◾ജനനായകന് കണ്ണീര്‍പൂക്കളര്‍പ്പിച്ച് ജനസഹസ്രങ്ങള്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തിയത് രാവിലെ പത്തരയോടെ. അശ്രുപൂജയേകാന്‍ കാത്തുനിന്ന ജനസഹസ്രങ്ങള്‍ക്കിടയില്‍ വിഐപികളും സിനിമാതാരങ്ങളും. രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെ വീട്ടിലെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണു സംസ്‌കാരം.
◾'കണ്ണേ, കരളേ, ഉമ്മന്‍ ചാണ്ടീ, ഞങ്ങടെ ഓമന നേതാവേ, പാവങ്ങളുടെ പടത്തലവാ, ഇല്ലായില്ലാ മരിച്ചിട്ടില്ല ...' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി ഒഴുകിയെത്തിയ ജനസാഗരത്തിന്റെ തിരതള്ളലില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹ പൊതുദര്‍ശന സമയക്രമങ്ങളെല്ലാം മണിക്കൂറുകള്‍ക്കപ്പുറത്തേക്കു മാറിമറിഞ്ഞു. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള 152 കിലോമീറ്റര്‍ 27 മണിക്കൂറെടുത്ത് രാവിലെ പത്തരയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്.
◾മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചുകളിലേക്ക് ഇറങ്ങിച്ചെന്ന് സോണിയാഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകളെ കലാപകാരികള്‍ നഗ്‌നരാക്കി നടത്തിക്കൊണ്ടുപോയതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ പോരാട്ടത്തിനു സജ്ജമായിരിക്കേയാണ് മോദി അനുനയവുമായി നേതാക്കളെ കണ്ടത്.
◾മണിപ്പൂര്‍ കലാപവും സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവവും വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം ആരംഭിച്ചു രണ്ടര മാസത്തിനുശേഷമാണു മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല. വിഷയം രാഷ്ട്രീയവത്ക്കരിക്കരുത്. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
◾മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകവ്യാപകമായി പ്രചരിച്ചതോടെ നാണംകെട്ട് മോദി സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും. വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ് ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കമ്പനികള്‍ ദൃശ്യങ്ങള്‍ നീക്കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
◾മണിപ്പൂര്‍ വിഷയം നാളെ അടിയന്തരമായി പരിഗണിക്കുമെന്നു സുപ്രീം കോടതി. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഇരയാക്കുന്നത് അംഗീകരിക്കാനാകില്ല. ദൃശ്യങ്ങള്‍ വേദനാജനകമാണ്. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
◾ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം രാഹുല്‍ ഇന്ന് കോട്ടയ്ക്കലിലെത്തും.
◾രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല എറണാകുളം. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപെടുത്തിയത്. 2016 ല്‍ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ തോത് 2021 ല്‍ 0.55 ശതമാനമായി കുറഞ്ഞു. ബിഹാറില്‍ 33.76 ശതമാനമാണു ദാരിദ്ര്യം. ജാര്‍ഖണ്ഡ് 28.81 ശതമാനം, ഉത്തര്‍പ്രദേശ് 22.93 ശതമാനം എന്നിങ്ങനെയാണു ദാരിദ്ര്യമെന്നു നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബംഗളുരുവില്‍നിന്ന് നാട്ടിലേക്കു തിരിച്ചു. തിരുവനന്തപുരത്തുനിന്ന് വൈകുന്നേരത്തോടെ അന്‍വര്‍ശേരിയിലെ വീട്ടിലേക്കു കാര്‍മാര്‍ഗം അദ്ദേഹം എത്തും. സുപ്രീംകോടതി ഉത്തരവനുസരിച്ചാണു മടക്കം.
◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി സിനിമാതാരങ്ങള്‍. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ അന്ത്യോപചാരവുമായി എത്തി.
◾ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ വ്യാപക പ്രതിഷേധം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്നു ദിവസം അവധി' എന്നിങ്ങനെ ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപിച്ചതാണു വിവാദമായത്.
