*_സായാഹ്ന വാർത്തകൾ_*```2023 | ജൂലൈ 14 | വെള്ളി | 1198 | മിഥുനം 29 | രോഹിണി```

◾രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യം, ചാന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ചാന്ദ്രയാന്‍ 3 നെ വഹിച്ചുള്ള എല്‍വിഎം 3 - എം 4 റോക്കറ്റ് കുതിച്ചുയര്‍ന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങടക്കമുള്ളവരുടെ വന്‍ നിരയാണ് ചാന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം കാണാന്‍ സന്നിഹിതരായത്. 127 -ാമത്തെ സെക്കന്‍ഡില്‍ സോളിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. 305- ാമത്തെ സെക്കന്‍ഡില്‍ ലിക്വിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറങ്ങും.

◾കെ റെയിലിന് ഒരു അതിവേഗ പാത നിര്‍മിക്കുന്നതിനുള്ള പ്രാപ്തിയില്ലെന്നും കെ.വി.തോമസുമായി നടത്തിയ ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. സില്‍വര്‍ലൈനിന് ബദലായുള്ള പദ്ധതിക്ക് നിര്‍ദേശം കൈമാറിയിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. താന്‍ നിര്‍ദേശിക്കുന്ന പദ്ധതിയില്‍ കെ റെയിലുമായി ഒരു സഹകരണത്തിനുമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍

◾ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സില്‍വര്‍ലൈന്‍ ഡിപിആറില്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെ ഒപ്പം നിര്‍ത്തുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. അതേസമയം ശ്രീധരന്റ ബദല്‍ സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോണ്‍ഗ്രസ് ആരോപണം ബാലന്‍ തള്ളി.

◾അതിവേഗ റെയിലില്‍ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ലെന്നും ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിച്ചതിന് പിന്നാലെ പ്രതികരണവുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്. ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും പകുതി ശമ്പളം കൊടുക്കാന്‍ തന്നെ 39 കോടി രൂപ വേണമെന്നും ബാക്കി തുകക്ക്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നും കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

◾തിരുവനന്തപുരം ബാലരാമപുരത്ത് വിഷം കഴിച്ച ഒരു കുടുംബത്തിലെ നാലു പേരില്‍ രണ്ടു പേര്‍ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനിമുക്ക് സ്വദേശി ശിവരാജന്‍ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്.

◾ഇലക്ട്രിസിറ്റി ബില്‍ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കൊച്ചി സ്പോര്‍ട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ചു. കുടിശ്ശികയുടെ ആദ്യഗഡുവായ 13000 രൂപ അടക്കേണ്ട അവസാന തീയതിയായ ഇന്നലെ അടക്കാത്തതോടെയാണ് ഇന്ന് രാവിലെ കെ എസ് ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്.

◾ചിറക്കല്‍ കീരിയാട് സ്വദേശി റിയാസ്, ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, കുത്തേറ്റു മരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ബാറില്‍ ഇന്നലെയായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

◾ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് മരണം.

◾ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചോടിയ വണ്ടൂര്‍ സ്വദേശി ഹരിപ്രസാദ് പിടിയിലായി. ഇന്നലെ വൈകീട്ട് ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ എടുത്തതും ഷൊര്‍ണൂര്‍ - നിലമ്പൂര്‍ ട്രെയിനിലെ യാത്രക്കാരി പ്രസന്നയുടെ മാല പൊട്ടിച്ച് പ്രതി പ്ലാറ്റ്ഫോമിലൂടെ ഓടുകയായിരുന്നു. റെയില്‍വെ സറ്റേഷനിലെ സിസിടിവിയില്‍ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

◾സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് തൃശൂര്‍ ആളൂര്‍ സ്വദേശിനി ഐശ്വര്യ ബാബു (24) മരിച്ചു. അമ്മ ജീന്‍സി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ ജിന്‍സി ബാബു.

◾തൃശ്ശൂര്‍ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരില്‍ കണ്ടെത്തിയത്.

