ്പനികളിലെ ചെറിയ ഓഹരികള്‍ വാങ്ങി ജി.ക്യൂ.ജി പാര്‍ട്ണേഴ്സ് 15,000 കോടി രൂപയിലധികം നിക്ഷേപിച്ചതോടെ ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഗ്രൂപ്പിന്റെ കമ്പനികള്‍ മാര്‍ച്ച് പാദത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയും മെച്ചപ്പെട്ട പ്രകടനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

◾അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന 'പുഷ്പ 2' ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബന്‍വര്‍ സിങ് ഷെഖാവത് ആയി അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് ഫഹദ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലും തമ്മില്‍ ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ പുഷ്പ 2ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും പുഷ്പ 2ല്‍ താരത്തിന് പ്രാധാന്യം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്. തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് 'പുഷ്പ: ദ റൂള്‍'. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ.രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ധനുജയ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 150 കോടി ബജറ്റില്‍ ആയിരുന്നു പുഷ്പ: ദ റൈസ് എന്ന ഒന്നാം ഭാഗം സുകുമാര്‍ ഒരുക്കിയത്, എന്നാല്‍ 350 കോടി ബജറ്റിലാണ് രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ ഒരുക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 373 കോടി വരെയാണ് ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്.

◾അടുത്തകാലത്തിറിങ്ങിയ ശ്രദ്ധേയമായ തമിഴ് സിനിമകളിലൊന്നായിരുന്നു 'മാമന്നന്‍'. തീയേറ്ററുകളില്‍ വന്‍ കളക്ക്ഷന്‍ നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തില്‍ ടൈറ്റില്‍ റോളിലെത്തിയ വടിവേലുവും, കിടിലന്‍ പ്രകടനവുമായെത്തിയ ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ചപ്പോള്‍ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി. ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്. ചിത്രത്തില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അതിവീരനായാണ് ഉദയ നിധി എത്തിയത്. കീര്‍ത്തി സുരേഷാണ് നായിക. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

◾ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കുറഞ്ഞ പതിപ്പ് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫെയിം 2 സ്‌കീമിന് കീഴിലുള്ള സര്‍ക്കാര്‍ സബ്‌സിഡികള്‍ വെട്ടിക്കുറച്ചതോടെ, ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ താങ്ങാനാകുന്നതാക്കുക എന്നതാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. 2023 ഏപ്രിലില്‍ ഇ-സ്‌കൂട്ടര്‍ 1 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് കൈവരിച്ചു. പ്രതിമാസ ശരാശരി 15,000 യൂണിറ്റുകള്‍. ഐക്യൂബ്, ഐക്യൂബ് എസ്, ഐക്യൂബ് എസ്ടി എന്നീ മൂന്ന് വേരിയന്റുകളില്‍ ഐക്യൂബ് ലഭ്യമാണ്, ടോപ്പ്-എന്‍ഡ് എസ്ടി വേരിയന്റിനായുള്ള ബുക്കിംഗ് നിലവില്‍ അവസാനിപ്പിച്ചിരിക്കുന്നു. നിലവില്‍ ഐക്യൂബിന് 1,23,776 രൂപയാണ് വില. മൂന്ന് നിറങ്ങളില്‍ (ഷൈനിംഗ് റെഡ്, ടൈറ്റാനിയം ഗ്രേ ഗ്ലോസി, പേള്‍ വൈറ്റ്) വരുന്നു, അതേസമയം ഐക്യൂബ് എസ് നാല് പെയിന്റ് സ്‌കീമുകളില്‍ (മിന്റ് ബ്ലൂ, മെര്‍ക്കുറി ഗ്രേ ഗ്ലോസി, ലൂസിഡ് യെല്ലോ, കോപ്പര്‍ ബ്രോണ്‍സ് ഗ്ലോസി) വാഗ്ദാനം ചെയ്യുന്നു (300000 രൂപ, ഡല്‍ഹി, 881 രൂപ, 30000 രൂപ). പുതിയ വേരിയന്റ് നിലവിലുള്ള വേരിയന്റുകളേക്കാള്‍ ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ താങ്ങാനാവുന്ന വിലയായിരിക്കും.