◾കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായിനിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചതിനു ചികിത്സിക്കാനാണ് ആശുപത്രിയില്‍ എത്തിച്ചത്.
◾ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായി കവര്‍ച്ച നടത്തിയ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റു ചെയ്തത്.
◾പത്തു വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത (മഞ്ജു-36)യെ മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
◾പട്ടിക ജാതി വിഭാഗത്തിലെ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും അടയ്ക്കണം.
◾മണിപ്പൂര്‍ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ വിശദീകരണം തരണമെന്ന് ആവശ്യപ്പെട്ട് സിപിഎം എംപിമാര്‍ നോട്ടീസ് നല്‍കി. ഇരു സഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
◾കുക്കി വംശജരായ യുവതികളെ നഗ്‌നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ മണിപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടര മാസത്തിനുശേഷം വീഡിയോ ലോകമെങ്ങും പ്രചരിച്ചതോടെയാണ് അറസ്റ്റ്. തീവ്രവാദികളുടെ വലിയൊരു ആള്‍ക്കൂട്ടമാണ് പീഡന ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്. ഒരു വിഭാഗം മതവിശ്വാസികളെ പോലീസിന്റെ ഒത്താശയോടെയാണ് കൂട്ടക്കൊലയും കൊള്ളയടിക്കലും ബലാല്‍സംഗങ്ങളും നടത്തിയിരുന്നതെന്ന ആരോപണം നിലനില്‍ക്കേയാണ് ഒരാളെ അറസ്റ്റു ചെയ്തത്.
◾ഉത്തരാഖണ്ഡില്‍ പേമാരിമൂലം നദികള്‍ കവിഞ്ഞൊഴുകി. നദികളിലെ മുതലകള്‍ ഗ്രാമങ്ങളില്‍ അക്രമകാരികളായി മാറിയിരിക്കുകയാണ്. അനേകായിരം വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്.
◾അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒമ്പതു മരണം. 13 പേര്‍ക്ക് പരിക്കേറ്റു. ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തില്‍ രാത്രി ഒരു കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് ആഢംബരക്കാര്‍ അതിവേഗം പറഞ്ഞു കയറിയതോടെ ഏഴു പേര്‍കൂടി മരിച്ചു. മരിച്ചവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടുന്നു.
◾കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായിഗഡില്‍ ഉരുള്‍പൊട്ടി നൂറോളം പേരെ കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നു.
◾രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തില്‍ സുരക്ഷിതത്വമില്ലെന്ന് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ദിവ്യ മദേര്‍ണ. പൊലീസ് സംരക്ഷണത്തില്‍ യാത്ര ചെയ്തിട്ടും തന്റെ കാര്‍ 20 സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. ക്രമസമധാനം തകര്‍ന്നതിന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസ് ഭരണവുമാണ് ഉത്തരവാദികളെന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.
◾ജര്‍മനിയിലെ മാന്‍ചിംഗിലെ റോമന്‍ മ്യൂസിയത്തില്‍ നിന്ന് 15 കോടി രൂപ വിലവരുന്ന 483 പുരാതന സ്വര്‍ണ നാണയങ്ങള്‍ വെറും ഒന്‍പത് മിനിട്ടുകൊണ്ടു മോഷ്ടിച്ച കള്ളന്‍മാര്‍ പിടിയില്‍. നാല് പേരെയാണ് അറസ്റ്റു ചെയ്തത്. 100 ബിസിയിലേതെന്നു കരുതുന്ന നാണയങ്ങള്‍ 1999 ലെ ഖനനത്തിലാണ് കണ്ടെത്തിയത്.
◾വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വൈകീട്ട് 7.30 മുതലാണ് മത്സരം.
