◾വന്‍ ജനാവലിയുടെ കണ്ണീര്‍പ്രണാമങ്ങളേറ്റുവാങ്ങി ജനനായകന്റെ അന്ത്യയാത്ര. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വീടും ഓഫീസും അസമയങ്ങളിലും തുറന്നിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു യാത്രാമൊഴികളുമായി അര്‍ധരാത്രിയിലും ആയിരങ്ങള്‍ ഒഴുകിയെത്തി. രാവിലെ ഏഴിനു തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര ഇന്നു ചങ്ങനാശേരി കഴിഞ്ഞ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു . മഴയെ കൂസാതെ മെഴുകുതിരി തെളിച്ചുപിടിച്ചും മുദ്രാവാക്യം മുഴക്കിയും ജനം കാത്തുനിന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകുന്നേരം പൊതുദര്‍ശനത്തിനു വയ്ക്കാനിരുന്ന മൃതദേഹം ഇന്നു രാവിലെ മാത്രമേ എത്തൂ.
◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുച്ചയ്ക്കു 12 ന് പുതുപ്പള്ളിയിലെ വീട്ടില്‍ ആരംഭിക്കും. മൂന്നരയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്‌കാരം. സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പത്നി തന്ന കത്ത് അംഗീകരിച്ചെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.
◾ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ടീസ്തക്കെതിരായ കേസ് സംശയാസ്പദമാണെന്നും ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി അനുചിതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി വിമര്‍ശിച്ചു. ടീസ്തയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
◾പ്രതിപക്ഷ മുന്നണി സ്വീകരിച്ച ഇന്ത്യ എന്ന പേരിനൊപ്പം 'ജിത്തേഗ ഭാരത്' എന്ന മുദ്രാവാക്യംകൂടി ഉള്‍പെടുത്തും. ഭാരതം ജയിക്കും എന്നാണര്‍ത്ഥം. ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഈ ടാഗ് ലൈന്‍ നിര്‍ദേശിച്ചത്. ഇതേസമയം ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരിട്ടതാണെന്നു പരിഹസിച്ച ആസാം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശര്‍മക്കു കോണ്‍ഗ്രസിന്റെ തിരിച്ചടി. ഡിജിറ്റല്‍ ഇന്ത്യയെന്നും മെയ്ക്ക് ഇന്‍ ഇന്ത്യയെന്നും പാടി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടു പറയൂവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട മോദിയെയാണ് ഹിമന്ദ പരിഹസിക്കുന്നതെന്നും ജയറാം രമേശ്.
◾പ്രതിപക്ഷ മുന്നണിക്കു 'ഇന്ത്യ' എന്നു പേരിട്ടതോടെ വിറളിപിടിച്ച് ഭരണകൂടം. ഇന്ത്യ എന്നു പേരിട്ടതിന് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഇന്ത്യയെന്ന രാജ്യത്തിന്റെ പേര് ദുരുപയോഗിച്ചെന്നും അന്യായമായി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ച് അവിനാഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്.
◾കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണ് അവധി.
◾സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ നിരസിച്ചത് എന്തുകൊണ്ടെന്നു സുപ്രീംകോടതി. ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ജസ്റ്റീസ് എം എം സുന്ദരേഷ് ഈ ചോദ്യം ഉന്നയിച്ചത്. ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടി അംഗീകരിച്ചില്ല.
◾മറുനാടന്‍ മലയാളി പത്രാധിപകര്‍ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിനു നോട്ടീസ് നല്‍കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്തു ദിവസംമുമ്പു നോട്ടീസ് നല്‍കണം. പൊലീസ് അകാരണമായി കേസുകളെടുത്ത് അറസ്റ്റിനു ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
◾പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബം കൈയേറിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ഒക്ടോബര്‍ 18 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ റിപ്പോര്‍ട്ട് അന്നു ഹാജരാക്കണം. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021 ലും കഴിഞ്ഞ വര്‍ഷവും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
◾ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അപേക്ഷ നല്‍കിയത്. കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എജിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യുയുസി ആള്‍മാറാട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു, എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് എന്നിവര്‍ക്കാണ് ജാമ്യം.
◾സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്കുകൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം തൃക്കടവൂര്‍ 87 ശതമാനവും കോട്ടയം ഉദയനാപുരം 97 ശതമാനവും കൊല്ലം ശൂരനാട് സൗത്ത് 92 ശതമാനവും കൊല്ലം പെരുമണ്‍ 84 ശതമാനവും സ്‌കോര്‍ നേടി.
◾കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയെ ചിറ്റൂര്‍ കോടതി റിമാന്‍ഡു ചെയ്തു. മാര്‍ച്ച് 26നാണ് തൃശൂരില്‍നിന്നു മധുരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോയ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയത്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾ഡെങ്കിപ്പനി ബാധിച്ച് തൃശൂര്‍ മാപ്രാണം സ്വദേശി മരിച്ചു. ചെറാക്കുളം ഹര്‍ഷന്‍ (65) ആണു മരിച്ചത്.