◾കര്‍മനിയമം എങ്ങനെ സ്വകര്‍മത്തെ നേരിടാം? കര്‍മത്തെ എങ്ങനെ അതിജീവിക്കാം? മരണവും പുനര്‍ജന്മവും. പുനര്‍ജന്മം, കര്‍മം, മരണം, പുനര്‍ജന്മം ഇവയെക്കുറിച്ച് മനസ്സിലാക്കുംതോറും നമ്മുടെ ജീവിതം കൂടുതല്‍ വ്യക്തവും സമ്പന്നവുമാകുന്നു. പാശ്ചാത്യലോകത്തെ പൗരസ്ത്യ ആത്മീയതയിലേക്ക് ആകര്‍ഷിച്ച ഒരു യോഗിയുടെ ആത്മകഥയുടെ രചയിതാവായ പരമഹംസ യോഗാനന്ദയുടെ ഈ കൃതി നമ്മുടെ ജീവിതത്തെ പ്രചോദനപൂര്‍ണമാക്കുന്നു. സത്യത്തെക്കുറിച്ച് ഒരു യോഗിയുടെ സ്വന്തം അന്തര്‍ജ്ഞാനത്തില്‍നിന്നുള്ള വാക്കുകള്‍. 'കര്‍മവും പുനര്‍ജന്മവും'. പരമഹംസ യോഗാനന്ദ. പരിഭാഷ - എലിസബത്ത് കോശി. മാതൃഭൂമി ബുക്സ്. വില 152 രൂപ.

◾മഴക്കാലത്ത് കാണുന്നൊരു പ്രത്യേകതയാണ് ആളുകള്‍ ഇടവിട്ട് ചായയും കാപ്പിയും കുടിക്കുന്ന ശീലം. തങ്ങിനില്‍ക്കുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ അല്‍പം ചൂട് എന്ന നിലയിലാണ് മിക്കവരും മഴക്കാലത്ത് ചായയും കാപ്പിയുമെല്ലാം കൂടെക്കൂടെ കഴിക്കുന്നത്. എന്നാല്‍, ഇങ്ങനെ ചായയും കാപ്പിയും കഴിക്കുന്നത് അധികമായാല്‍ അത് പതിയെ രാത്രിയിലെ ഉറക്കത്തെ ബാധിക്കും. വിശേഷിച്ച് വൈകുന്നേരത്തിന് ശേഷമുള്ള ചായയും കാപ്പിയും. ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് ഉറക്കപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. കഫീന്‍ മിതമായ അളവിലാണെങ്കില്‍ അത് ഉന്മേഷത്തിന് ഉപകരിക്കും. പക്ഷേ അധികമാകുമ്പോഴാണ് അത് ഉറക്കപ്രശ്നങ്ങളിലേക്ക് നയിക്കുക. കഫീന്‍ ശരിക്കും തലച്ചോറില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ട് തന്നെയാണ് ഉറക്കത്തെ അലോസരപ്പെടുത്തുന്നത്. എന്ന് മാത്രമല്ല നെഞ്ചിടിപ്പ് കൂടുക, ഉത്കണ്ഠയുള്ളവരില്‍ ഇത് കൂട്ടുക, ഷുഗര്‍ നില മാറ്റുക എന്നിങ്ങനെ പല പ്രയാസങ്ങളും കഫീന്‍ സൃഷ്ടിക്കാം. പതിവായി അമിതമായി കഫീന്‍ അകത്തെത്തുന്നത് ദഹനവ്യവസ്ഥയെയും നല്ലതുപോലെ ബാധിക്കും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളൊക്കെ ഇതോടെ പതിവാകാം. പലരും രാത്രിയിലെ ഉറക്കം സുഖകരമാകുന്നില്ലെന്ന് മനസിലാക്കുകയേ ഇല്ല. ശേഷം പകല്‍സമയത്ത് ഉറക്കംതൂങ്ങിയിരിക്കും. മഴക്കാലത്ത് പകല്‍ ഉറക്കക്ഷീണം തോന്നുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം ഈ അധികമായ ചായയും കാപ്പിയും തന്നെയാകാം. മഴ സീസണില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ പകല്‍സമയം ഉറക്കക്ഷീണം അനുഭവപ്പെടുന്നു എങ്കില്‍ ചായയും കാപ്പിയും കുറച്ചുനോക്കുകയോ ഒഴിവാക്കി നോക്കുകയോ ചെയ്യാം. ചായയും കാപ്പിയുമാണ് വില്ലനെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ' പകല്‍സമയത്തെ ഉറക്കക്ഷീണത്തെ മറികടക്കാന്‍ ഇതിലൂടെ കഴിയും.