◾എക്കൗണ്ട് പാസ്വേര്‍ഡ് പങ്കിടുന്നത് നിര്‍ത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. 2023ല്‍ വരുമാന വളര്‍ച്ച വര്‍ധനവിനായി 2023 ജൂലൈ 20 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ വിപണികളിള്‍ പാസ്വേര്‍ഡ് പങ്കിടുന്ന സംവിധാനം നെറ്റ്ഫ്‌ളിക്‌സ് നിര്‍ത്തലാക്കും. ഈ വിപണികളില്‍ 'അധിക അംഗം' എന്ന ഓപ്ഷന്‍ നല്‍കില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ പങ്കിടുന്ന അംഗങ്ങള്‍ക്ക് കമ്പനി ഇന്ന് മുതല്‍ ഇമെയില്‍ അയച്ചു തുടങ്ങും. മെയ് മാസത്തില്‍ 100 ല്‍ അധികം രാജ്യങ്ങളിലേക്ക് പണമടച്ചുള്ള പാസ്വേഡ് പങ്കിടുന്ന സംവിധാനം നെറ്റ്ഫ്‌ളിക്‌സ് വ്യാപിപ്പിച്ചിരുന്നു. ഇത് വരുമാനത്തിന്റെ 80 ശതമാനത്തിലധികം വരുമെന്ന് കമ്പനി പറയുന്നു. എക്കൗണ്ട് ഉടമയുടെ കുടുംബവുമായി ബന്ധമില്ലാത്ത ഒരു സ്ട്രീമിംഗ് ഉപകരണത്തില്‍ ഉപയോഗിക്കുമ്പോള്‍ എക്കൗണ്ട് ഉടമയുടെ ഇമെയിലിലേക്ക് കമ്പനി ഒരു പരിശോധനാ കോഡ് അയയ്ക്കും. ഇവിടെ എക്കൗണ്ട് ഉപയോഗിച്ചയാള്‍ 15 മിനിറ്റിനുള്ളില്‍ ഈ കോഡ് കമ്പനി ആവശ്യപ്പെടുന്നിടത്ത് നല്‍കേണ്ടിവരും. ഒരു കുടുംബം നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ ഐ.പി അഡ്രസ്, ഉപകരണത്തിന്റെ ഐ.ഡി തുടങ്ങിയ വിവരങ്ങള്‍ കമ്പനി അന്വേഷിക്കും. 2023-ന്റെ രണ്ടാം പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് 59 ലക്ഷം പണമടച്ചുള്ള അംഗങ്ങളെ ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഏകദേശം 10 ലക്ഷം അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഈ പാദത്തില്‍ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം 23.84 കോടിയാണ്. 2023 ലെ രണ്ടാം പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനം 2.7% വര്‍ധിച്ച് 67,000 കോടി രൂപയിലെത്തി, പ്രവര്‍ത്തന വരുമാനം 16% ഉയര്‍ന്ന് 14,000 കോടി രൂപയിലുമെത്തി.
◾വ്യാജ കോളുകളും മെസേജുകളും തടയുന്നതിനായി നിര്‍മിത ബുദ്ധിയുമായി കൈകോര്‍ത്ത് ട്രൂകോളര്‍. നിര്‍മിത ബുദ്ധി ഇവിടെ ഉപയോക്താക്കളുടെ പേഴ്സണല്‍ അസിസ്റ്റന്റായി മാറുമെന്ന് കമ്പനി അറിയിച്ചു. ശേഷം വരുന്ന കോളുകളും മെസേജുകളും വേഗത്തില്‍ പരിശോധിച്ച് അവ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിഞ്ഞ് ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍ ട്രൂകോളറിന്റെ ഈ എ.ഐ അസിസ്റ്റന്റ് വിളിക്കുന്നയാളോട് കാര്യങ്ങള്‍ ചേദിച്ച ശേഷം അത്യാധുനിക സ്പീച്ച്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് അയാള്‍ മറുപടി പറയുന്നതിന്റെ തത്സമയ ട്രാന്‍സ്‌ക്രിപ്ഷന്‍ ഫോണ്‍ സ്‌ക്രീനില്‍ കാണിക്കും. ഇതോടെ ആരാണ് വിളിക്കുന്നതെന്നും അവര്‍ എന്തിനാണ് വിളിക്കുന്നതെന്നും ഉപയോക്താവിന് അറിയാനാകും. ഇവിടെ കോള്‍ ഏറ്റെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കുകയും വിളിക്കുന്നയാളോട് ഒരു ടാപ്പിലൂടെ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുകയോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തുകയോ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു. നിലവില്‍ 14 ദിവസത്തെ സൗജന്യ ട്രയലില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ലഭ്യമാണ്. അതിനുശേഷം സബ്സ്‌ക്രൈബര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ചേര്‍ക്കാം. ഇത് പ്രതിമാസം 149 രൂപയില്‍ ആരംഭിക്കുന്നു. നിലവില്‍ ആഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ട്രൂകോളര്‍ അസിസ്റ്റന്റ് ലഭ്യമാകൂ. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് സേവനം ലഭ്യമായിട്ടുള്ളത്.