◾തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതും മൂലം സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം കേരളത്തില്‍ അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

◾വെള്ളപ്പൊക്കത്തിനൊപ്പം മഴപ്പേടിയും. ദില്ലിയില്‍ വന്‍ പ്രതിസന്ധി. ആറ് ജില്ലകള്‍ പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഇനിയും ജലനിരപ്പ് ഉയരുകയും പുറമെ ശക്തമായി മഴയും പെയ്താല്‍ ദില്ലി വലിയ പ്രതിസന്ധിയിലാകും. ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

◾കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിയുമായി തമിഴ് നടന്‍ വിജയ്. രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ ആരാധകസംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കം മുഖേന തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കാനാണ് പദ്ധതി. 234 നിയോജക മണ്ഡലങ്ങളിലെയും 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

◾ഫ്രാന്‍സിലെ പരമോന്നത ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിമാണ് മോദി.

◾ഇനി ഫ്രാന്‍സിലും ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ സംവിധാനം ഉപയോഗിച്ച് ഉടന്‍ തന്നെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഐ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയും ഫ്രാന്‍സും ധാരണയിലെത്തിയതായും ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഈഫല്‍ ടവറില്‍ നിന്ന് യുപിഐ ഉപയോഗിച്ച് ഉടന്‍ തന്നെ രൂപയില്‍ പണമിടപാട് നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ പ്രധാന അടിത്തറ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഹ്വാനം ചെയ്ത മോദി ഇന്ത്യയിലെ യുവാക്കള്‍ക്ക് ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ ആവേശമാണെന്നും പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്. ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം.

◾ഓപ്പണ്‍ എഐക്ക് എതിരാളിയായി എക്സ് എഐ. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കാണ് ചാറ്റ് ജിപിടിക്ക് പകരമായി 'എക്സ് എഐ' യുമായി മത്സരത്തിനെത്തിയിരിക്കുന്നത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ' തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. സുരക്ഷിതമായ എഐ നിര്‍മ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

◾ഹോളിവുഡ് സ്തംഭിക്കുന്നു. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ-ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കഴിഞ്ഞ രാത്രി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹോളിവുഡ് സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്. ശമ്പള പരിഷ്‌കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാരംഭിച്ച സമരത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഏകദേശം 1,60,000 കലാകാരന്മാര്‍ ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് സമരം പ്രഖ്യാപിച്ചത്.

◾കേരളാ ബ്ലാസ്റ്റേര്‍സ് താരം സഹല്‍ അബ്ദുള്‍ സമദ് കൊല്‍ക്കത്തന്‍ ക്ലബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിലേക്ക് ചേക്കേറും. രണ്ടര കോടി രൂപയാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സില്‍ പ്രതിഫലം എന്നാണ് വിവരം. അതേസമയം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ പ്രീതം കോടാല്‍ ബ്ലാസ്റ്റേഴ്സിലെത്തുമെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു.

◾ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധനാ സമിതി യുടെ നോട്ടീസ്. ഗുസ്തി താരങ്ങള്‍ നടത്തിവന്ന പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന് ഉത്തേജക വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

◾ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ ഫ്രാന്‍സില്‍ ഉടന്‍ ലഭ്യമാകും. ഫ്രാന്‍സിലെ യു.പി.ഐ ഇടപാടുകള്‍ക്കായി വേഗമേറിയതും സുരക്ഷിതവുമായ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഇതുവഴി ഫ്രാന്‍സിലുള്ള യു.പി.ഐ ഉപയോക്താക്കള്‍ക്കും രൂപയില്‍ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ സാധിക്കും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഐഫല്‍ ടവറില്‍ നിന്ന് യു.പി.ഐ ഉപയോഗിച്ച് രൂപയിലൂടെ പേയ്മെന്റ് നടത്തികൊണ്ട് ഫ്രാന്‍സില്‍ ഈ സംവിധാനം ആരംഭിക്കാനാകുമെന്ന് ദ്വിദിന ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഈ വര്‍ഷം ആദ്യം സിംഗപ്പൂരുമായി യു.പി.ഐ ഇടപാടുകള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 139.2 ലക്ഷം കോടി രൂപയായിരുന്നു. ഇത് മൊത്തം പണരഹിത ഇടപാടുകളുടെ 73 ശതമാനമായിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിന ഇടപാടുകള്‍ 1 ശതകോടി എത്തി മൊത്തം പണരഹിത ഇടപാടുകളുടെ 90 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നതായി പി.ഡബ്ല്യു.സി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