◾ചാലക്കുടിയില്‍ വനം വകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറി വില്‍പ്പനക്കാരിയായ വയോധിക മരിച്ചു. ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. ജീപ്പിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ടു പേരുടെ ശരീരത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ.വൈ വര്‍ഗീസ് (47)ആണ് മരിച്ചത്.
◾പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് സ്വദേശിയും പെണ്‍കുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
◾കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന അതളൂര്‍ സ്വദേശിയായ സ്വാമി എന്ന സുബ്രഹ്‌മണ്യനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്‌കൂളില്‍ പോകുന്നില്ലെന്നു രക്ഷിതാക്കള്‍ സ്‌കൂള്‍ കൗണ്‍സിലറോടു പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു ബന്ധം കണ്ടെത്തിയത്.
◾കനത്ത മഴ തുടരുന്ന ഗുജറാത്തില്‍ വെള്ളപ്പൊക്കം. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. നിറഞ്ഞു കവിയുന്ന 43 അണക്കെട്ടുകള്‍ ഏതു നിമിഷവും തുറന്നുവിടും. ഇതോടെ സ്ഥിതി കൂടുതല്‍ വഷളാകും.
◾കര്‍ണാടക നിയമസഭയില്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ പേപ്പര്‍ വലിച്ചെറിഞ്ഞതിന് കര്‍ണാടക നിയമസഭയിലെ പത്ത് ബിജെപി എംഎല്‍എമാര്‍ക്കു സസ്പെന്‍ഷന്‍. ഉച്ചഭക്ഷണത്തിനു സഭ പിരിയാതെ നടപടികള്‍ തുടരുമെന്ന് അറിയിച്ചതില്‍ ക്ഷുഭിതരായാണ് ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിയുടെ നേര്‍ക്ക് പേപ്പര്‍ എറിഞ്ഞത്.
◾ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് പതിനഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കറ്റു. അഞ്ച് പൊലീസുകാര്‍ ഉള്‍പെടെയുള്ളവരാണു മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.
◾മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കലാപം ആരംഭിച്ചു രണ്ടാം ദിവസമായ മേയ് നാലിനു നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
◾തിരക്കേറിയ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്പാര്‍ട്ട്മെന്റ് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. റിസര്‍വ് ചെയ്ത ലേഡീസ് കോച്ചുകളെപ്പോലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കമ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കാനാണ് പദ്ധതി. കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് റെയില്‍വേ ഇങ്ങനെ സത്യവാങ്മൂലം നല്‍കിയത്.
◾സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയില്‍ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം. ഡല്‍ഹി, ലക്നൗ, പട്‌ന തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കുന്നത്.
◾ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജര്‍മ്മനി, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാണ്. 189 രാജ്യങ്ങളില്‍ ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാം. ഇന്ത്യക്ക് 80-ാം സ്ഥാനമാണ്. ഇന്ത്യക്കാര്‍ക്ക് ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അടക്കം 57 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതേയോ ഓണ്‍ അറൈവല്‍ വിസാ അടിസ്ഥാനത്തിലോ പ്രവേശിക്കാം.
◾ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പുറത്തുവന്നു. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ നേപ്പാളുമായി ഏറ്റമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍-2ന് പാകിസ്താനുമായാണ്. പാകിസ്താനും ശ്രീലങ്കയും വേദിയാവുന്ന ഏഷ്യാകപ്പിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 17-ന് കൊളംബോയില്‍ വെച്ചാണ്.
◾ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 120 റണ്‍സിന് പുറത്താവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിന്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗില്‍ 78 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയ താരം ബൗളിംഗില്‍ 3 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.
◾കയറ്റുമതിക്ക് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒട്ടുമിക്ക സൂചകങ്ങളിലും കേരളത്തിന്റെ സ്‌കോറും റാങ്കും കുറഞ്ഞു. ദേശീയതലത്തില്‍ 2020ല്‍ 54.11 പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു കേരളം. 2022ല്‍ സ്‌കോര്‍ 44.03ലേക്കും റാങ്ക് 19ലേക്കും ഇടിഞ്ഞു. 80.89 സ്‌കോറുമായി തമിഴ്‌നാടാണ് ഒന്നാമത്. മഹാരാഷ്ട്ര (78.20), കര്‍ണാടക (76.36), ഗുജറാത്ത് (73.22), ഹരിയാന (63.65) എന്നിവയാണ് ഏറ്റവും മുന്നില്‍ യഥാക്രമമുള്ള മറ്റ് 4 സംസ്ഥാനങ്ങള്‍. 11.30 സ്‌കോറുമായി ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. തീരദേശ സംസ്ഥാനങ്ങളില്‍ ഇക്കുറി കേരളത്തിന്റെ സ്ഥാനം ഏറ്റവും പിന്നില്‍. 8 സംസ്ഥാനങ്ങളാണ് തീരദേശ ശ്രേണിയിലുള്ളത്. എട്ടാമതാണ് കേരളം. 2020ല്‍ 6-ാം സ്ഥാനമായിരുന്നു. കയറ്റുമതി നയത്തില്‍ 2020ല്‍ 74.77 സ്‌കോറുമായി പത്താമതായിരുന്നു കേരളം. ഇക്കുറി സ്‌കോര്‍ 83.75 ആയി ഉയര്‍ന്നെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തിയതിനാല്‍ റാങ്ക് 20ലേക്ക് ഇടിഞ്ഞു. മികച്ച പ്രവര്‍ത്തനാന്തരീക്ഷം അടിസ്ഥാനമായുള്ള പട്ടികയില്‍ 31.99 സ്‌കോറുമായി ഇത്തവണ കേരളം 25-ാമതാണ്. മികച്ച കയറ്റുമതി അന്തരീക്ഷം ഒരുക്കുന്നതില്‍ 26.99 സ്‌കോറുമായി 18-ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറിയുള്ളത് 40.09 സ്‌കോറുമായി 21-ാം സ്ഥാനത്ത്. കയറ്റുമതി പ്രകടനത്തില്‍ 56.30 സ്‌കോറുമായി 2020ല്‍ കേരളം നാലാമതായിരുന്നു. ഇത്തവണ റാങ്ക് 22ലേക്ക് ഇടിഞ്ഞു. സ്‌കോര്‍ വെറും 25.66. മൊത്തം 400 കോടി ഡോളറിന്റെ (32,800 കോടി രൂപ) കയറ്റുമതിയാണ് 2021-22ല്‍ കേരളം നടത്തിയത്. 23.36 ശതമാനം വിഹിതവുമായി എറണാകുളമാണ് ഏറ്റവുമധികം പങ്കുവഹിച്ച ജില്ല.