◾അശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജീവിതം സിനിമയാകുന്നു. നീലച്ചിത്ര നിര്‍മാണക്കേസും രാജ് കുന്ദ്രയുടെ ജയില്‍വാസവുമാണ് സിനിമയാകുന്നത്. അശ്ലീലച്ചിത്രം നിര്‍മ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസില്‍ 2021 ജൂലൈ 19ന് ആണ് രാജ് കുന്ദ്ര അറസ്റ്റിലായത്. 63 ദിവസം രാജ് കുന്ദ്ര ജയിലില്‍ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രത്തില്‍ രാജ് കുന്ദ്ര അഭിനയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ തിരക്കഥയിലും നിര്‍മ്മാണത്തിലും രാജ് കുന്ദ്ര ഭാഗമാകും. ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്‌ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഭാര്യ ശില്‍പ്പ. എന്ന് മാത്രമല്ല, തങ്ങളുടെ വിവാഹവാര്‍ഷികം ഇരുവരും ആഘോഷമാക്കുകയും ചെയ്യാറുണ്ട്. കേസില്‍ ജാമ്യം ലഭിച്ചശേഷം പൊതുവേദികളില്‍ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മുഖം വരെ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട രാജ് കുന്ദ്രയ്‌ക്കെതിരെ ട്രോളുകളും എത്തിയിരുന്നു.
◾'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് എത്തിയതോടെ പ്രഭാസ് വീണ്ടും എയറില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രോജക്ട് കെ ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരിക്കുന്നത്. അയണ്‍മാന്‍ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്റ്റര്‍ അതുപോലെ തന്നെ കോപ്പിയടിച്ചതാണോ എന്നാണ് പലരും ചോദിക്കുന്നത്. അയണ്‍മാന് വേണ്ടി തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടണോ എന്നും പലരും ചോദിക്കുന്നുണ്ട്. ചില സയന്‍സ് ഫിക്ഷന്‍ ഫിലിം പോസ്റ്ററില്‍ പ്രഭാസിന്റെ മുഖം ക്രോപ്പ് ചെയ്ത് പോലെയാണ് ഫസ്റ്റ് ലുക്ക് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അത് പിടികിട്ടുകയും ചെയ്യും. കോടികള്‍ മുടക്കിയ സിനിമയാണെന്ന് പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പ്രഭാസിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ആദിപുരുഷ്' സിനിമയ്ക്കും ഇതുപോലെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രൊജക്റ്റ് കെ'. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. 600 കോടി രൂപയാണ് ബജറ്റ്. അടുത്ത വര്‍ഷം ജനുവരി 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
◾നാല് വാല്‍വുകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച എഞ്ചിന്‍ ഹെഡോടെ മറ്റൊരു 200 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്. 1.41 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുതിയ ഹീറോ എക്‌സ്ട്രീം 200എസ് 4വി ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഹീറോ എക്‌സ്ട്രീം 200എസ് 4വി പവര്‍-പാക്ക്ഡ് റൈഡിംഗ് ഡൈനാമിക്‌സ്, സ്‌പോര്‍ട്ടി സ്വഭാവം, മികച്ച സുരക്ഷ, പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ത്രില്ലിംഗ് ഡിസൈന്‍ മോട്ടോര്‍സൈക്കിളിന്റെ അത്ലറ്റിക് സ്വഭാവത്തെ വ്യക്തമാക്കുന്നു. ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണും സ്‌പോര്‍ട്ടി ഗ്രാഫിക്സും മോട്ടോര്‍സൈക്കിളിന്റെ സ്വഭാവ സവിശേഷത പ്രകടമാക്കുന്നു. 200 സിസി 4 വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ ആറ് ശതമാനം കൂടുതല്‍ ശക്തിയും അഞ്ച് ശതമാനം അധിക ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇത് വിട്ടുവീഴ്ചയില്ലാത്ത മികച്ച പ്രകടനം ഉറപ്പാക്കുന്നു. മൂണ്‍ യെല്ലോ, പാന്തര്‍ ബ്ലാക്ക് മെറ്റാലിക്, പ്രീമിയം സ്റ്റെല്‍ത്ത് എഡിഷന്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയവും ഊര്‍ജ്ജസ്വലവുമായ ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകള്‍ പുതിയ എക്‌സ്ട്രീം 200എസ് 4വിയുടെ സമാനതകളില്ലാത്ത ചലനാത്മക സ്‌പോര്‍ട്‌സ് സ്വഭാവത്തെ മികച്ച രീതിയില്‍ പ്രകടിപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു.