◾ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോഡ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മാത്രം 20,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റിയയച്ചത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ആകെ കയറ്റുമതിയുടെ പകുതിക്ക് തുല്യമാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒന്നാം പാദത്തില്‍ 4,950 കോടി രൂപയുടെ ഐഫോണുകളായിരുന്നു കയറ്റുമതി ചെയ്തത്. അതില്‍ നിന്ന് ഏകദേശം 400 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഐഫോണ്‍ 12, 13, 14 എന്നീ മോഡലുകളുടെ കയറ്റുമതിയിലാണ് വലിയ വര്‍ധനവുണ്ടായത്. ആപ്പിളിന്റെ മൂന്ന് പ്രധാന വിതരണക്കാരായ ''ഫോക്‌സ്‌കോണ്‍ ഹോണ്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍' എന്നീ കമ്പനികള്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 61,000 കോടി രൂപയുടെ കയറ്റുമതി നടത്തുമെന്നായിരുന്നു കരാര്‍. എന്നാല്‍, സര്‍ക്കാരുമായുള്ള ഈ കയറ്റുമതി പ്രതിബദ്ധതയുടെ മൂന്നിലൊന്ന് ആദ്യ പാദത്തില്‍ തന്നെ ആപ്പിളിന്റെ വെണ്ടര്‍മാര്‍ നിറവേറ്റിയിട്ടുണ്ട്, ബാക്കിയുള്ളത് ഇനിയുള്ള മൂന്ന് പാദങ്ങളില്‍ പൂര്‍ത്തിയാക്കിയാല്‍ മതി. 2023 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് നിന്നുള്ള ആകെ 90,000 കോടിയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ മാത്രം സംഭാവന 45 ശതമാനമായിരുന്നു.

◾തീപാറുന്ന ഡാന്‍സുമായി അരങ്ങില്‍ വിസ്മയ തീഗോളം തീര്‍ത്ത് അര്‍ജുന്‍ അശോകനും കൂട്ടരും. ഉടന്‍ റിലീസിനായി ഒരുങ്ങുന്ന 'തീപ്പൊരി ബെന്നി'യുടെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ ആളിപ്പടര്‍ന്നിരിക്കുകയാണ്. അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും റാഫിയും ചേര്‍ന്നുള്ള ഫയര്‍ ഡാന്‍സാണ് ടീസറിലുള്ളത്. രസം പിടിപ്പിക്കുന്ന സംഭാഷണങ്ങളും ഇതിനിടയിലുണ്ട്. ചിത്രത്തില്‍ ബെന്നി എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തുന്നത്. 'മിന്നല്‍ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. വന്‍വിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും' വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് കുടുംബ പശ്ചാത്തലത്തില്‍ 'തീപ്പൊരി ബെന്നി' ഒരുങ്ങുന്നത്.

'◾മലൈകോട്ടൈ വാലിബനി'ലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗം കാണിക്കുമ്പോള്‍ തിയറ്റര്‍ കുലുങ്ങുമെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുവാന്‍ തനിക്ക് അനുവാദമില്ലെന്നും ആദ്യദിനം തിയറ്ററിന് പുറത്ത് നിന്നു ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീനില്‍ തിയറ്റര്‍ കുലുങ്ങുന്നത് കാണാനാണ് താന്‍ ചിത്രം പുറത്തുനിന്നു കാണാമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറാണ് ടിനു. 'മലൈക്കോട്ടൈ വാലിബനി'ല്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിദേശ താരങ്ങളടക്കമുള്ളവര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ.