◾ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനാവുന്ന 'ധ്രുവനച്ചത്തിരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പാള്‍ ഡബ്ബ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 'യുദ്ധ കാണ്ഡം' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഛായാഗ്രാഹകരാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2016 ല്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം ഏഴ് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ കവര്‍ ഓപ്പറേറ്റീവ് ആണ് ജോണ്‍ എന്ന വിക്രത്തിന്റെ കഥാപാത്രം.
◾രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യിലെ 'വേ കംലെയാ' എന്ന ഗാനം പുറ്ത്തുവിട്ടു. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യില്‍ വേഷമിടുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വീര്‍ സിംംഗ് ചിത്രത്തിനായി പ്രിതത്തിന്റ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് അരിജിത്ത് സിംഗും ശ്രേയാ ഘോഷാലും ഷദബ് ഫരിദിയും അല്‍തമഷ് ഫരിദിയുമാണ്. വന്‍ പരാജയമായ 'സര്‍ക്കസിലാ'ണ് രണ്‍വീര്‍ അവസാനമായി വേഷമിട്ടത്. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. 'ബ്രഹ്‌മാസ്ത്ര' എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‌മാസ്ത്ര' സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്.
◾എം.ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് വാഹനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. എംജി ഇസെഡ് എസ് ഇവി ആണ് ലെവല്‍ 2 എഡിഎഎസ് അടക്കം മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുന്നത്. 27.89 ലക്ഷം രൂപയെന്ന എക്സ്-ഷോറൂം വിലയ്ക്ക് നിലവില്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. 6 ചാര്‍ജിംഗ് ഓപ്ഷനുമായാണ് എംജി ഇസെഡ് എസ് ഇവി വരുന്നത്. 50.3കിലോവാട്ട്അവര്‍ പ്രിസ്മാറ്റിക് ബാറ്ററി ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ബാറ്ററിക്ക് 8 വര്‍ഷത്തെ വാറന്റിയും എംജി നല്‍കുന്നുണ്ട്. ഓരോ കിലോമീറ്ററിനും 60 പൈസ എന്ന നിരക്കിലാണ് ചിലവ് വരുന്നത്. ഗ്ലേസ് റെഡ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാകും. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. വാഹനത്തില്‍ കാറിന് ഡ്യുവല്‍-ടോണ്‍ ഐവറി തീമും ഡാര്‍ക്ക് ഗ്രേ ആക്‌സന്റുമുള്ള ഇന്റീരിയറാണുള്ളത്. എംജി ഇസെഡ് എസ് ഇവിയുടെ ഇലക്ട്രിക് മോട്ടോര്‍ 173.5 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. 8.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
◾പ്രകൃതിയിലെ ഭക്ഷ്യസസ്യജാലങ്ങള്‍ ജീവനകലയുടെ ഉറവിടവും ഔഷധങ്ങളുടെ അമൂല്യശേഖരങ്ങളുമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഭക്ഷ്യസസ്യസമ്പത്തില്‍ അസാധാരണമാംവിധം ഗുണ വിശേഷങ്ങളടങ്ങിയിരിക്കുന്നു. ഓരോ ഭക്ഷ്യസസ്യങ്ങളുടെ ഇലകളും പൂവും ഫലങ്ങളും എത്ര മഹത്വവും മേന്മകളുള്ളതുമാണെന്ന് വിവരിക്കുന്ന ഗ്രന്ഥമാണിത്. 'പഴുത്തില'. ബേബി മാത്യൂ. ശ്രേഷ്ഠ പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാന്‍സറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ട്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീന്‍ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്യാരറ്റ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കും. ഈ ആന്റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.