◾സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനിടയില്‍, അനുഗ്രഹീതനായ ഗ്രന്ഥകാരന്‍ അടുത്തും അകന്നും പരിചയിച്ച രാഷ്ട്രീയ നേതാക്കളുടെ നഖചിത്രങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആരെയും മഹത്വവത്കരിക്കുനില്ലെങ്കിലും ചില നേതാക്കളുടെ ധിഷണയെ പ്രകീര്‍ത്തികാന്‍ ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. 'പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ'. ഡി ബാബു പോള്‍. എച്ച് ആന്‍ഡ് സി ബുക്സ്. വില 162 രൂപ.
◾ഒരു നുള്ള് പുതിനയില കോക്ടെയ്ല്‍ മുതല്‍ കട്ടന്‍ കാപ്പി വരെയുള്ള പാനീയങ്ങള്‍ക്ക് നല്‍കുന്ന മാറ്റം ഒന്നുവേറെതന്നെയാണ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തെയും പുതിന മെച്ചപ്പെടുത്തും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നത്. പുതിന ദഹനവ്യവസ്ഥയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കും. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ ദഹനം വര്‍ദ്ധിപ്പിക്കും. ഇത് ഭക്ഷണം ശരിയായി വിഘടിക്കാനും കൊഴുപ്പ് അടിഞ്ഞുതൂടുന്നത് തടയുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തടസ്സമായി നില്‍ക്കുന്നത് കലോറി ആണ്. കലോറി ശ്രദ്ധിച്ചാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഉറപ്പായും ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് പുതിന. രണ്ട് ടേബിള്‍സ്പൂണ്‍ പുതിനയില്‍ വെറും രണ്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ ശരീരഭാരം കുറയ്ക്കുന്ന പ്രകൃിയ വേഗത്തിലാകും. പുതിന ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുകയും ചെയ്യും. ശരീരം പോഷകങ്ങളെ ഫലപ്രദമായി സ്വാംശീകരിക്കുമ്പോള്‍ ചയാപചയത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കും. പുതിന ഒരു ന്യൂട്രിയന്റ് പവര്‍ഹൗസ് ആണ്. ഇതില്‍ അവശ്യ വിറ്റാമിനുകളായ എ, സി എന്നിവയും മറ്റ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.05, പൗണ്ട് - 105.94, യൂറോ - 91.89, സ്വിസ് ഫ്രാങ്ക് - 95.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.06, ബഹറിന്‍ ദിനാര്‍ - 217.66, കുവൈത്ത് ദിനാര്‍ -267.62, ഒമാനി റിയാല്‍ - 213.11, സൗദി റിയാല്‍ - 21.87, യു.എ.ഇ ദിര്‍ഹം - 22.34, ഖത്തര്‍ റിയാല്‍ - 22.54, കനേഡിയന്‍ ഡോളര്‍ - 62.51.