◾ഫ്രോങ്സിന്റെ സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്സിന്റെ സിഗ്മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സമാന പെട്രോള്‍ വകഭേദത്തേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിന്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 77.5 പിഎസ് കരുത്തും 98.5 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്സും ലഭിക്കും. ഹാര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സില്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയര്‍ലെസ് ചാര്‍ജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.

◾ഒരു കുഗ്രാമത്തിലുള്ള സ്‌കൂളില്‍, പട്ടാപ്പകല്‍ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതല്‍ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്. ഹോം ഒരു ഡസനിലധികം ബെസ്റ്റ് സെല്ലര്‍ നോവലുകള്‍ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ 'ഹോംവര്‍ക്ക്' എന്ന ക്രൈംത്രില്ലര്‍ നോവല്‍ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്. 'ഹോം വര്‍ക്ക്'. രാജീവ് ശിവശങ്കര്‍. മനോരമ ബുക്സ്. വില 290 രൂപ.

◾ജീവിതശൈലിയുമായി ബന്ധപ്പെട്ട പല ഘടകങ്ങള്‍ മൂലം ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. 35നും 54നും ഇടയിലുള്ള പ്രത്യുത്പാദന ഘട്ടത്തിലുള്ള യുവതികളില്‍ ഹൃദ്രോഗസാധ്യത ഉയരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തേതാണ് പുകവലി. പുകവലി നല്ല കൊളസ്ട്രോള്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്റെ തോത് കുറയ്ക്കും. ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് രക്തത്തിന്റെ കട്ടി വര്‍ധിപ്പിച്ച് രക്തധമനികളുടെ ഭിത്തികള്‍ക്ക് കേട് വരുത്തും. പുരുഷന്മാരായ പുകവലിക്കാരെ അപേക്ഷിച്ച് സ്ത്രീകളായ പുകവലിക്കാരില്‍ ഹൃദ്രോഗ സാധ്യത 25 ശതമാനം അധികമാണ്. ഇപ്പോഴത്തെ യുവതികള്‍ക്ക് ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന സമ്മര്‍ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് രക്തക്കുഴലുകളിലെ നീര്‍ക്കെട്ടും ക്ലോട്ടുകളും ഉയര്‍ത്തുകയും ചെയ്യും. ഗര്‍ഭനിയന്ത്രണത്തിനായി കഴിക്കുന്ന ഹോര്‍മോണല്‍ മരുന്നുകളും യുവതികളിലെ ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്നു. ഈ മരുന്നുകള്‍ കഴിക്കും മുന്‍പ് രക്തസമ്മര്‍ദത്തിന്റെ തോത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം, അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്ന പരമ്പരാഗത ഘടകങ്ങളാണ്. പ്രമേഹരോഗികളില്‍ ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതല്‍ നാല് മടങ്ങ് അധികമാണ്. ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും തോതും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്‍ ഹൃദ്രോഗമുള്ളവരുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. നിത്യവുമുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും ഒഴിവാക്കല്‍ എന്നിവയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.12, പൗണ്ട് - 107.62, യൂറോ - 92.09, സ്വിസ് ഫ്രാങ്ക് - 95.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.41, ബഹറിന്‍ ദിനാര്‍ - 217.90, കുവൈത്ത് ദിനാര്‍ -268.21, ഒമാനി റിയാല്‍ - 213.30, സൗദി റിയാല്‍ - 21.89, യു.എ.ഇ ദിര്‍ഹം - 22.36, ഖത്തര്‍ റിയാല്‍ - 22.55, കനേഡിയന്‍ ഡോളര്‍ - 62.59.